മെഡിക്കല്‍ ഫീസ് നിശ്ചയിക്കുന്നതില്‍ ഹൈക്കോടതിക്ക് ഇടപെടാം
ന്യൂഡല്‍ഹി: മെഡിക്കല്‍ ഫീസ് നിശ്ചയിക്കുന്നതിലെ ഹൈക്കോടതി ഇടപെടല്‍ ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തള്ളി. ഹരജി ഹൈക്കോടതി തന്നെ പരിഗണിക്കട്ടെയെന്ന് ജസ്റ്റിസുമാരായ അരുണ്‍മിശ്ര, ഇന്ദിര ബാനര്‍ജി എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. കേസുമായി ബന്ധപ്പെട്ട അന്തിമവാദം കേള്‍ക്കുമ്പോള്‍ സര്‍ക്കാരിന്റേയും വിദ്യാര്‍ഥികളുടേയും വാദങ്ങള്‍ ഹൈക്കോടതി വിശദമായി പരിഗണിക്കണമെന്ന് സുപ്രിം കോടതി നിര്‍ദേശിച്ചു.
ഫീസ് നിര്‍ണയ സമിതിയുടെ അധികാരം കോടതി കവര്‍ന്നെടുത്തുവെന്നായിരുന്നു സര്‍ക്കാര്‍ വാദം. 2016 മുതല്‍ 2019 വരെയുള്ള ഫീസ് പുനഃനിര്‍ണയിക്കാനായിരുന്നു ഹൈക്കോടതി ശ്രമിച്ചത്. 2016-17, 2017-18, 2018-19 അധ്യയനവര്‍ഷങ്ങളിലേക്ക് ഫീസ് നിര്‍ണയ സമിതി സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലേക്ക് കണക്കാക്കിയ ഫീസ് പുനര്‍നിര്‍ണയിക്കാനാണ് ഹൈക്കോടതി നടപടി ആരംഭിച്ചത്.
ഇതിനായി ഫീസ് നിശ്ചയിക്കുന്നതിനുള്ള രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞ മാസം സ്വകാര്യ മെഡിക്കല്‍ കോളജുകളോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇത് ചോദ്യം ചെയ്താണ് സംസ്ഥാന സര്‍ക്കാരും ചില വിദ്യാര്‍ഥികളും സുപ്രിം കോടതിയെ സമീപിച്ചത്.
11 ലക്ഷം മുതല്‍ 17 ലക്ഷം രൂപ വരെയായിരുന്നു കോളജുകള്‍ ആവശ്യപ്പെട്ട ഫീസ്. നടത്തിപ്പുചെലവ് സംബന്ധിച്ച് കോളജുകള്‍ ഹാജരാക്കിയ രേഖകള്‍ പരിശോധിച്ച് ഫീസ് നിര്‍ണയ സമിതി നാലരലക്ഷം മുതല്‍ അഞ്ചരലക്ഷം വരെ ആയി ഫീസ് നിശ്ചയിച്ചിരുന്നു. സമിതി നിശ്ചയിച്ച ഫീസ് 2019 ല്‍ ഹൈക്കോടതി റദ്ദാക്കിയിരുന്നു. കോളജുകള്‍ സമര്‍പ്പിക്കുന്ന രേഖകള്‍ കൂടി പരിശോധിച്ച ശേഷം വീണ്ടും ഫീസ് നിശ്ചയിക്കണമെന്ന് സമിതിയോട് ഹൈക്കോടതി അവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ മുന്‍ നിശ്ചയിച്ച ഫീസ് സമിതി വീണ്ടും ആവര്‍ത്തിച്ചു. ഇതിന് എതിരെ മാനേജുമെന്റുകള്‍ നല്‍കിയ ഹരജിയില്‍ ആണ് കോടതി തന്നെ ഫീസ് നിര്‍ണയിക്കാന്‍ നടപടി തുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."