ഈ തെരുവുനായ്ക്കള്‍ രാഘവന്റെ സ്വന്തം
തളിപ്പറമ്പ്: താലൂക്ക് ഓഫിസ് വളപ്പില്‍ നിന്നു വന്ധ്യംകരിക്കാനായി കൊണ്ടുപോയ തെരുവുനായ്ക്കളെ തിരിച്ചെത്തിച്ചു. കഴിഞ്ഞ ഒന്നിനാണ് ആറ് തെരുവുനായ്ക്കളെ പാപ്പിനിശേരിയിലെ പ്രത്യേക കേന്ദ്രത്തിലെത്തിച്ച് വന്ധ്യംകരിച്ചത്. തളിപ്പറമ്പ് താലൂക്ക് ഓഫിസ് വളപ്പില്‍ ഒന്‍പത് തെരുവുനായ്ക്കളാണ് സി.പി.ഐ നേതാവ് വേലിക്കാത്ത് രാഘവന്റെ സംരക്ഷണത്തില്‍ കഴിയുന്നത്. വളപ്പില്‍ സൈ്വര്യവിഹാരം നടത്തുന്ന നായ്ക്കള്‍ ആരെയും കുരച്ചുപോലും ഭയപ്പെടുത്താറില്ല. പ്രജനന നിരക്ക് വര്‍ധിച്ചതോടെയാണ് ഇവയെ വന്ധ്യംകരിക്കാന്‍ തീരുമാനിച്ചത്.
ഇന്നലെ രാവിലെ താലൂക്ക് ഓഫിസ് വളപ്പില്‍ എത്തിച്ച നായകള്‍ തങ്ങളുടെ പ്രിയപ്പെട്ട സംരക്ഷകനെ കണ്ടപ്പോള്‍ സ്‌നേഹം പ്രകടിപ്പിക്കാനും മറന്നില്ല. കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് വിരമിച്ച വേലിക്കാത്ത് രാഘവന്‍ പെന്‍ഷന്‍ തുകയുടെ വലിയൊരു ഭാഗം ചെലവഴിക്കുന്നതും തെരുവ് നായ്ക്കളുടെ ഭക്ഷണത്തിനു വേണ്ടിയാണ്. ഭക്ഷണവുമായി രാവിലെ താലൂക്ക് ഓഫിസിലെത്തുന്ന ഇദ്ദേഹത്തിന്റെ കാര്‍ കാണുമ്പോള്‍ തന്നെ ഓടിയെത്തുന്ന തെരുവുനായ്ക്കള്‍ കാഴ്ചക്കാര്‍ക്ക് അത്ഭുതമാണ്.
തളിപ്പറമ്പിലെ ആനിമല്‍ ആന്റ് ബേര്‍ഡ്‌സ് വെല്‍ഫേര്‍ ട്രസ്റ്റ് മൃഗക്ഷേമ സംഘടനയുടെ സേവനവിഭാഗമായ സ്‌നേഹസേനയുടെ ചെയര്‍മാന്‍ കൂടിയാണ് രാഘവന്‍. രണ്ട് നായ്ക്കളെ അടുത്ത ദിവസം തന്നെ വന്ധ്യംകരണ കേന്ദ്രത്തിലെത്തിക്കുമെന്ന് വേലിക്കാത്ത് രാഘവന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."