രത്‌നത്തിളക്കം
#ജാവിദ് അഷ്‌റഫ്
വളരെയേറെ കാലംമുതല്‍ക്കേ തിളക്കമുള്ള ഈ കല്ലുകള്‍ മനുഷ്യനെ ആകര്‍ഷിച്ചിരുന്നു. അവ കഴുത്തിലോ കൈയിലോ അണിഞ്ഞ് നടക്കുന്നതും വസ്ത്രത്തിലോ ആയുധത്തിലോ ഘടിപ്പിക്കുന്ന പതിവും ഉണ്ടായിരുന്നു. രാജാക്കന്മാര്‍ ഉടവാളിലും കിരീടത്തിലും രത്‌നങ്ങള്‍ പിടിപ്പിച്ചിരുന്നു. തത്വചിന്തകനായ പ്ലേറ്റോ രത്‌നങ്ങള്‍ക്ക് ജീവനുണ്ടെന്ന് വിശ്വസിച്ചിരുന്നു. രത്‌നങ്ങള്‍ രോഗം ഭേദമാക്കുമെന്നും പ്രകൃതി ക്ഷോഭത്തെ പോലും തടയുമെന്നും പലരും വിശ്വസിച്ചു. അവ യുദ്ധ വിജയം കൊണ്ടുവരുമെന്നും സമ്പല്‍സമൃദ്ധി കൈവരുത്തുമെന്നും പലരും പറഞ്ഞുവച്ചു. തിളക്കമേറിയ ഈ കല്ലുകള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിക്കുകയും അവയുടെ ലഭ്യത കുറഞ്ഞു വരികയും ചെയ്തതോടെ ലോകത്താകെ രത്‌നങ്ങളുടെ വില കൂടി. ഇന്ന് ഒറിജിനല്‍ രത്‌നങ്ങളേക്കാള്‍ വിറ്റു പോകുന്നത് കൃത്രിമ രത്‌നങ്ങളാണ്.
രത്‌നങ്ങളുടെ റാണി
രത്‌നങ്ങളുടെ റാണി എന്ന പേരില്‍ അറിയപ്പെടുന്നത് വജ്രമാണ്. ഇന്ത്യയിലാണ് വജ്രത്തിന്റെ ഉത്ഭവം എന്ന് കരുതപ്പെടുന്നു. വജ്രം ഏറ്റവും കാഠിന്യമേറിയ പദാര്‍ഥങ്ങളിലൊന്നാണ്. അനശ്വരമായത് എന്നര്‍ഥം വരുന്ന ഗ്രീക്കിലെ അഡാമസില്‍നിന്നുമാണ് ഡയമണ്ട് എന്ന വാക്കിന്റെ ഉല്‍പത്തി. ശുദ്ധമായ വജ്രം കൊണ്ട് കണ്ണാടിയില്‍ വരച്ചാല്‍ പോറല്‍ വീഴും. ഏറ്റവും മികച്ച വജ്രത്തിന്റെ ഗ്രേഡിംഗ് എഫ് എ എന്നും ഏറ്റവും മോശം വജ്രത്തിന്റെ ഗ്രേഡിംഗ് ഐ എന്നും നല്‍കി വരുന്നു.
തിളങ്ങുന്ന രത്‌നം
രത്‌നങ്ങളുടെ തിളക്കത്തിനു കാരണമെന്താണെന്ന് അറിയാമോ. രത്‌നങ്ങളില്‍ പ്രകാശരശ്മി പതിച്ചാല്‍ അവ നേര്‍ പാതയില്‍ കൂടി കടന്നു പോകാറില്ല. പകരം അവ രത്‌നങ്ങളുടെ ഉള്‍ഭാഗത്തേക്ക് വളഞ്ഞ് വിസരണത്തിന് വിധേയമാകുന്നു. ഇതാണ് രത്‌നങ്ങളുടെ തിളക്കത്തിന് കാരണം.
