അനധികൃത മാലിന്യനിക്ഷേപം: നടപടി സ്വീകരിക്കാന്‍ ആറ്റിങ്ങല്‍ നഗരസഭാ നിര്‍ദേശം
ആറ്റിങ്ങല്‍: നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാത്രി കാലങ്ങളില്‍ അനധികൃത മാലിന്യ നിക്ഷേപം നടത്തുന്നത് ശ്രദ്ധയില്‍ പെട്ടതിന്റെ അടിസ്ഥാനത്തില്‍ രാത്രികാല ഹെല്‍ത്ത് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ ആറ്റിങ്ങല്‍ നഗരസഭ നിര്‍ദേശം നല്‍കി. തട്ട് കടകളുടെയും മറ്റ് വ്യാപാര സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനവും ഭക്ഷണ ഗുണ നിലവാരവും പരിശോധിക്കാനും സെപ്റ്റിക് മാലിന്യം റോഡരികില്‍ ഒഴുക്കി വിടുന്നതിനെതിരേയും നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ ഉപയോഗം തടയുന്നതിനും വേണ്ട ഇടപെടല്‍ നടത്താനും രാത്രികാല ഹെല്‍ത്ത് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം ആരംഭിക്കാനും നിര്‍ദേശം നല്‍കി. ആഴ്ചയില്‍ ഒരുതവണ ഹെല്‍ത്ത് സൂപ്പര്‍ വൈസറുടെ നേതൃത്വത്തില്‍ ഒരു ഹെല്‍ത്ത് ഇന്‍സ്‌പെക്ടറേയും ഒരു ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറേയും ടീമായി ക്രമീകരിച്ച് പരിശോധന നടത്തുന്നതിനും അനധികൃത മാലിന്യ നിക്ഷേപമോ നിയമ ലംഘനമോ കണ്ടെത്തിയാല്‍ സംഭവം കാമറയില്‍ പകര്‍ത്തി മഹസര്‍ തയാറാക്കി നിയമ നടപടികള്‍ സ്വീകരിക്കും. അത്തരത്തില്‍ നിയമ ലംഘനം നടത്തുന്ന വാഹനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അവ പിടിച്ചെടുത്ത് എഫ്‌ഐ ആര്‍ തയാറാക്കി എസ്എച്ച്ഒയ്ക്ക് കൈമാറണം.
പരിശോധന വിവരങ്ങളും രേഖാമൂലം തയാറാക്കി നഗരസഭാ ചെയര്‍മാനും സെക്രട്ടറിക്കും തൊട്ടടുത്ത ദിവസം തന്നെ ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ സമര്‍പ്പിക്കണം. ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ അധിക ജോലി ചെയ്തതിനുള്ള കോമ്പന്‍സേറ്ററി ഓഫ് അനുവദിക്കും. കൃത്യ നിര്‍വഹണത്തിലെ വീഴ്ച ഗൗരവമായി വിലയിരുത്തി വകുപ്പ് നടപടികള്‍ക്കായി നഗരകാര്യ ഡയറക്ടറെ അറിയിക്കുമെന്നും ഫെബ്രുവരി ഒന്ന് മുതല്‍ ആരംഭിക്കുന്ന ഈ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ നഗരവാസികളുടെയും സഹകരണം ഉണ്ടാകണമെന്നും ചെയര്‍മാന്‍ പ്രദീപ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."