സഊദി ഡെപ്യൂട്ടി കിരീടാവകാശി മുഹമ്മദ് സല്മാന് ഒബാമയുമായി കൂടിക്കാഴ്ച നടത്തി
റിയാദ്: സഊദിയിലേക്ക് നിക്ഷേപം ലക്ഷ്യമിട്ടും അന്തര്‍ദേശീയ പ്രശ്ന ചര്‍ച്ചകള്‍ക്കുമായി അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്ന സഊദി ഡെപ്യൂട്ടി കിരീടാവകാശിയും വിഷന്‍ 2030 യുടെ ഉപജ്ഞാതാവുമായ മുഹമ്മദ് ബിന്‍ സല്മാന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുമായി കൂടിക്കാഴ്ച നടത്തി.വൈറ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധവും മറ്റും ചര്‍ച്ചയായി.
ദിവസങ്ങളോളം നീളുന്ന സന്ദര്‍ശനത്തില്‍ മേഖലയിലെ പ്രധാന പ്രശ്നങ്ങളായ സിറിയയിലെ ആഭ്യന്തര യുദ്ധം, ഐ.എസിനെതിരായ സൈനിക നടപടികള്‍, യമനിലെ സംഘര്‍ഷം എന്നിവ മുഖ്യ ചര്‍ച്ചയാകുന്നണ്ട്. കൂടാതെ നിര്‍ണായകമായ നിരവധി കരാറുകള്‍ ഒപ്പുവെക്കും. എണ്ണ യുഗത്തിന് ശേഷം സഊദിയുടെ ഭാവി താറുമാറാകാതിരിക്കാനായി മറ്റു മേഖലയിലേക്കുള്ള വിദേശനിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുകയാണ് യാത്രയുടെ പ്രഥമ ലക്ഷ്യം.
അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുമായുള്ള കൂടിക്കാഴ്ചക്കു പുറമെ കഴിഞ്ഞ ദിവസങ്ങളിലായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി, സി.ഐ.എ തലവന്‍ ജോണ്‍ ബ്രണ്ണന്‍, നാഷണല്‍ ഇന്റലിജന്‍സ് മേധാവി ജെയിംസ് ക്ലാപ്പര്‍ , യു.എസ് വാണിജ്യകാര്യ സെക്രട്ടറി പെന്നി പ്രിസ്കര്‍, പ്രതിരോധ സെക്രട്ടറി ആഷ് ടോണ്‍ കാര്‍ട്ടര്‍, യു.എസ് ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് തോമസ് ഡനോഹ്യൂ എന്നിവരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.ഇതിനകം തന്നെ വിദേശ കമ്പനികള്‍ സഊദിയുമായി ധാരണാ പത്രത്തില്‍ ഒപ്പു വെച്ചിട്ടുണ്ട്.
കൂടാതെ കഴിഞ്ഞ ദിവസം രാത്രി പ്രതിരോധ സെക്രട്ടറി ആഷ് ടോണ്‍ കാര്‍ട്ടറുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ചയായി .സഊദിയിലെയും മിഡില്‍ ഈസ്റ്റിലെയും പ്രധാന വിഷയങ്ങളാണ് ചര്‍ച്ചയായത്.ഇരു രാജ്യങ്ങളുടെ സംയുക്ത ശക്തി മേഖലയില്‍ നിലകൊള്ളേണ്ടത് മേഖലയുടെ സുരക്ഷക്ക് നിദാനമാണെന്നു കാര്‍ട്ടര്‍ വ്യക്തമാക്കിയിരുന്നു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."