കൊവിഡ്-19 ശുചിത്വമാണ് പ്രതിരോധം
പ്ലേഗ് വരാന്‍പോകുന്നതിന്റെ സൂചനയായി എലികള്‍ മാളങ്ങളില്‍ നിന്ന് ഭ്രാന്തുപിടിച്ചതുപോലെ പാഞ്ഞുവന്ന് വീടുകളുടെ വാതിലുകളിലും മതിലുകളിലും തട്ടിത്തെറിച്ചു വീണുചാകും. ഇതുകണ്ടയുടന്‍ ആ വീട്ടുകാര്‍ ദൂരേക്കെവിടെയെങ്കിലും ഓടിരക്ഷപ്പെട്ടാല്‍ ജീവന്‍ രക്ഷപ്പെടുത്താം. ഇല്ലെങ്കില്‍ അവര്‍ മാത്രമല്ല ആ ഗ്രാമം മുഴുവന്‍ ചത്തൊടുങ്ങും.'
'പ്ലേഗ് പിടിച്ചു മരിച്ചയാളിന്റെ മൃതദേഹത്തിലോ വസ്ത്രങ്ങളിലോ സ്പര്‍ശിച്ചയാളും ഉടന്‍ മരിക്കും. പത്തും ഇരുപതും അംഗങ്ങളുള്ള വീടുകളില്‍ മൃതദേഹങ്ങള്‍ ചീഞ്ഞുനാറുകയാണ്. പശുക്കളും നായ്ക്കളും പ്ലേഗ് ബാധിച്ച് ചത്തൊടുങ്ങുന്നു.'
1618-19 കാലയളവില്‍ ഇന്ത്യയില്‍ പടര്‍ന്നു പിടിച്ചിരുന്ന മഹാമാരിയുടെ വിവരണമാണിത്. ഇങ്ങനെ പഴയകാലം മുതലേ പതിവുള്ള വിപത്ത് പുതിയ കാലത്തില്‍ പുതിയ രൂപത്തിലും ഭാവത്തിലും താണ്ഡവമാടുമ്പോള്‍ നിസഹായനായി നോക്കി നില്‍ക്കാനേ നമുക്കാവുന്നുള്ളൂ.
ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്ന് പകര്‍ച്ചവ്യാധികള്‍ പടരുന്നതാണെന്ന് മുന്‍ മൈക്രോസോഫ്റ്റ് മേധാവിയായ ബില്‍ഗേറ്റ്‌സ് വര്‍ഷങ്ങളായി പറയുന്നതാണ്. അത്തരമൊരു കൊലയാളി വൈറസിനെ നേരിടാനുള്ള ഒരു മുന്നൊരുക്കവും ലോകം നടത്തിയിട്ടില്ലെന്ന് പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞയാഴ്ച മുതല്‍ കോവിഡ്-19, ഒരു നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന പകര്‍ച്ചരോഗാണുവിന്റെ (ുമവേീഴലി) സ്വഭാവമാര്‍ജിച്ചിരിക്കുകയാണ് എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ഇത്തരത്തിലൊരു മഹാമാരിയുടെ പകര്‍ന്നാട്ടത്തെയാണ് നമ്മള്‍ ഭയന്നിരുന്നതെന്നും അദ്ദേഹം പറഞ്ഞു. കോവിഡ്-19 വൈറസ് 1957ലും 1918ലും താണ്ഡവമാടിയ ഫ്‌ളൂ മഹാമാരിയെ പോലെയാണെന്നാണ് ഗേറ്റ്‌സിന്റെ നിരീക്ഷണം.
കോവിഡ്-19 ഇതുവരെ ഏകദേശം 3,200 ലധികം ആളുകളുടെ മരണത്തിനിടയാക്കിയെന്നും ഒരു ലക്ഷം പേര്‍ രോഗബാധിതരായെന്നുമാണ് കണക്കുകള്‍ പറയുന്നത്. പ്രതിവിധി കണ്ടുപിടിക്കാനാവാതെ ലോകം അന്തിച്ചു നില്‍ക്കുമ്പോള്‍, ഡ്രഗ് വികസിപ്പിച്ചെടുക്കല്‍ സമയവും സമ്പത്തും വലിയ അധ്വാനവും വേണ്ട പ്രക്രിയയാണെന്നിരിക്കെ ഒരു ഔഷധ മൂല്യവുമില്ലെന്ന് തെളിയിക്കപ്പെട്ട ഗോമൂത്രവും ചാണകവും മെഡിസിനായി വിതരണം ചെയ്യാനുള്ള ഒരുക്കത്തിലാണ് പലരുമെന്നത് എത്രമാത്രം പരിഹാസ്യമാണ്.
