തകര്‍ന്ന ഓടയില്‍ തെങ്ങിന് തൈ നട്ടു പ്രതിഷേധം
കാസര്‍കോട്: നഗരത്തിലെ പലയിടത്തും ഓവുചാലുകളുടെ സ്ലാബുകള്‍ തകര്‍ന്നു. പഴയ പ്രസ് ക്ലബ് ജങ്ഷന് ഓടകള്‍ തകര്‍ന്ന ഭാഗത്ത് ഇന്നലെ പരിസരവാസികള്‍ തെങ്ങിന് തൈ നട്ട് പ്രതിഷേധിച്ചു. പുതിയ ബസ് സ്റ്റാന്‍ഡ് ഭാഗത്ത് നിന്നു പഴയ ബസ് സ്റ്റാന്‍ഡ് ഭാഗത്തേക്കുള്ള ഓവുചാലുകളുടെ സ്ലാബുകള്‍ പരക്കേ തകര്‍ന്നു തുടങ്ങി. പുതിയ ബസ് സ്റ്റാന്‍ഡ് ഭാഗത്ത് നിന്നു പഴയ ബസ് സ്റ്റാന്‍ഡ് വരേയുള്ള സ്ഥലത്ത് റോഡരികിലെ ഓവുചാലുകള്‍ക്കു മുകളിലെ സ്ലാബുകള്‍ പലയിടത്തായി തകര്‍ന്നിരിക്കുകയാണ്. പഴയ ബസ് സ്റ്റാന്‍ഡ് എസ്.ബി.ഐയുടെ മുന്‍വശത്ത് കഴിഞ്ഞ ദിവസം സ്ലാബും ഓവുചാലും തകര്‍ന്നു.
സ്ലാബ് തകര്‍ന്നിട്ടും അതു നേരെയാക്കുന്നതിന് അധികൃതര്‍ ഒരു നടപടിയും എടുത്തിട്ടില്ല. തകര്‍ന്ന സ്ലാബിനും ഓവുചാലിനും ചുറ്റും ഇപ്പോള്‍ കരിങ്കല്ല് നിരത്തിയിരിക്കുകയാണ്. അപായ സൂചനകള്‍ നല്കുന്ന രീതിയില്‍ ഒരു മുന്നറിയിപ്പു സംവിധാനവും ഇവിടെ ഒരുക്കിയിട്ടില്ല. കാല്‍നടയാത്രക്കാരാണ് ഇതിനെ തുടര്‍ന്നു വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.
നഗരത്തിലെ പ്രധാന സ്ഥലങ്ങളിലെ അപകടകരമായ സ്ലാബുകള്‍ പോലും നീക്കം ചെയ്ത് പുതിയതു സ്ഥാപിക്കാത്ത അധികൃതരുടെ നടപടിയില്‍ പ്രതിഷേധം ശക്തമാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."