എ ഗ്രൂപ്പ് 'രഹസ്യയോഗ'ത്തിന് പ്രധാന നേതാക്കളെത്തിയില്ല; ഗ്രൂപ്പ് പിളര്‍പ്പിലേക്ക്
കൊല്ലം: കൊല്ലത്ത് ചേര്‍ന്ന കോണ്‍ഗ്രസ് എ ഗ്രൂപ്പ് രഹസ്യയോഗത്തില്‍ നിന്ന് പ്രമുഖ നേതാക്കള്‍ വിട്ടുനിന്നതോടെ ഗ്രൂപ്പിലെ പിളര്‍പ്പ് പൂര്‍ണമായി. ഗ്രൂപ്പിന്റെ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളും കെ.പി.സി.സി വൈസ് പ്രസിഡന്റുമാരുമായ എം.എം ഹസന്‍, ഭാരതീപുരം ശശി, ജനറല്‍സെക്രട്ടറി പി.സി വിഷ്ണുനാഥ് എന്നിവരുടെ സാന്നിധ്യത്തില്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി അന്‍സാര്‍ അസീസിന്റെ കൊല്ലം പള്ളിമുക്കിലെ വീട്ടിലായിരുന്നു യോഗം. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയും ഡി.സി.സി മുന്‍ പ്രസിഡന്റുമായ കൊടിക്കുന്നില്‍ സുരേഷ് എം.പി, ഡി.സി.സി വൈസ് പ്രസിഡന്റും കൊല്ലം നിയമസഭാ സീറ്റിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായിരുന്ന സൂരജ് രവി എന്നിവര്‍ക്കു യോഗത്തിലേക്ക് ക്ഷണമില്ലായിരുന്നു. ഇതിനെ തുടര്‍ന്നാണ് എ ഗ്രൂപ്പുകാരായ സുധീര അനുകൂലികള്‍ യോഗം ബഹിഷ്‌ക്കരിച്ചത്.
എ ഗ്രൂപ്പുകാരായ 27 ഡി.സി.സി ഭാരവാഹികളില്‍ 12 പേരും അഞ്ചു ബ്ലോക്കു പ്രസിഡന്റുമാരും യോഗത്തില്‍ നിന്നും വിട്ടുനിന്നത് ഗ്രൂപ്പ് നേതൃത്വത്തിന് തിരിച്ചടിയായി. ഇതോടെ ജില്ലയില്‍ എ ഗ്രൂപ്പിലെ പിളര്‍പ്പും യാഥാര്‍ഥ്യമായിരിക്കുകയാണ്. എ ഗ്രൂപ്പിന്റെ ജില്ലയിലെ പ്രധാന നേതാക്കളിലൊരാളായിരുന്നു കൊടിക്കുന്നില്‍ സുരേഷ്. ഗ്രൂപ്പിന്റെ പ്രമുഖനേതാക്കളായ ജി പ്രതാപവര്‍മ്മതമ്പാന്‍, വി സത്യശീലന്‍, എ ഷാനവാസ്ഖാന്‍, പ്രൊഫ. മേരിദാസന്‍ എന്നിവര്‍ യോഗത്തിനെത്തിയിരുന്നു. എ ഗ്രൂപ്പിലുണ്ടായ പിളര്‍പ്പ് ഫലത്തില്‍ ജില്ലയിലെ സുധീര അനുകൂലികള്‍ക്ക് ശക്തി പകരുന്നതായി.
കൂടാതെ എ വിഭാഗത്തിന്റെ അധീനതയിലുണ്ടായിരുന്ന യൂത്തുകോണ്‍ഗ്രസ്, ദലിത് കോണ്‍ഗ്രസ്, കര്‍ഷക കോണ്‍ഗ്രസ് എന്നിവയുടെ ജില്ലാ അധ്യക്ഷന്‍മാരും കൊല്ലം കോര്‍പ്പറേഷന്‍ പ്രതിപക്ഷനേതാവ് ജോര്‍ജ്ജ് ഡി കാട്ടിലും വിട്ടുനിന്നത് എ ഗ്രൂപ്പിന് ക്ഷീണമായി. സുരജ് രവി, ജോര്‍ജ്ജ് ഡി കാട്ടില്‍, സഞ്ജു ബുഖാരി, സുഭാഷ് പുളിക്കന്‍, ഹരികുമാര്‍, പാത്തല രാഘവന്‍, പെരുങ്കുളം സജിത്, കെ.ജി രവി, ബ്രിജേഷ് എബ്രഹാം, ഇല്ല്യാസ് റാവുത്തര്‍, ജി രാജന്‍, രാജേന്ദ്രപ്രസാദ്, ബാബു മാത്യു, ആന്റണി ജോസ് എന്നിവരാണ് യോഗത്തില്‍ നിന്നും വിട്ടുനിന്ന ഡി.സി.സി ഭാരവാഹികള്‍. കുന്നിക്കോട് ഷാജഹാന്‍, ഒ രാജന്‍, നെല്‍സണ്‍ സെബാസ്റ്റിയന്‍, ആര്‍ രാജ്‌മോഹന്‍ തുടങ്ങിയ അഞ്ചു ബ്ലോക്കുപ്രസിഡന്റുമാരാണ് യോഗം ബഹിഷ്‌ക്കരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."