അല്ലാഹുവിന്റെ അനുഗ്രഹത്തോടെ ഈ പുതിയ കോളറാ കാലവും ലോകം അതിജീവിക്കുകതന്നെ ചെയ്യും. അത് നല്‍കുന്ന പാഠങ്ങള്‍ ലോകം ഉള്‍ക്കൊള്ളും. രോഗ സാധ്യതകള്‍ സൃഷ്ടിക്കുന്ന ജീവജാലങ്ങളില്‍ നിന്ന് അകലം പാലിച്ചും ശുചിത്വത്തിന്റെ സംസ്‌കാരം ഉള്‍കൊണ്ടും ആരോഗ്യപൂര്‍ണമായ ജീവിതസാഹചര്യങ്ങളിലേക്ക് ഉയര്‍ത്തെഴുന്നേല്‍ക്കുകതന്നെ ചെയ്യും.
യു.എ.ഇ അടക്കമുള്ള പല രാജ്യങ്ങളിലെയും മസ്ജിദുകളില്‍ നടക്കുന്ന ജുമുഅഃ ഖുതുബകളില്‍ പ്രമേയമാക്കപ്പെടുന്നത് കോവിഡ് 19 ന്റെ പശ്ചാത്തലത്തിലുള്ള ബോധവല്‍ക്കരണമാണ്. ആരോഗ്യ സംരക്ഷണത്തിനും രോഗ പ്രതിരോധത്തിനും വേണ്ട മുന്‍ കരുതലുകള്‍ എടുക്കാനും സര്‍വവ്യാപിയായ ശുചിത്വം ജീവിത മുഖമുദ്രയാക്കാനും അതിലൂടെ ഊന്നിപ്പറയുന്നുണ്ട്. വസ്ത്രം ശുദ്ധിയാക്കാനും അഴുക്കുകളില്‍ നിന്ന് അകന്നു നില്‍ക്കാനും ആവശ്യപ്പെടുന്ന വിശുദ്ധ ഖുര്‍ആനിലെ അല്‍മുദ്ദസിര്‍ അധ്യായത്തിലെ 4, 5 വചനങ്ങള്‍ വലിയൊരു സംസ്‌കാരത്തെയാണ് മുന്നോട്ടുവയ്ക്കുന്നത്. 'ശുദ്ധവും മ്ലേച്ചവും തുല്യമാവുകയില്ല. ദുഷിച്ചതിന്റെ ആധിക്യം താങ്കളെ അത്ഭുതപ്പെടുത്തിയാലും ശരി' എന്നാണ് അല്‍ മാഇദഃ അധ്യായം സൂക്തം 100 ല്‍ പറയുന്നത്. ശവം, രക്തം, പന്നിയിറച്ചി, അല്ലാഹു അല്ലാത്തതിന്റെ പേരുചൊല്ലിയറുക്കപ്പെട്ടത്, ശ്വാസം മുട്ടി ചത്തത്, തല്ലിക്കൊന്നത്, വീണോ കുത്തേറ്റോ ചത്തത്, വന്യ മൃഗം തിന്നത്, എന്നിവ നിങ്ങള്‍ക്ക് നിഷിദ്ധമാണ്. ജീവന്‍ പോകും മുമ്പ് അറുത്തതൊഴികെ... എന്നിങ്ങനെ പ്രസ്തുത സൂക്തം മൂന്നാം വചനം മാംസാഹാരക്രമത്തിലെ അനാരോഗ്യപ്രവണതകളെ വേര്‍തിരിക്കുന്നു.
കോവിഡ്-19 ഭീതിജന്യമായ സാഹചര്യങ്ങളിലേക്ക് ലോകത്തെ നയിക്കുമ്പോള്‍ ഏറെ കരുതലോടെയാവണം നമ്മുടെ ഇടപെടലുകള്‍. രോഗം വരാതെ സൂക്ഷിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിന് ചെലവഴിക്കുന്ന നാണയത്തുട്ടുകള്‍ ചികിത്സക്ക് ചിലവഴിക്കുന്ന കോടികളേക്കാള്‍ ഉത്തമമാണ്.
