സ്വാതന്ത്ര്യം ഏറ്റവും കുറഞ്ഞ രാജ്യമെന്ന 'റെക്കോര്‍ഡി'ലേക്ക് ഇന്ത്യ
ന്യൂഡല്‍ഹി: ലോക സ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം വീണ്ടും താഴോട്ട്. രാജ്യാന്തര ഏജന്‍സിയായ ഫ്രീഡം ഹൗസിന്റെ ലോക സ്വാതന്ത്ര്യ സൂചികയിലാണ് ജനാധിപത്യ രാജ്യങ്ങളില്‍ സ്വാതന്ത്ര്യം കുറഞ്ഞവയുടെ പട്ടികയില്‍ ഇന്ത്യ ഇടംപിടിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ഫ്രീഡം ഹൗസ് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്നുണ്ട്.
ഫ്രീഡം ഇന്‍ ദി വേള്‍ഡ് 2020 കാറ്റഗറി പ്രകാരം 85 ജനാധിപത്യ രാജ്യങ്ങളുടെ പട്ടികയില്‍ സ്വാതന്ത്ര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം 83 ആണ്. ഇന്ത്യക്ക് പിറകില്‍ നില്‍ക്കുന്നത് തിമൂറും തുനീഷ്യയും മാത്രം. ഇന്ത്യ ഇപ്പോള്‍ പോരാടുന്നത് ഹെയ്തി, നൈജീരിയ, സുഡാന്‍, ഹോങ്കോങ്, ഉക്രൈന്‍ എന്നീ രാജ്യങ്ങളോടാണ്. ഈ പട്ടികയില്‍ 2017ല്‍ 77 പോയിന്റ് കരസ്ഥമാക്കിയ ഇന്ത്യ 2019ല്‍ 75ലേക്കും 2020 ആയപ്പോള്‍ 71ലേക്കും കൂപ്പുകുത്തി.
ജനാധിപത്യ രാജ്യങ്ങളെയും അവിടെ നടക്കുന്ന സംഭവങ്ങളെയും സൂക്ഷ്മമായി നിരീക്ഷിക്കുന്ന അമേരിക്ക ആസ്ഥാനമായുള്ള സംഘടനയാണ് ഫ്രീഡം ഹൗസ്. എതിര്‍പ്പുകളെ അടിച്ചമര്‍ത്തുന്നതും ഒരു വിഭാഗത്തെ മാത്രം ബാധിക്കുന്ന രീതിയില്‍ നിലപാടുകള്‍ സ്വീകരിക്കുന്നതും ജനാധിപത്യവിരുദ്ധമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
2019ല്‍ ഈ രാജ്യങ്ങള്‍ സ്വീകരിച്ച ജനാധിപത്യവിരുദ്ധ നടപടികളും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നരേന്ദ്ര മോദി ഇന്ത്യയില്‍ നടപ്പിലാക്കുന്ന അജന്‍ഡകള്‍ ജനാധിപത്യത്തിന് ഭീഷണിയാണെന്നും ഇന്ത്യന്‍ ജനാധിപത്യം അപകടത്തിലാണന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
കശ്മിരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെയും അസമില്‍ എന്‍.ആര്‍.സി നടപ്പിലാക്കിയതിനേയും പൗരത്വ നിയമ ഭേദഗതിയേയും രൂക്ഷമായ വിമര്‍ശിക്കുന്ന റിപ്പോര്‍ട്ട് മോദി ഒരു വിഭാഗത്തെ മാത്രം ലക്ഷ്യംവച്ച് പ്രവര്‍ത്തിക്കുന്നുവെന്നും പറയുന്നുണ്ട്. ഇതാണ് ഇന്ത്യ പിന്നിലാകാന്‍ കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."