മുത്തും മുത്തുച്ചിപ്പിയും
മുത്തുണ്ടാകുന്നത് മുത്തുച്ചിപ്പിയുടെ പുറം തോടിലാണ്. മുത്തുച്ചിപ്പിയുടെ ഉള്ളില്‍ മണല്‍തരിയോ മറ്റ് അന്യവസ്തുക്കളോ കടന്നാല്‍ അവ മുത്തുച്ചിപ്പിയുടെ ശരീരത്തില്‍ നന്നായി ചേര്‍ന്നു നില്‍ക്കും. ആ വസ്തു മൂലം ചിപ്പിക്ക് കേട് വരാതിരിക്കാനായി അവയുടെ ശരീരം ഒരു പദാര്‍ഥം പുറപ്പെടുവിക്കും. നാക്കര്‍ എന്നാണ് ആ പദാര്‍ഥത്തിന്റെ പേര്.നാക്കര്‍ പൊതിയുന്നതോടെയാണ് മണല്‍ തരി മുത്തായി മാറുന്നത്. ഇന്ന് മുത്തുച്ചിപ്പികളെ ഉപയോഗിച്ച് ധാരാളം മുത്തുകള്‍ വ്യാവസായിക അടിസ്ഥാനത്തില്‍ നിര്‍മിക്കുന്നുണ്ട്. ജപ്പാന്‍ വ്യവസായിയായ കോക്കിച്ചി മികി മോട്ടായാണ് ഈ വിദ്യ ആദ്യമായി പരീക്ഷിച്ചത്. തോബാ എന്ന ദ്വീപിലായിരുന്നു അദ്ദേഹത്തിന്റെ പരീക്ഷണം.
കരിക്കട്ടയും
വജ്രവും
കരിക്കട്ടയും വജ്രവും ഒരമ്മയുടെ രണ്ടു മക്കളാണെന്നു പറയാം. ഒരാളെ നാം കുപ്പത്തൊട്ടിയില്‍ നിക്ഷേപിക്കുന്നു. മറ്റൊരാളെ ഏറ്റവും ഭദ്രമായി സൂക്ഷിക്കുന്നു. കാര്‍ബണ്‍ ആണ് രണ്ടു വസ്തുക്കളിലും മുഖ്യമായും അടങ്ങിയിരിക്കുന്ന വസ്തു. ഗ്രാഫൈറ്റും വജ്രവും തമ്മിലുള്ള ബന്ധം ആദ്യമായി ലോകത്തെ അറിയിച്ചത് ആന്റോണ്‍ ലാവോസിയയാണ്. ഇവര്‍ ബന്ധുക്കളാണെങ്കിലും സ്വഭാവത്തിലും ഘടനയിലും വ്യത്യാസമുണ്ട്. വജ്രം കാഠിന്യമുള്ളവയും ഗ്രാഫൈറ്റ് മൃദുലവുമാണ്. ഗ്രാഫൈറ്റ് വൈദ്യുതിയെ കടത്തി വിടുന്നവയാണ്. എന്നാല്‍ വജ്രം വൈദ്യുതിയെ കടത്തി വിടുന്നില്ല. ഭൂമിക്കടിയിലെ കഠിനമായ താപവും മര്‍ദ്ദവുമേറ്റ കാര്‍ബണ്‍ തന്മാത്രകളാണ് കൂടുതലായും വജ്രമാകുന്നത്. ഭൂമിയിലെത്തുന്ന ഉല്‍ക്കാപതനവും വജ്ര നിര്‍മാണത്തിന് കാരണമാകുന്നു.
ജെം കട്ടര്‍
രത്‌നത്തിന് അതിന്റെ സ്വാഭാവിക ഭംഗി ലഭിക്കുന്നത് കട്ടിംഗ്, പോളിഷിങ്, കാര്‍വിങ് എന്നീ പ്രക്രിയയിലൂടെയാണ്. രത്‌നം കട്ട് ചെയ്യുന്ന രീതിയാണ് കട്ടിംഗ്. രത്‌നങ്ങള്‍ മുറിക്കുന്നയാളെ ജെം കട്ടര്‍ എന്നാണ് വിളിക്കുക. വളരേയേറെ സൂക്ഷ്മത ആവശ്യമുള്ള ജോലിയാണിത്. ചെറിയൊരു പിഴവ് മതി ഒരു രത്‌നത്തെ പാടേ നശിപ്പിക്കാന്‍. ഒരു രത്‌നത്തിന് കൃത്യമായ തിളക്കം കൈവരിക്കാനാകുന്നത് കട്ടിംഗിലൂടെയാണ്. രത്‌നത്തെ ഉരച്ച് മിനുസപ്പെടുത്തുന്ന രീതിയാണ് പോളിഷിംഗ്. രത്‌നത്തില്‍ നടത്തുന്ന കൊത്തുപണിയാണ് കാര്‍വിങ്. ഇന്ത്യയില്‍ ജെം കട്ടിംഗിന് കേള്‍വി കേട്ടയിടങ്ങളാണ് ജയ്പ്പൂര്‍, കാബേ എന്നിവ. ഇപ്പോള്‍ കേരളത്തിലും ജെം കട്ടിംഗ് സുലഭമാണ്.
