ബാഴ്‌സലോണ പാരിസ് കടക്കുമോ?
മാഡ്രിഡ്: യൂറോപ്യന്‍ എലൈറ്റ് പോരാട്ടത്തിന്റെ ക്വാര്‍ട്ടറില്‍ ബാഴ്‌സലോണയ്ക്ക് ഇടമുണ്ടോ എന്നു ഇന്നറിയാം. യുവേഫ ചാംപ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ രണ്ടാം പാദ പോരാട്ടത്തില്‍ ബാഴ്‌സലോണ സ്വന്തം തട്ടകമായ നൗ കാംപില്‍ ഫ്രഞ്ച് ചാംപ്യന്‍മാരായ പാരിസ് സെന്റ് ജെര്‍മെയ്‌നുമായി ഏറ്റുമുട്ടും. ആദ്യ പാദത്തിലെ എവേ പോരാട്ടത്തില്‍ അവരുടെ തട്ടകത്തില്‍ വച്ച് മറുപടിയില്ലാത്ത നാലു ഗോളുകളുടെ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയ മുന്‍ ചാംപ്യന്‍മാര്‍ക്ക് ഇന്നു വിജയത്തില്‍ കുറഞ്ഞതൊന്നും ചിന്തിക്കാനാകില്ല. സ്വന്തം തട്ടകത്തില്‍ കളിക്കുന്നതിന്റെ ആനുകൂല്യം പരമാവധി മുതലെടുത്താല്‍ കറ്റാലന്‍ പടയ്ക്ക് സുരക്ഷിതമായി മുന്നേറാം. പക്ഷേ അഞ്ചു ഗോളുകളുടെ ബാധ്യത തീര്‍ത്തു വേണം അവര്‍ക്ക് ക്വാര്‍ട്ടറിലെത്താന്‍. പി.എസ്.ജി ഒരു ഗോള്‍ തിരിച്ചടിച്ചാല്‍ ബാധ്യതയുടെ എണ്ണം വീണ്ടും കൂടും. ആദ്യ പാദത്തില്‍ പി.എസ്.ജിയോടേറ്റ തോല്‍വിക്കു ശേഷം മികച്ച ഫോമിലേക്ക് മടങ്ങിയെത്താന്‍ ബാഴ്‌സയ്ക്ക് സാധിച്ചിട്ടുണ്ട്. മെസ്സി, സുവാരസ്, നെയ്മര്‍ ത്രയങ്ങളും റാക്കിറ്റിച്ചടക്കമുള്ളവരും മികച്ച ഫോമില്‍ നില്‍ക്കുകയാണ്. ആറു ഗോളുകളടിച്ച് പി.എസ്.ജിയെ വരുതിയിലാക്കുമെന്നു കോച്ച് ലൂയീസ് എന്റിക്വെ പ്രഖ്യാപിച്ചു കഴിഞ്ഞു. എന്തു സംഭവിക്കുമെന്നു കാത്തിരുന്നു കാണാം.
രണ്ടാം മത്സരത്തില്‍ ജര്‍മന്‍ കരുത്തരായ ബൊറൂസിയ ഡോര്‍ട്മുണ്ട് സ്വന്തം തട്ടകത്തില്‍ ബെന്‍ഫിക്കയുമായി ഏറ്റുമുട്ടും. ആദ്യ പാദത്തില്‍ മറുപടിയില്ലാത്ത ഒറ്റ ഗോളിനു തോറ്റെങ്കിലും ഇന്നത്തെ പോരാട്ടത്തില്‍ ബെന്‍ഫിക്കയെ ഗോളടിപ്പിക്കാതിരിക്കുകയും രണ്ടു ഗോളുകള്‍ തിരിച്ചടിക്കുകയും ചെയ്താല്‍ ബൊറൂസിയക്ക് ക്വാര്‍ട്ടറിലേക്കു മുന്നേറാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."