അഖിലേഷ് തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് മുലായത്തിന്റെ രണ്ടാം ഭാര്യ
ലഖ്നോ:ദീര്‍ഘനാളത്തെ മൗനം വെടിഞ്ഞ് മുലായം സിങ് യാദവിന്റെ രണ്ടാം ഭാര്യ സാധനാ യാദവ് മുഖ്യമന്ത്രി അഖിലേഷ് യാദവിനെതിരേ രൂക്ഷമായ ആരോപണവുമായി രംഗത്ത്. ഇതോടെ ഏറെ നാളായി നിശബ്ദമായിരുന്ന യാദവ കുടുംബത്തിലെ കലഹം വീണ്ടും സ്ഫോടനാത്മകമായ അവസ്ഥയിലേക്ക് മാറിയിരിക്കുകയാണ്.
അഖിലേഷ് യാദവ് തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണെന്ന് ആരോപിച്ചാണ് അവര്‍ വിമര്‍ശനം ഉന്നയിച്ചത്. മുലായത്തിന്റെ സഹോദരന് ശിവ്പാല്‍ യാദവിന്റെ ഭാഗത്ത് ഒരു തരത്തിലുള്ള തെറ്റുമില്ലെന്നും അവര്‍ തുറന്നടിച്ചു.
ശിവ്പാല്‍ യാദവിനെതിരേ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചാണ് അഖിലേഷ് സമാജ് വാദി പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തിയിരുന്നത്. ശിവ്പാല്‍ തുടര്‍ന്ന് പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് നിന്ന് പിതാവും പാര്‍ട്ടി സ്ഥാപകനുമായ മുലായത്തിനെ നീക്കി അഖിലേഷിനെ പ്രസിഡന്റായി അവരോധിക്കപ്പെടുകയും ചെയ്തു.
പാര്‍ട്ടി പിളര്‍പ്പിന്റെ വക്കോളമെത്തി നില്‍ക്കെയായിരുന്നു തെരഞ്ഞെടുപ്പ് വന്നത്. ഇതോടെ ഏറെക്കുറെ അവസാനിച്ച കലാപം വീണ്ടും മുളപൊട്ടിയിരിക്കുകയാണ്.
മുലായവുമായി അഖിലേഷ് ഒത്തുപോകില്ലെന്നാണ് താന്‍ വിശ്വസിക്കുന്നത്. പിതാവിനെ സ്നേഹിക്കുന്ന ഒരു മകന് ചെയ്യാന്‍ കഴിയുന്നതാണോ അദ്ദേഹം ചെയ്യുന്നതെന്ന് തനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. അഖിലേഷ് ചിലരുടെ നേതൃത്വത്തില്‍ വഴിപിഴച്ച രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും സാധന യാദവ് ആരോപിച്ചു.
അതേസമയം അഖിലേഷ് തന്നെയായിരിക്കും മുഖ്യമന്ത്രിയാവുകയെന്ന കാര്യത്തില്‍ സംശയമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പില്‍ ബി.ജെ.പി യുടെ അവകാശവാദം ഫലിക്കില്ലെന്നും സമാജ് വാദി പാര്‍ട്ടി തന്നെ വന്‍ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും അവര്‍ മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."