കോഹിനൂര്‍
കോഹ് ഇ നൂര്‍ (പ്രകാശത്തിന്റെ കൊടുമുടി) എന്നാണ് ഈ രത്‌നത്തിന്റെ പേരിന്റെ അര്‍ഥം. നമ്മുടെ രാജ്യത്തിന്റെ അഭിമാനമായ രത്‌നമാണ് കോഹിനൂര്‍. പക്ഷെ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ രത്‌നം ഇന്ന് നമ്മുടെ രാജ്യത്തില്ല. അവ ബ്രിട്ടീഷ് രാജ്ഞിയുടെ കൈവശമാണുള്ളത്. ഡല്‍ഹി സുല്‍ത്താനായ അലാവുദ്ദീന്‍ ഖില്‍ജി, ബാബര്‍ എന്നിവരുടെ കൈവശമുണ്ടായിരുന്ന കോഹിനൂര്‍ ഡല്‍ഹി ഭരണാധികാരിയായ മുഹമ്മദ്ഷായില്‍നിന്ന് ഒരു ചതിയിലൂടെ പേര്‍ഷ്യന്‍ ഭരണാധികാരിയായ നാദിര്‍ഷാ കൈവശപ്പെടുത്തുകയായിരുന്നു.
ഇതിനു ശേഷം കോഹിനൂര്‍ അഫ്ഗാനിലെത്തി. അവിടെ നിന്നു വീണ്ടും ഇന്ത്യയിലേക്ക്.പഞ്ചാബിലെത്തിയ കോഹിനൂര്‍ സിഖ് രാജാവായ രഞ്ജിത് സിംഗ് സ്വന്തമാക്കി. അവിടെ നിന്നു ബ്രിട്ടീഷ് ഗവര്‍ണറായ ഡല്‍ഹൗസി പ്രഭു കോഹിനൂര്‍ തട്ടിയെടുത്ത് ലണ്ടനിലെത്തിച്ചു.
മരതകം
ഈജിപ്ത്യന്‍ ചക്രവര്‍ത്തിനി ക്ലിയോപാട്ര മരതകത്തിന്റെ ആരാധികയായിരുന്നു. ഈജിപ്തിലെ മമ്മികളുടെ കഴുത്തില്‍ മരതകം അണിയിക്കുന്ന പതിവുണ്ട്. മരതകം കടും പച്ച, ഇളം പച്ച, കിളിപ്പച്ച തുടങ്ങിയ നിറങ്ങളില്‍ ലഭ്യമാണ്.കൊളംബിയയിലാണ് മരതക ലഭ്യതയ്ക്കു പേരു കേട്ടയിടം.
പുഷ്യരാഗം
മഞ്ഞനിറമുള്ള ശുദ്ധമായ പുഷ്യരാഗ രത്‌നം ശ്രീലങ്ക, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലെ ഖനികളില്‍നിന്നാണ് ലഭിക്കുന്നത്. കടും മഞ്ഞ, ഇളം മഞ്ഞ, സര്‍ണം, തേന്‍ തുടങ്ങിയ നിറങ്ങളില്‍ ഇവ വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ പുഷ്യരാഗം എന്ന പേരില്‍ യെല്ലോ ക്രിസോലൈറ്റ്, ഗോള്‍ഡന്‍ ടോപ്പാസ്, മഞ്ഞ നിറമുള്ള ബാങ്കോക്ക് കല്ലുകള്‍, ടര്‍മലൈന്‍ കല്ലുകള്‍ എന്നിവയും വിപണിയില്‍ വിറ്റഴിക്കുന്നുണ്ട്.
മോസും
മോസ് സ്‌കെയിലും
വജ്രത്തിന്റെ കാഠിന്യത്തെക്കുറിച്ചു പറഞ്ഞല്ലോ. ഇവയുടെ കാഠിന്യം അളക്കാന്‍ ഉപയോഗിക്കുന്ന ഏകകമാണ് മോസ് സ്‌കെയില്‍. ഫ്രെഡറിക് മോസ് എന്ന ജര്‍മന്‍ ശാസ്ത്രജ്ഞനാണ് ഈ വിദ്യ കണ്ടെത്തിയത്.
ഡൈക്കോറിസം
ഒരു രത്‌നത്തെ വിവിധ കോണുകളില്‍നിന്നു നോക്കുമ്പോള്‍ വ്യത്യസ്തമായ നിറങ്ങളില്‍ കാണാറുണ്ട്. ഇതിനെയാണ് ഡൈക്കോറിസം എന്നു വിളിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."