ഹയര്‍ സെക്കന്‍ഡറി പരീക്ഷ: സര്‍ക്കുലര്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാല്‍ നടപടി
നീലേശ്വരം: ഹയര്‍ സെക്കന്‍ഡറി പരീക്ഷയുമായി ബന്ധപ്പെട്ട സര്‍ക്കുലറും മറ്റും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാല്‍ നടപടി. പരീക്ഷാ വിഭാഗം ജോയിന്റ് ഡയറക്ടറാണു ഇതു സംബന്ധിച്ചു സര്‍ക്കുലറിറക്കിയത്.
സ്കൂള്‍ പോര്‍ട്ടലുകളില്‍ നല്കുന്ന പരീക്ഷാ സംബന്ധമായ വിവരങ്ങള്‍ വാട്സ് ആപ്പ് മുതലായ സമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നവര്ക്കെതിരേയാണു നടപടിയുണ്ടാകുക. പരീക്ഷാ സംബന്ധമായി സ്കൂളുകള്‍ക്കു നല്കുന്ന രഹസ്യ സ്വഭാവമുള്ള കത്തിടപാടുകളും സര്‍ക്കുലറുകളും കുറച്ചു ദിവസങ്ങളായി വിവിധ അധ്യാപക സംഘടനകളുടെ ഗ്രൂപ്പുകളില്‍ പ്രചരിച്ചു വരികയാണ്. ചീഫ്, ഡെപ്യൂട്ടി ചീഫ്, ഇന്‍വിജിലേറ്റര്‍മാര്‍ എന്നിവരുടെ പേരു വിവരങ്ങളാണ് ഇത്തരത്തില്‍ പ്രചരിക്കുന്നത്. ഇതു പരീക്ഷയുടെ രഹസ്യ സ്വഭാവത്തെ ബാധിക്കുന്നതിനാലാണു പരീക്ഷാ വിഭാഗം ഇതു സംബന്ധിച്ച് മുന്നറിയിപ്പു നല്‍കിയത്. ഇത്തരത്തില്‍ സ്കൂള്‍ പോര്‍ട്ടലുകളില്‍ നല്കുന്ന പരീക്ഷാ സംബന്ധമായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് ഗുരുതരമായ കൃത്യവിലോപമായിരിക്കുമെന്നും ജോയിന്റ് ഡയറക്ടര്‍ മുന്നറിയിപ്പു നല്കി. ഇത്തരക്കാര്‍ക്കെതിരേ കര്‍ശന അച്ചടക്ക നടപടിയുണ്ടാകുമെന്നും ജോയിന്റ് ഡയറക്ടര്‍ സര്‍ക്കുലറിലൂടെ അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."