കോവിഡ് 19: മൂന്ന് രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് സഊദിയിൽ നിയന്ത്രണം; മസ്ജിദുകളിൽ അണുനശീകരണത്തിനായി നിർദേശം
റിയാദ്: കോവിഡ് 19നെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി യു.എ.ഇ, ബഹ് റൈൻ, കുവൈത്ത് എന്നീ രാജ്യങ്ങളിൽ നിന്നുള്ള കരമാർഗ്ഗമുള്ള പ്രവേശനത്തിന് സഊദി അറേബ്യ നിയന്ത്രണം ഏർപ്പെടുത്തിയതായി എസ്.പി.എ റിപ്പോർട്ട് ചെയ്തു. ഇന്ന് രാത്രി 11.55 മുതൽ പ്രധാന എയർപ്പോർട്ടുകൾ വഴി മാത്രമെ ഈ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് രാജ്യത്ത് പ്രവേശിക്കാനാവൂ. റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ആരോഗ്യ വകുപ്പ് ഇതിനാവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇവിടെ നിന്നും വരുന്ന ട്രക്കുകളെ കർശന പരിശോധനകൾക്ക് ശേഷം മാത്രമെ രാജ്യത്തേക്ക് കടത്തി വിടുകയുള്ളൂ.
ഇതിനിടെ കൈകൾ അണുവിമുക്തമാക്കുന്നതിന് രാജ്യത്തെ മസ്ജിദുകളിൽ അണുനശീകരണികൾ ലഭ്യമാക്കാൻ നിർദ്ദേശം നൽകിയതായി ഇസ്ലാമിക കാര്യ മന്ത്രി ഡോ.അബ്ദുലത്തിഫ് ആലുശൈഖ് വ്യക്തമാക്കി. മന്ത്രാലയത്തിന് കീഴിലെ വലുതും ചെറുതുമായ മസ്ജിദുകളുടെ ശുചീകരണ, മെയിന്റനൻസ് കരാൻ കമ്പനികൾക്ക് ഇതിന്റെ നിർദ്ദേശങ്ങൾ കൈമാറാൻ വിവിധ പ്രവിശ്യകളിലെ മന്ത്രാലയ മേധാവികളോട് മന്ത്രി ആവശ്യപ്പെട്ടു. മസ്ജിദിലെ കാർപ്പെറ്റുകൾ പതിവായി അണു വിമുക്തമാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."