കോവിഡ് 19: പുതിയ വിസക്കും റീ എൻട്രിയിൽ നാട്ടിലേക്ക് പോയി രണ്ടാഴ്ചയിലധികം തങ്ങിയവർക്കും പി.സി.ആർ സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് സഊദി
റിയാദ്: കോവിഡ് 19 കൊറോണ പശ്ചാത്തലത്തിൽ സഊദിയിലേക്ക് വരുന്ന വിദേശികൾക്ക് ആരോഗ്യ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. വൈറസ് ബാധ കണ്ടെത്തിയ രാജ്യങ്ങളിൽ നിന്ന് സഊദിയിലേക്കും പുതിയ വിസക്കും റീ എൻട്രിയിൽ നാട്ടിലേക്ക് പോയി രണ്ടാഴ്ചയിലധികം തങ്ങിയവർക്കും പി.സി.ആർ സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് സഊദി ആരോഗ്യ മന്ത്രാലയമാണ് പ്രസ്താവനായിറക്കിയത്. സഊദി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ കൊറോണ ബാധിത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുള്ളതിനാൽ ഇന്ത്യയിൽ നിന്നും വരുന്നവർക്കും സർട്ടിഫിക്കറ്റ് നിര്ബന്ധമാണ്. യാത്രയുടെ 24 മണിക്കൂർ മുമ്പ് സഊദി കോൺസുലേറ്റിന്റെ അംഗീകാരമുള്ള ആരോഗ്യകേന്ദ്രങ്ങളിൽനിന്ന് എടുത്ത സർട്ടിഫിക്കളുമായി മാത്രമേ വിമാനത്താവളങ്ങളിൽ നിന്നും നിന്നും പ്രവേശനം അനുവദിക്കൂ. ഇത്തരം സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് യാത്രക്കാർക്ക് ബോർഡിംഗ് പാസുകൾ നൽകേണ്ട ഉത്തരവാദിത്വം അതാത് എയർലൈനുകൾക്കായിരിക്കുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ഇന്നു രാത്രി 11.55 മുതൽ എയർപോർട്ടികളിലൂടെ മാത്രമായിരിക്കും ഈ രാജ്യങ്ങളിൽനിന്നു വരുന്നവർക്ക് പ്രവേശനം. റിയാദിലെ കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ട്, ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ട്, ദമാമിലെ കിംഗ് ഫഹദ് ഇന്റർനാഷണൽ എയർപോർട്ട് എന്നീ മൂന്ന് എയർപോർട്ടുകൾ വഴിയാണ് പ്രവേശനം അനുവദിക്കുക. എയർപോർട്ടുകളിൽ ആരോഗ്യ വകുപ്പ് പ്രവർത്തകർ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കും.
അതേസമയം, യു.എ.ഇ, കുവൈത്ത്, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിൽനിന്ന് സഊദിയിലേക്ക് കരമാർഗമുള്ള പ്രവേശനം നിർത്തലാക്കിയിട്ടുണ്ട്. കോവിഡ് 19 വ്യാപനത്തിനെതിരായ മുൻകരുതലിന്റെ ഭാഗമായാണ് നടപടി. യാത്രക്കാരെ തടയുമെങ്കിലും ട്രക്കുകളെ കടത്തിവിടും. മൂന്ന് ഗൾഫ് അയൽരാജ്യങ്ങളിൽനിന്നു വരുന്ന ട്രക്കുകളെ കർശന പരിശോധനക്കു ശേഷമേ കടത്തിവിടുവെന്ന് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് ഔദ്യോഗിക വാർത്താ ഏജൻസി എസ്.പി.എ റിപ്പോർട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."