തീയിവിടെ; വെള്ളമെവിടെ..?
മലപ്പുറം: നാട്ടിലും കാട്ടിലും തീ പടരുമ്പോള്‍ ജില്ലയിലെ അഗ്നിശമനസേന വെള്ളമില്ലാതെ നെട്ടോട്ടമോടുന്നു. ജലസ്രോതസുകളില്‍ നീരൊഴുക്കു കുറഞ്ഞതോടെ തീ അണയ്ക്കാന്‍ ആവശ്യത്തിനു വെള്ളമില്ലാതെ കുഴങ്ങിയത് ഇവരാണ്.
ജല അതോറിറ്റിയുടെ വെള്ളമായിരുന്നു ഇതുവരെ ആശ്രയിച്ചിരുന്നത്. എന്നാല്‍, ഒരു ദിവസം അഞ്ചിലേറെ സ്ഥലങ്ങളില്‍ തീ പടരുന്നതിനാല്‍ വെള്ളം തികയാത്ത അവസ്ഥയാണ്. തൊട്ടടുത്ത പുഴ, കുളം, കിണര്‍ എന്നിവിടങ്ങളിലും വേണ്ടത്ര വെള്ളമില്ലാതായതോടെ ഓടിത്തളരുകയാണ് അഗ്നിശമനസേന. വരാനിരിക്കുന്നതു കടുത്ത ജലക്ഷാമമെന്ന മുന്നറിയിപ്പുകള്‍ക്കിടയില്‍ ഇതും നിലച്ചേക്കാമെന്ന ഭീതിയിലാണ് ഫയര്‍ഫോഴ്‌സ് യൂനിറ്റുകള്‍. ഒരു ഫയര്‍ എന്‍ജിനു ദിവസം 4,500 ലിറ്റര്‍ വെള്ളം വേണം.
ചൂടു കൂടിയതോടെ ദിവസം ശരാശരി അഞ്ചു തീപിടിത്തങ്ങളെങ്കിലും ഒരു യൂനിറ്റിനു കൈകാര്യം ചെയ്യേണ്ടിവരുന്നുണ്ട്. ജില്ലയില്‍ ഏഴ് ഫയര്‍ സ്‌റ്റേഷനുകളുണ്ട്. ഇതില്‍ തിരുവാലി, മഞ്ചേരി യൂനിറ്റുകള്‍ക്കൊഴികെ മറ്റുള്ളവയ്‌ക്കെല്ലാം രണ്ടു ഫയര്‍ എന്‍ജിനുകളുണ്ട്. നഗരപ്രദേശങ്ങളിലെ ഫയര്‍ യൂനിറ്റുകള്‍ ഏറെദൂരം സഞ്ചരിച്ചാണ് വെള്ളം ശേഖരിക്കുന്നത്. മലപ്പുറം ഫയര്‍സ്‌റ്റേഷന് യൂനിറ്റിനു ദിവസം 15,000 ലിറ്റര്‍ വെള്ളം ആവശ്യമുള്ളപ്പോള്‍ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള കണക്ഷനില്‍നിന്നു നാമമാത്രമായ അളവിലാണ് വെള്ളം ലഭിക്കുന്നത്.
തീയണച്ച ശേഷം തിരിച്ചെത്തുന്ന ഫയര്‍ എന്‍ജിനുകള്‍ വെള്ളം ലഭ്യമായ പ്രദേശങ്ങള്‍ തെരഞ്ഞുപിടിച്ച് വെള്ളം നിറച്ചശേഷമാണ് സ്‌റ്റേഷനുകളില്‍ തിരിച്ചെത്തുന്നത്. ഒരേ പ്രദേശത്തുനിന്നു സ്ഥിരമായി വെള്ളമെടുക്കുന്നതു പ്രാദേശിക എതിര്‍പ്പുകള്‍ക്കും ഇടയാകുന്നുണ്ട്. ഒരേസമയം വിവിധയിടങ്ങളില്‍ തീപിടിത്തമുണ്ടാകുമ്പോള്‍ എല്ലായിടത്തും ഓടിയെത്താനാകാത്ത അവസ്ഥയുമുണ്ട്.
തീപിടിത്തങ്ങളുടെയും മറ്റ് അപകടങ്ങളുടെയും എണ്ണം വര്‍ധിച്ചതോടെ ഫയര്‍സ്റ്റേഷനുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. നിലവില്‍ വളാഞ്ചേരി, വേങ്ങര, കൊണ്ടോട്ടി എന്നിവടങ്ങളില്‍ പുതിയ യൂനിറ്റുകള്‍ തുടങ്ങാനുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ട്. സ്ഥലം വിട്ടുകിട്ടുന്നതടക്കമുള്ള നടപടികള്‍ പൂര്‍ത്തിയായാല്‍ ഇവിടെങ്ങളില്‍ ഈ വര്‍ഷംതന്നെ ഫയര്‍സ്റ്റേഷനുകള്‍ തുടങ്ങാനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."