ജില്ലയില്‍ റോഡപകടങ്ങള്‍ എവിടെ നടന്നാലും ഉടന്‍ ആംബുലന്‍സ് എത്തും ഇനി എയ്ഞ്ചല്‍സ് പറന്നെത്തും
മലപ്പുറം: റോഡ് അപകടങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍, മറ്റ് അത്യാഹിതങ്ങള്‍ തുടങ്ങിയവ സംഭവിക്കുന്ന സന്ദര്‍ഭങ്ങളില്‍ എല്ലായിടത്തും ആംബുലന്‍സുകളുടെ സേവനം ലഭ്യമാക്കുന്ന എയ്ഞ്ചല്‍സ് ആംബുലന്‍സ് സംവിധാനം ജില്ലയിലൊന്നാകെ വ്യാപിപ്പിക്കുന്നതിന്റെ മുന്നോടിയായി ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണകൂടങ്ങളുടെ അധ്യക്ഷന്മാരുടെയും അംഗങ്ങളുടെയും യോഗം വിളിച്ചു ചേര്‍ക്കും.
ഇതിന്റെ ആദ്യപടിയായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരുടെയും മുനിസിപ്പല്‍ ചെയര്‍മാന്‍മാരുടെയും ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെയും യോഗം ജില്ലാ പഞ്ചായത്തില്‍ നടന്നു. വരും ദിവസങ്ങളില്‍ ബ്ലോക്ക് പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചു ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, മുനിസിപ്പല്‍ ഭാരവാഹികള്‍, പൊലിസ്, റവന്യൂ, മോട്ടോര്‍ വാഹനം, ആരോഗ്യം തുടങ്ങിയ വകുപ്പുകളിലെ താലൂക്ക് ബ്ലോക്ക് തല ഉദ്യോഗസ്ഥന്‍മാര്‍ തുടങ്ങിയവരുടെ യോഗം നടക്കും. തുടര്‍ന്നു പഞ്ചായത്ത് - മുനിസിപ്പല്‍ തലങ്ങളില്‍ ഗ്രാമപഞ്ചായത്തംഗങ്ങള്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥന്‍മാര്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, സ്വകാര്യ ആശുപത്രി ഉടമകള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ യോഗവും നടക്കും.
ഈ യോഗങ്ങളില്‍ വെച്ച് എയ്ഞ്ചല്‍സിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ബ്ലോക്ക്-മുനിസിപ്പല്‍-പഞ്ചായത്ത് തല സമിതികള്‍ രൂപീകരിക്കും. ഗവണ്‍മെന്റ് നിര്‍ദേശിച്ചതു പ്രകാരമുള്ള റോഡ് സേഫ്റ്റി കൗണ്‍സിലുകളും രൂപീകരിക്കും. അപകട സ്ഥലങ്ങളില്‍ അടിയന്തിര രക്ഷാ പ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കുവാന്‍ താല്‍പര്യമുള്ള സന്നദ്ധ പ്രവര്‍ത്തകരെ പരിശീലിപ്പിച്ച് എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും സുരക്ഷാ സേനയും രൂപീകരിക്കും.
ജില്ലാ പഞ്ചായത്തില്‍ നടന്ന യോഗത്തില്‍ വൈസ് പ്രസിഡണ്ട് സക്കീന പുല്‍പ്പാടന്‍ അധ്യക്ഷനാകും. പ്രസിഡണ്ട് എ.പി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഉമ്മര്‍ അറക്കല്‍, കെ.പി ഹാജറുമ്മ ടീച്ചര്‍, വി.സുധാകരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഡോ. ശ്രീബിജു, ഡോ:അബൂബക്കര്‍ തയ്യില്‍, ഡോ: യാസിര്‍, അസി. കമ്മിഷണര്‍ കെ.അബ്ദുല്‍ റഷീദ്, രവി, നൗഷാദ് എന്നിവര്‍ ക്ലാസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."