കേരളത്തില്‍ വീണ്ടും കൊറോണ; പത്തനംതിട്ടയില്‍ 5 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. പത്തനംതിട്ടയില്‍ അഞ്ചു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യമന്ത്രി കെ.കെ ശൈലജയാണ് വാര്‍ത്താസമ്മേളത്തില്‍ ഇക്കാര്യം അറിയിച്ചത്.
ഇറ്റലിയില്‍ നിന്ന് എത്തിയ മൂന്നുപേരുള്‍പ്പെടെ അഞ്ചു പേരിലാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. രണ്ടു പേര് ഇവരുടെ ബന്ധുക്കളാണ്. ഇവര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഫെബ്രുവരി 29 നാണ് 55 കാരനും ഭാര്യയും മകനും ഇറ്റലിയില്‍ നിന്നും എത്തിയത്. എന്നാല്‍ ഇവര്‍ എയര്‍പോര്‍ട്ടില്‍ ആരോഗ്യ പരിശോധനയ്ക്ക് വിധേയരാവുകയോ ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്ന നിബന്ധനയോ പാലിച്ചിരുന്നില്ല.
ഇയാളുടെ മൂത്ത സഹോദരന് പനി വന്നതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് കൊറോണബാധയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടും ആശുപത്രിയിലേക്ക് മാറാന്‍ അവര്‍ തയ്യാറായില്ല. നിര്‍ബന്ധിച്ചാണ് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു.
ഖത്തര്‍ എയര്‍വേയ്സ് വിമാനങ്ങളിലാണ് ഇവര്‍ കൊച്ചിയിലെത്തിയത്. ഖത്തര്‍ എയര്‍വേയ്സിന്റെ ക്യു.ആര് 126, ക്യു.ആര് 514 വിമാനങ്ങളിലാണ് ഇവര്‍ കൊച്ചിയില്‍ എത്തിയത്. ഫെബ്രുവരി 29നാണ് ഇവര്‍ വെനീസില്‍ നിന്ന് ദോഹയിലെത്തിയത്. പിന്നീട് ദോഹയില്‍ നിന്ന് കൊച്ചിയിലേക്കും യാത്ര ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."