അന്തിക്കാട് കോള്‍പടവിലെ മുഞ്ഞബാധ നിയന്ത്രണ വിധേയമായില്ല
അന്തിക്കാട്: നെല്‍ച്ചെടികളിലെ കാന്‍സറെന്ന് വിശേഷിപ്പിക്കാവുന്ന മുഞ്ഞബാധ അന്തിക്കാട് കോള്‍പടവിലെ വള്ളൂര്‍ പാടശേഖരത്തില്‍ കണ്ടെത്തിയതോടെ കര്‍ഷകരുടെ ആശങ്ക വര്‍ദ്ധിക്കുന്നു. പ്രാരംഭ ഘട്ടത്തില്‍ കണ്ടെത്തിയതിനാല്‍ നിയന്ത്രണ വിധേയമാക്കാന്‍ കഴിയുമെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നുണ്ടെങ്കിലും മുഞ്ഞബാധ പടര്‍ന്നു പിടിക്കുന്ന ഭീതിയിലാണ് കര്‍ഷകര്‍.
കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ച പ്രതിരോധ കീടനാശിനികള്‍ തളിച്ചെങ്കിലും മുഞ്ഞബാധ നിയന്ത്രണ വിധേയമായിട്ടില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു. തവിട്ടു നിറത്തിലുള്ള ചെറിയ പ്രാണികള്‍ നെല്ലിന്റെ കട ഭാഗത്ത് കൂട്ടം കൂടിയിരുന്ന് ചെടിയില്‍ നിന്ന് നീരൂറ്റി കുടിക്കുന്നതു മൂലം ചെടികള്‍ മഞ്ഞളിക്കുകയും ക്രമേണ കരിഞ്ഞു പോവുകയും ചെയ്യും. അക്രമണം രൂക്ഷമാകുമ്പോള്‍ നെല്‍പ്പാടം മുഴുവനും കരിഞ്ഞുണങ്ങും. ഇതാണ് കര്‍ഷകരെ ആശങ്കയിലാക്കുന്നത്.
നെല്‍ച്ചെടികള്‍ കരിഞ്ഞുണങ്ങിയാല്‍ പിന്നെയൊന്നും ചെയ്യാനില്ലെന്നും കര്‍ഷകര്‍ പറയുന്നു. മുഞ്ഞ ബാധയെ തടയാന്‍ പ്രതിരോധ ശേഷിയുള്ള വിത്തിനങ്ങളായ ഉമ, കാര്‍ത്തിക, മകം, രേവതി, പ്രത്യാശ, ആതിര, ഐശ്വര്യ, പവിഴം, രമ്യ, കനകം, പൊന്മണി എന്നിവ കൃഷിയിറക്കണമെന്നാണ് കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ രണ്ടായിരം ഏക്കര്‍ വരുന്ന അന്തിക്കാട് പടവില്‍ കൃഷിയിറക്കിയിട്ടുള്ളത് ജ്യോതി വിത്താണെന്നതും കര്‍ഷകരെ ദുരിതത്തിലാക്കുന്നുണ്ട്. പാടശേഖരത്തില്‍ ഓരേസമയത്ത് കൃഷിയിറക്കുക, നടുമ്പോള്‍ മൂന്ന് മീറ്റര്‍ ഇടവിട്ട് ഒരടി അകലത്തില്‍ ഇടച്ചാലിട്ടു കൊടുക്കുക, വിളക്ക് കണി വയ്ക്കുക, അമിതമായ നൈട്രജന്‍ വളപ്രയോഗം ഒഴിവാക്കുക എന്നീ നിര്‍ദേശങ്ങളും മുഞ്ഞബാധയെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങളായി കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നുണ്ട്.
മുഞ്ഞ ബാധ കണ്ടെത്തിയാല്‍ കര്‍ഷകര്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കണമെന്നും ഇല്ലെങ്കില്‍ പടര്‍ന്നുപിടിച്ച് കൃഷി മുഴുവന്‍ കരിഞ്ഞുണങ്ങി നശിക്കുമെന്നും പടവിലെ പാരമ്പര്യ കര്‍ഷകര്‍ പറഞ്ഞു.
വിതകഴിഞ്ഞ് 90 ദിവസം പ്രായമായ നെല്‍ച്ചെടികളിലാണ് മുഞ്ഞബാധ കണ്ടെത്തിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."