നിരോധിത പുകയില ഉല്പന്നങ്ങളുമായി രണ്ടുപേര്‍ പിടിയില്‍
പയ്യന്നൂര്‍: ലോറിയില്‍നിന്ന് ഓട്ടോയിലേക്ക് മാറ്റി കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ച വന്‍ നിരോധിത പുകയില ഉല്പന്നങ്ങള് നാട്ടുകാരുടെ സഹായത്തോടെ പൊലിസ് പിടികൂടി. ചൊവ്വാഴ്ച രാവിലെ ആറരമണിയോടെ കരിവെള്ളൂര്‍ പാലത്തര ദേശീയപാതയിലായിരുന്നു സംഭവം. മാര്‍ക്കറ്റില്‍ ഒന്നര ലക്ഷം രൂപയോളം വില വരുന്ന ആയിരത്തോളം പേക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങളാണ് പിടികൂടിയത്. എട്ട് ചാക്കുകളിലായി പുകയില ഉല്പന്നങ്ങള് നിറച്ച നിലയിലായിരുന്നു.
സംഭവത്തില്‍ നീലേശ്വരം പള്ളിക്കരയിലെ കെ. പ്രകാശ് ഭട്ട് (50), ഓട്ടോ ഡ്രൈവര്‍ തിരുമേനി പ്രപ്പൊയിലിലെ പരവേലില്‍ മേപ്പുറത്ത് അജേഷ് (36) എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തു. ഓട്ടോറിക്ഷ പൊലിസ് കസ്റ്റഡിയിലെടുത്തു. മംഗളൂരുവില്‍നിന്നും പച്ചക്കറികള്‍ കൊണ്ടുവന്ന ലോറിയില്‍നിന്ന് പുകയില ഉല്പന്നങ്ങള് ചാക്കില്‍ നിറച്ച് ഓട്ടോയിലേക്ക് മാറ്റുന്നതിനിടെയാണ് പ്രദേശവാസികള്‍ പൊലിസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് പയ്യന്നൂര്‍ പ്രിന്‍സിപ്പല്‍ എസ്.ഐ കെ.പി ഷൈന്‍, എസ്.ഐ നിജീഷ് അടങ്ങിയ സംഘം സ്ഥലത്തെത്തുകയും വലിയ പ്ലാസ്റ്റിക് ചാക്കുകളിലായി നിറച്ച നിരോധിത പുകയില ഉല്പന്നങ്ങള് പിടിച്ചെടുക്കുകയായിരുന്നു. പയ്യന്നൂര്‍, മാതമംഗലം ഭാഗങ്ങളില്‍ വില്പനക്കായി കൊണ്ടുവന്നതാണ് പുകയില ഉല്പന്നങ്ങളെന്ന് പിടിയിലായവര്‍ പൊലിസിന് മൊഴി നല്കി. ചില ദിവസങ്ങളില്‍ ലോറിയില്‍ നിന്നും പുകയില ഉല്പന്നങ്ങള് ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."