വരള്‍ച്ചയില്‍ വയനാട് ചുട്ടുപൊള്ളുമ്പോള്‍ പ്രോത്സാഹനവില വെട്ടിക്കുറച്ച് മില്‍മ കര്‍ഷകരെ കൊള്ളയടിക്കുന്നു: കര്‍ഷക കൂട്ടായ്മ
കല്‍പ്പറ്റ: വരള്‍ച്ചയില്‍ വയനാട് ചുട്ടുപൊള്ളുമ്പോള്‍ പ്രോത്സാഹനവില വെട്ടിക്കുറച്ച് മില്‍മ കര്‍ഷകരെ കൊള്ളയടിക്കുകയാണെന്ന് കര്‍ഷക കൂട്ടായ്മ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കഴിഞ്ഞ വര്‍ഷം പാല്‍വില ലിറ്ററിന് 36 രൂപ ആയിരിക്കെ വേനല്‍ക്കാലത്ത് ലിറ്ററിന് 2.50 രൂപ പ്രോത്സാഹനവില നല്‍കിയിരുന്നു. എന്നാല്‍ നോട്ട് നിരോധനത്തിന്റെ പേര് പറഞ്ഞ് ഈ വര്‍ഷം പ്രോത്സാഹനവില ഒരു രൂപ മാത്രമാണ് നല്‍കുന്നത്.
ഇതിന്റെ കാരണമായി മില്‍മ പറയുന്നത് നോട്ട് നിരോധനത്തെത്തുടര്‍ന്ന് മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ വില്‍പനയില്‍ കുറവുണ്ടായ സാഹചര്യത്തില്‍ പ്രോത്സാഹന വില കുറക്കേണ്ടിവന്നു എന്നാണ്. കേരളത്തില്‍ ആവശ്യത്തിന് പാല്‍ ഉല്‍പാദനം ഇല്ലാത്തതിനാല്‍ അയല്‍ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. കേരളത്തില്‍ പാലിന്റെ ആവശ്യം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് മില്‍മ പ്രോത്സാഹന വില വെട്ടിക്കുറച്ച് കര്‍ഷകരെ പീഡിപ്പിക്കുന്നത്. മലബാറില്‍ മാത്രം മില്‍മ പ്രതിദിനം 4.60 ലക്ഷം ലിറ്റര്‍ പാല്‍ കര്‍ഷകരില്‍ നിന്നും സംഭരിക്കുന്നുണ്ട്.
ഒരു ലിറ്റര്‍ പാല്‍ പ്രോസസ് ചെയ്യുന്നതിന് രണ്ടുരൂപയാണ് പരമാവധി ചെലവ്. പാല്‍വില വര്‍ധിപ്പിച്ചിട്ടും കര്‍ഷകന് ശരാശരി 33 രൂപയാണ് ഒരു ലിറ്റര്‍ പാലിന് ലഭിക്കുന്നത്. പാലിന് 40ഉം 42ഉം രൂപ ഈടാക്കുന്ന മില്‍മ ഒരു ലിറ്റര്‍ പാലില്‍ നിന്ന് നാല് രൂപയിലേറെ ലാഭം ഉണ്ടാക്കുന്നുണ്ട്. അങ്ങിനെ കണക്കാക്കുമ്പോള്‍ ദിവസവും 20 ലക്ഷത്തോളം രൂപ മില്‍മ ലാഭം ഉണ്ടാക്കുന്നുണ്ട്. ഈ ലാഭത്തിന്റെ ന്യായമായ വിഹിതം വറുതിക്കാലത്ത് വിഷമം അനുഭവിക്കുന്ന കര്‍ഷകന് നല്‍കണം. ചെറുപ്പക്കാര്‍ ഉള്‍പ്പടെയുള്ള ധാരാളം ആളുകള്‍ ഇന്ന് ക്ഷീരോല്‍പാദക രംഗത്തേക്ക് കടന്നുവരുന്നുണ്ട്.
മില്‍മയുടെ ചൂഷണം കാരണം പലര്‍ക്കും ഈരംഗത്ത് പിടിച്ചു നിര്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. പാല്‍ വില വര്‍ധിപ്പിക്കുന്നതോടൊപ്പം മില്‍മ കാലിത്തീറ്റയുടെ വിലയും വര്‍ധിപ്പിക്കുകയാണ്. പ്രോത്സാഹനവില വര്‍ധിപ്പിച്ച് നല്‍കിയില്ലെങ്കില്‍ ക്ഷീരകര്‍ഷക കണ്‍വന്‍ഷന്‍ വിളിച്ച് കര്‍മ്മപരിപാടികള്‍ക്ക് രൂപ നല്‍കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത മലബാറില്‍ മികച്ച ക്ഷീരകര്‍ഷകനുള്ള പുരസ്‌കാരം നേടിയ എം.കെ ജോര്‍ജ്, വി.സി ജോണ്‍, വേണു ചെറിയത്ത് എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."