ശുചിത്വം പാലിക്കലാണ് മുന്‍കരുതലുകളില്‍ പ്രഥമവും പ്രധാനവും. നിസ്‌കാരത്തിന്റെ മുന്നോടിയായി നിബന്ധനയാക്കിയിട്ടുള്ള 'വുദൂഅ് ' (അംഗസ്‌നാനം ) എന്നത് വ്യക്തിശുദ്ധിക്ക് മതം നല്‍കുന്ന പരിഗണനയാണ് വ്യക്തമാകുന്നത്. അല്ലാഹു പറയുന്നു: 'സത്യവിശ്വാസികളേ, നിസ്‌കാരത്തിന് ഉദ്ദേശിച്ചാല്‍ നിങ്ങള്‍ മുഖങ്ങളും മുട്ടുവരെ കൈകളും കഴുകണം. തല തടവുകയും ഞെരിയാണിവരെ ഇരുകാലുകളും കഴുകുകയും ചെയ്യുക.' (വി. ഖുര്‍ആന്‍ അല്‍ മാഇദ :6) നിസ്‌കാരമാകുന്ന പ്രധാന ആരാധനാ കര്‍മത്തിന് ശാരീരിക വൃത്തിയും ശുദ്ധിയും നിര്‍ബന്ധമാണ്. അതുകൊണ്ടുതന്നെ ദിനേന അഞ്ചുനേരം നിസ്‌കാരം നിര്‍വഹിക്കാന്‍ ഒരുങ്ങുന്നവന്‍ എന്ത് തൊഴിലിലേര്‍പ്പെടുന്നവനാണെങ്കിലും ഇടയ്ക്കിടെ ശുദ്ധീകരണത്തിന് സമയം കണ്ടെത്തുന്നു. ബാഹ്യഅവയവങ്ങളെല്ലാം വൃത്തിയാക്കപ്പെടുന്ന ഈ പ്രക്രിയയില്‍ എല്ലാം മൂന്നുതവണ വീതം കഴുകല്‍ പ്രത്യേകം പ്രതിഫലാര്‍ഹമാണെന്നതിനാല്‍ ശുചീകരണം നല്ല നിലയില്‍ തന്നെ നടക്കുന്നു. അതിനാല്‍ നിസ്‌കാരത്തിലേക്ക് പരിപൂര്‍ണ വെടിപ്പോടെ മുന്നിടുമ്പോള്‍ ആരോഗ്യത്തിന്റെ മുന്‍കരുതലുകളാണ് നിര്‍വഹിക്കപ്പെടുന്നത്. അംഗസ്‌നാനം ചെയ്യാന്‍ പൊതുസ്ഥലങ്ങളെക്കാള്‍ സ്വന്തം താമസസ്ഥലങ്ങള്‍ക്കാണ് പ്രാമുഖ്യം നല്‍കേണ്ടത് എന്ന പ്രവാചകധ്യാപനവും പകര്‍ച്ചവ്യാധികളില്‍ നിന്ന് മുന്‍കരുതലുകള്‍ എന്ന നിലയില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. നബി (സ) പറഞ്ഞു: ഒരാള്‍ സ്വഭവനത്തില്‍ വച്ച് വളരെ നല്ല നിലയില്‍ അംഗസ്‌നാനം ചെയ്ത് നിര്‍ബന്ധ നിസ്‌കാരത്തിനായി പള്ളിയിലേക്ക് നടന്ന് ചെന്നാല്‍ അവന്റെ ചുവടുകള്‍ പാപമോചനത്തിനും പദവികള്‍ ഉയര്‍ത്തപ്പെടുന്നതിനും കാരണമാകുന്നതാണ്. (മുസ്‌ലിം)
ആര്‍ക്കെങ്കിലും പകര്‍ച്ചവ്യാധികള്‍ വല്ലതും ബാധിച്ചാല്‍ പൊതുജനാരോഗ്യവും സാമൂഹിക സുരക്ഷയും പരിഗണിച്ച് ജനസമ്പര്‍ക്കവും ഇടപെടലുകളും വര്‍ജിക്കണം. നബി (സ). പറഞ്ഞു: പകര്‍ച്ചവ്യാധി ഉള്ളവന്‍ ആരോഗ്യമുള്ളവനോട് ഇടപഴകരുത്. (ബുഖാരി, മുസ്‌ലിം) അതിനാല്‍ പകര്‍ച്ച വ്യാധി സ്ഥിരീകരിച്ചവരോ സംശയിക്കപ്പെടുന്നവരോ മസ്ജിദുകള്‍ അടക്കം പൊതുസ്ഥലങ്ങളില്‍ എവിടെയും ഇറങ്ങരുത്. അസ്വാഭാവിക പനിയോ രോഗലക്ഷണങ്ങളോ ഉള്ളവര്‍ ജുമുഅ ജമാഅത്തുകള്‍ക്കായി പള്ളികളില്‍ വരാതെ സുഖപ്പെടുന്നത് വരെ വീടുകളില്‍ വച്ച് തന്നെ നിര്‍വഹിക്കാന്‍ ശ്രദ്ധിക്കണം.
