ഏഴുപതിറ്റാണ്ടിന്റെ അക്ഷരവെളിച്ചവുമായി ചെട്ടിയാര്‍ കുടുംബം
മധുര: തമിഴ്‌നാടിന്റെ ഹൃദയനഗരമായ മധുരയില്‍ അച്ചടിമാധ്യമങ്ങളിലൂടെ അക്ഷരവെളിച്ചം വിതറി 71 വര്‍ഷം പിന്നിടുന്ന കെ.ഗോവിന്ദരാജന്‍ ചെട്ടിയാര്‍ക്കിപ്പോഴും പതിനാറിന്റെ ചുറുചുറുക്ക്. മധുരനഗരത്തില്‍ ഗോവിന്ദരാജന്‍ ചെട്ടിയാര്‍ അറിയാതെ തമിഴ്, ഹിന്ദി, ഉറുദു, മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ ഒരു പ്രസിദ്ധീകരണവും വായനക്കാരിലെത്തില്ല. ദിനപത്രം, വാരിക, മാസിക തുടങ്ങി എല്ലാ പ്രസിദ്ധീകരണങ്ങളും വായനക്കാരിലെത്തുന്നത് ചെട്ടിയാരുടെ കൈകളിലൂടെയാണ്. മധുര സൗത്ത് പെരുമാള്‍കോവില്‍ സ്ട്രീറ്റിലെ ഓഫിസിലിരുന്ന് ഓരോ പ്രസിദ്ധീകരണങ്ങളുടേയും വില്‍പ്പനയും കണക്ക് ഇടപാടുകളും നിയന്ത്രിക്കുന്നത് ഗോവിന്ദരാജന്‍ ചെട്ടിയാരാണ്. 1948ല്‍ ഗോവിന്ദരാജന്‍ ചെട്ടിയാരുടെ പിതാവ് കുപ്പുസ്വാമി ചെട്ടിയാരാണ് പ്രസിദ്ധീകരണങ്ങളുടെ മൊത്തവിതരണം മധുരയില്‍ ആദ്യമായി തുടങ്ങിയത്.
പിന്നീട് ഗോവിന്ദരാജന്‍ ചെട്ടിയാര്‍ സ്ഥാപനത്തിന്റെ നടത്തിപ്പ് ഏറ്റെടുക്കുകയായിരുന്നു. തമിഴ്‌നാട്ടിലെ പ്രമുഖ പ്രസിദ്ധീകരണങ്ങളുടേയെല്ലാം വില്‍പ്പന ചെട്ടിയാരിലൂടെ മാത്രമേ നടക്കൂ. തമിഴ്‌നാട്ടിലെ ഓരോ കാലത്തേയും മുഖ്യമന്ത്രിമാര്‍ നേതൃത്വം കൊടുത്തിരുന്ന പ്രസിദ്ധീകരണങ്ങളെല്ലാം ജനകീയമാക്കിയത് ചെട്ടിയാരുടെ ശ്രമഫലമാണെന്ന് മധുരക്കാര്‍ ഓര്‍ക്കുന്നു. അതുകൊണ്ടുതന്നെ തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിമാരായ എം.ജി.ആര്‍, കരുണാനിധി തുടങ്ങിയവര്‍ മധുരയിലെത്തുമ്പോള്‍ ഗോവിന്ദരാജന്‍ ചെട്ടിയാരുടെ വസതിയിലെത്തി സൗഹൃദം പുതുക്കിയാണ് മടങ്ങിയിരുന്നത്. ഗോവിന്ദരാജന്‍ ചെട്ടിയാര്‍ക്ക് പ്രായാധിക്യത്തിന്റെ അവശതകള്‍ പ്രയാസമുണ്ടാക്കിത്തുടങ്ങിയതോടെ മൂന്നാംതലമുറക്കാരനായി അദ്ദേഹത്തിന്റെ മകന്‍ തിരുപ്പതി സ്ഥാപനത്തിന്റെ നേതൃത്വമേറ്റെടുത്ത് രംഗത്ത് വന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."