ചളിയംകോട് സംസ്ഥാന പാതയോരത്ത് ഭിത്തി നിര്‍മാണം പുരോഗമിക്കുന്നു
ഉദുമ: മണ്ണിടിച്ചിലിനെ തുടര്‍ന്ന് അപകട ഭീഷണി നേരിടുന്ന ചളിയംകോട് സംസ്ഥാന പാതയോരത്ത് ഭിത്തി നിര്‍മാണം സജീവമായി. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഇതു വഴിയുള്ള വാഹനങ്ങളെ ദേളി വഴി തിരിച്ചു വിട്ടിരുന്നു. യുദ്ധ കാലാടിസ്ഥാനത്തില്‍ പാര്‍ശ്വ ഭിത്തി നിര്‍മാണം പൂര്‍ത്തിയാക്കണമെന്നും നിര്‍മാണ പ്രവൃത്തികള്‍ക്കു കൂടുതല്‍ തൊഴിലാളികളെ നിയോഗിക്കണമെന്നും കഴിഞ്ഞ ദിവസം ജില്ലാ കലക്ടര്‍ ഇ ദേവദാസന് നിര്‍ദേശം നല്കിയിച്ചിരുന്നു. കഴിഞ്ഞ മഴക്കാലത്തു തുടങ്ങിയ കോണ്‍ക്രിറ്റ് ഭിത്തി നിര്‍മാണം ഇതു വരെ പൂര്‍ത്തിയാക്കിയിരുന്നില്ല. നേരത്തെ കമ്പികള്‍ സ്ഥാപിച്ച സ്ഥലത്താണു കട്ടിയുള്ള കോണ്‍ക്രീറ്റ് ചുമര് നിര്‍മിക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നത്. മഴ അല്പം മാറി നിന്നതാണ് നവീകരണ പ്രവൃത്തികള്‍ പുരോഗമിക്കാന്‍ കാരണം. നേരത്തെ പാതയോരത്ത് ആഴത്തില്‍ കുഴിയെടുത്താണ് കോണ്‍ക്രീറ്റ് മതില് സ്ഥാപിച്ചത്.
ആധുനിക യന്ത്ര സംവിധാനങ്ങളും സൗകര്യങ്ങളുമുപയോഗിച്ച് പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിനു പകരം കെ.എസ്.ടി.പി ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് കൂടുതല്‍ പണിയെടുപ്പിക്കുകയാണ് ചെയ്യുന്നത്.
അതേസമയം, കാസര്‍കോട് കാഞ്ഞങ്ങാട് സംസ്ഥാന തീരദേശ പാതയില്‍ അപകടം കുറയ്ക്കാന്‍ ജില്ലാ ഭരണകൂടം നടപടി തുടങ്ങി. പാത അപകട രഹിതമാക്കുന്നതിനെ കുറിച്ച് കെ കുഞ്ഞിരാമന് എം.എല്‍.എയുടെ സാന്നിദ്ധ്യത്തില്‍ നാട്ടുകാര്‍ ഇന്നലെയും കലക്ടറുമായി കൂടിക്കാഴ്ച നടത്തി. കെ.എസ്.ടി.പി പ്രൊജക്ടില്‍ ഉള്‍പ്പെടുത്തി പുനര്‍ നിര്‍മിച്ച റോഡിലാണ് തുടര്‍ച്ചയായി അപകടങ്ങളുണ്ടാകുന്നതെന്ന് അധികൃതര്‍ നിരീക്ഷിച്ചിരുന്നു. ഇതനുസരിച്ച് നിര്‍മാണം പൂര്‍ത്തിയായ ചിത്താരി പാലം വരെയുള്ള പ്രദേശങ്ങളില്‍ വേഗനിയന്ത്രണ സംവിധാനങ്ങളും ദിശസൂചക ഫലകങ്ങളും സ്ഥാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."