എന്‍.പി.ആറില്‍ ആശങ്കയുണ്ടെന്ന് തെലങ്കാന മുഖ്യമന്ത്രി
ഹൈദരാബാദ്: ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നടപ്പാക്കുന്നതില്‍ ആശങ്ക അറിയിച്ച് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. തനിക്ക് ജനന സര്‍ട്ടിഫിക്കറ്റില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം താനെങ്ങനെ പിതാവിന്റെ രേഖകള്‍ ഹാജരാക്കുമെന്നും ചോദിച്ചു. എന്‍.പി.ആറിലെ പുതിയ രീതികളെക്കുറിച്ച് നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'എനിക്കും ആശങ്കയുണ്ട്. ചെറിയ ഗ്രാമത്തിലെ വീട്ടിലാണ് ഞാന്‍ ജനിച്ചത്. അവിടെ ആശുപത്രികളൊന്നുമുണ്ടായിരുന്നില്ല. കുട്ടി ജനിച്ചാല്‍ ഗ്രാമമുഖ്യന്‍ ഒരു 'ജന്മ നാമ' രേഖപ്പെടുത്തും. അതിന് ഔദ്യോഗിക അംഗീകാരങ്ങളൊന്നുമില്ല'-അദ്ദേഹം പറഞ്ഞു. താന്‍ ജനിക്കുമ്പോള്‍ തന്റെ കുടുംബത്തിന് 580 ഏക്കര്‍ ഭൂമിയും ഒരു കെട്ടിടവും ഉണ്ടായിരുന്നു. അങ്ങനെയുള്ള തനിക്കുപോലും ജനന സര്‍ട്ടിഫിക്കറ്റ് കൈവശമില്ലാതിരിക്കെ, സംസ്ഥാനത്തെ ദലിതര്‍ക്കും ആദിവാസികള്‍ക്കും ദരിദ്രര്‍ക്കും എങ്ങനെ രേഖകള്‍ തെളിയിക്കാന്‍ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.
മതം, ജാതി, വിഭാഗം എന്നിവയൊന്നും കണക്കിലെടുക്കാതെ എല്ലാ പൗരന്മാരെയും തുല്യമായി പരിഗണിക്കാമെന്ന് വാഗ്ദാനം ചെയ്യുന്ന ഇന്ത്യന്‍ ഭരണഘടനയുടെ ചട്ടത്തിന് വിരുദ്ധമാണ് പൗരത്വ ഭേദഗതി നിയമം. ഒരു പ്രത്യേക മതത്തിലെ ആളുകളെ അകറ്റിനിര്‍ത്തുന്ന നിയമം ഒരു പരിഷ്‌കൃത സമൂഹവും അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."