തുമ്മുമ്പോള്‍ പാലിക്കാന്‍ നബി(സ) പഠിപ്പിച്ച നിര്‍ദേശങ്ങള്‍ക്കും അണുബാധയെ പ്രതിരോധിക്കുന്നതില്‍ വലിയ സ്വാധീനമുണ്ട്. തുമ്മുന്ന വേളയില്‍ നബി (സ) കൈകൊണ്ടോ വസ്ത്രം കൊണ്ടോ മുഖം മറച്ചുപിടിക്കുമായിരുന്നു (തിര്‍മുദി). ജനങ്ങള്‍ക്കിടയില്‍ ഇടപഴകുമ്പോള്‍ ഇത്തരം കാര്യങ്ങളില്‍ വരെ സൂക്ഷ്മത പുലര്‍ത്തുന്നത് രോഗവ്യാപനം തടയാന്‍ സഹായകരമാണ്. എന്നല്ല, വ്യക്തിജീവിതത്തില്‍ പാലിക്കാന്‍ ഇസ്‌ലാം നിഷ്‌കര്‍ഷിച്ചിട്ടുള്ള സ്വഭാവഗുണങ്ങള്‍ ഓരോന്നും വൈയക്തിക താല്‍പര്യങ്ങള്‍ക്കപ്പുറം പൊതുജന ആരോഗ്യത്തിനും ഗുണകരമാണെന്നതിനാല്‍ ഇത്തരം സാഹചര്യങ്ങളില്‍ അവ നിര്‍ബന്ധബുദ്ധിയോടെ പാലിക്കേണ്ടതുണ്ട്.
ആരോഗ്യ രംഗത്തെ വിദഗ്ധരും സംഘടനകളും നല്‍കുന്ന നിര്‍ദേശങ്ങളും പാലിക്കേണ്ടതുണ്ട്. അവ പരിപൂര്‍ണമായി ഉള്‍ക്കൊണ്ടെങ്കിലേ പ്രതിരോധ പ്രവര്‍ത്തങ്ങള്‍ക്ക് പ്രതീക്ഷിച്ച വിജയം കിട്ടൂ. അവഗണിക്കപ്പെടുന്ന പക്ഷം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാകും. ജനത്തിരക്കുകളില്‍ നിന്ന് അകലം പാലിക്കുക, രോഗ ബാധിതരുമായി സമ്പര്‍ക്കത്തിലേര്‍പ്പെടാതിരിക്കുക, സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുക. ചുമ, തുമ്മല്‍ പോലുള്ള വേളകളില്‍ വായയും മൂക്കും തൂവാലകൊണ്ട് മറച്ചു പിടിക്കുക, ഹസ്തദാനം, ആലിംഗനം പോലുള്ളവ ഉപേക്ഷിച്ച് അഭിവാദനം വാക്കുകളില്‍ ഒതുക്കുക... തുടങ്ങിയവയെല്ലാം അതിന്റെ ഭാഗമാണ്.
ആരോഗ്യത്തിനു വേണ്ടി പ്രാര്‍ഥിക്കാന്‍ നബി (സ) തങ്ങളുടെ കല്‍പനയുണ്ട്. പ്രവാചക ചര്യയുമാണ്. 'അല്ലാഹുമ്മ ആഫിനീ ഫീ ബദനീ, അല്ലാഹുമ്മ ആഫിനീ ഫീ സംഈ, അല്ലാഹുമ്മ ആഫിനീ ഫീ ബസ്വരീ, ലാ ഇലാഹ ഇല്ലാ അന്‍ത' അല്ലാഹുവേ, എന്റെ ശരീരത്തിനും എന്റെ കാഴ്ചക്കും കേള്‍വിക്കും നീ സൗഖ്യം നല്‍കണേ, നീയല്ലാതെ ഒരു ആരാധ്യനുമില്ല. എന്നത് നബി തങ്ങളുടെ പ്രഭാത പ്രാര്‍ഥനയായിരുന്നു. അല്ലാഹുവിന്റെ വിധിയെ തടുക്കാന്‍ പ്രാര്‍ഥനക്കേ കഴിയൂ. ഇരുകൈകളും ഉയര്‍ത്തി തന്റെ അടിമ തന്നോട് കേണു പ്രാര്‍ഥിച്ചാല്‍ അല്ലാഹു നിരാശരാക്കില്ല. അതിനാല്‍ നമുക്ക് പ്രാര്‍ഥിക്കാം; മനമുരുകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."