റീസര്‍വേ ജോലികള്‍ പുനരാരംഭിക്കാനുള്ള നടപടി; കൂട്ടസ്ഥലംമാറ്റ ഉത്തരവ് 20 വരെ നീട്ടി
മലപ്പുറം: റീസര്‍വേ ജോലികള്‍ പുനരാരംഭിക്കാനെന്ന പേരില്‍ സര്‍ക്കാര്‍ പുറത്തിറക്കിയ ജീവനക്കാരുടെ കൂട്ടസ്ഥലംമാറ്റ ഉത്തരവ് താല്‍ക്കാലികമായി മരവിപ്പിച്ചു. കാസര്‍കോട് ജില്ലയിലെ റീസര്‍വേ ജോലികള്‍ പൂര്‍ത്തിയാക്കാനെന്ന പേരില്‍ വിവിധ ജില്ലകളില്‍ ജോലിനോക്കുന്ന 430 സര്‍വേയര്‍മാര്‍, ഡ്രാഫ്റ്റ്‌സ്മാന്മാര്‍ എന്നിവരെ കാസര്‍കോട് ജില്ലയിലെ പത്ത് വില്ലേജുകളിലേക്കു സ്ഥലംമാറ്റി സര്‍വേ വകുപ്പ് ഉത്തരവിട്ടിരുന്നു. നിലവില്‍ ജോലിചെയ്യുന്ന സ്ഥലങ്ങളില്‍നിന്ന് പിരിഞ്ഞ് മാര്‍ച്ച് എട്ടിനകം ജോലിയില്‍ പ്രവേശിക്കാനാണ് നിര്‍ദേശം. അതുപ്രകാരം ഇന്നാണ് ജോലിയില്‍ പ്രവേശിക്കേണ്ട അവസാന ദിവസം.
ജീവനക്കാര്‍ക്ക് വേണ്ടത്ര സമയം അനുവദിക്കാതെയുള്ള കൂട്ടസ്ഥലംമാറ്റം സംബന്ധിച്ച് കഴിഞ്ഞ ദിവസം 'സുപ്രഭാതം' വാര്‍ത്ത നല്‍കിയിരുന്നു. സ്ഥലംമാറ്റം ലഭിച്ച ജീവനക്കാരും വിവിധ സംഘടനകളും ഇത് ചര്‍ച്ചയാക്കിയതോടെയാണ് റവന്യുവകുപ്പ് മന്ത്രി ഇടപെട്ട് തിയതി നീട്ടിയത്. കാസര്‍കോട് ജില്ലയില്‍ റിസര്‍വേ ജോലിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ഈമാസം 20നു രാവിലെ ജോലിയില്‍ പ്രവേശിച്ചാല്‍ മതിയെന്ന് സര്‍വേ ഡയറക്ടര്‍ ഇന്നലെ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
ഈ കാലയളവിനുള്ളില്‍ ജീവനക്കാര്‍ നിശ്ചയിക്കപ്പെട്ട ഓഫിസില്‍ ജോലിയില്‍ പ്രവേശിച്ചില്ലെങ്കില്‍ വിടുതല്‍ റദ്ദ് ചെയ്ത് തിരികെ ജോലിയില്‍ പ്രവേശിക്കണമെന്നാണു നിര്‍ദേശം. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷ എഴുതുന്ന കുട്ടികളുടെ രക്ഷിതാക്കളായ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ പരീക്ഷ അവസാനിക്കുംവരെ പുതിയ സ്ഥലത്തേക്കു മാറേണ്ടതില്ലെന്നാണു നിര്‍ദേശം. ഇവര്‍ ഈമാസം 30നുള്ളില്‍ ജോലിയില്‍ പ്രവേശിച്ചാല്‍മതി. ഇതു സംബന്ധിച്ചു മേലധികാരികള്‍ നടപടി സ്വീകരിച്ച് സംസ്ഥാന കാര്യാലയത്തില്‍ വിവരമറിയിക്കണമെന്നു മേഖലാ ജോയിന്റ് ഡയറക്ടര്‍മാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ എന്നിവര്‍ക്ക് സര്‍വേ ഡയറക്ടര്‍ നിര്‍ദേശം നല്‍കി.
കാസര്‍കോട് ജില്ലയിലെ വിവിധ താലൂക്കുകള്‍ക്കുപുറമേ കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, മലപ്പുറം, തൃശൂര്‍, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലെ 430 ഉദ്യോഗസ്ഥര്‍ക്കാണ് സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചത്. 267 സര്‍വേയര്‍മാര്‍, 88 ഡ്രാഫ്റ്റ്‌സ്മാന്‍, 49 എച്ച്.എസ്(ഹെഡ് സര്‍വേയര്‍), 16 എച്ച്.ഡി(ഹെഡ് ഡ്രാഫ്റ്റ്‌സ്‌മെന്‍), 10 സൂപ്രണ്ടുമാര്‍ എന്നിവരെയാണ് കാസര്‍കോട് ജില്ലയിലേക്ക് സ്ഥലംമാറ്റിയത്. 12 ജില്ലകളിലെ റീസര്‍വേ പ്രവര്‍ത്തനങ്ങളും മറ്റ് സര്‍വേ നടപടികളും നിര്‍ത്തിവച്ച് ജീവനക്കാരെ കൂട്ടത്തോടെ കാസര്‍കോട്ടേക്ക് മാറ്റിയ നടപടി പൂര്‍ണമായി മരവിപ്പിക്കാനും ആലോചനയുണ്ട്. വകുപ്പ് ഡയറക്ടര്‍ ഡല്‍ഹിയിലായതിനാല്‍ സര്‍വേയും ഭൂരേഖയും സംബന്ധിച്ചു തീരുമാനമെടുത്തിട്ടില്ല. 20നകം ഇതു സംബന്ധിച്ച് കൂടുതല്‍ വ്യക്തതയുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."