ഈത്തപ്പഴത്തില്‍ താരമായി അജ്വ; റമദാന് വിപണി സജീവം
ഒലവക്കോട്: വിശുദ്ധമാസത്തിലെ വ്രതശുദ്ധിയുടെ നാളുകളില്‍ നോമ്പുതുറക്കാന്‍ വ്യത്യസ്ത ഭക്ഷണങ്ങളും പഴങ്ങളുമായി വിപണി സജീവമാകുന്നു. ഈത്തപ്പഴവും കാരക്കയും മറ്റു പഴങ്ങളും സമൂസയും ഉന്നക്കായയുമൊക്കെയുള്ള രുചിഭേദങ്ങളുമായാണ് വിപണി സജീവമാകുന്നത്.
പ്രധാനമായും വിദേശത്തു നിന്നാണ് വിവിധതരം പഴവര്‍ഗങ്ങള്‍ വിപണിയിലെത്തുന്നത്. അതിനാല്‍ ഇവയ്ക്ക് വിലയും കൂടുതലാണ്. നാടന്‍ ഇനങ്ങള്‍ക്ക് വിലക്കുറവുണ്ടെങ്കിലും ഈത്തപ്പഴം 40 തരമാണുള്ളത്. ഈത്തപ്പഴത്തിന്റെ ഗുണനിലവാരത്തിനനുസരിച്ച് വിലയിലും മാറ്റംവരും.
കിലോയ്ക്ക് 190 മുതല്‍ 2,200 രൂപവരെ വിലയുള്ള ഈത്തപ്പഴം വിപണിയില്‍ ലഭ്യമാണ്. കാരക്കയ്ക്ക് 180 മുതല്‍ 200 രൂപവരെയാണ് വില. സഊദി അറേബ്യ, ഒമാന്‍, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ള ഈത്തപ്പഴമാണ് പ്രധാനമായും ഇപ്പോള്‍ ലഭിക്കുന്നത്. 2,200 രൂപ വിലയുള്ള സഊദിക്കാരനായ അജ്വയാണ് കൂട്ടത്തില്‍ താരം.
ആംബര്‍, മാബ്റൂം, സഫാവി എന്നീ പേരുകളിലും ഈത്തപ്പഴങ്ങല് വിപണിയില്‍ ലഭ്യമാണ്. സഊദിയില്‍ നിന്നുള്ളവയ്ക്ക് ഗുണനിലവാരവും വിലയും അല്പം കൂടുതലാണ്. അതുകൊണ്ടുതന്നെ സാധാരണക്കാര്‍ പ്രധാനമായും വാങ്ങുന്നത് 190രൂപ വിലയുള്ള ഒമാനിയായ ഫര്‍ദ് എന്ന ഈത്തപ്പഴമാണ്.
ഈജിപ്തിന് നിന്നുള്ള ബരാരി 200, ഇറാനില്‍ നിന്നുള്ള ഹാര്‍മണി 240, ഹസ്ന 260, റോയല്‍ എക്സ് 300, ഫിറ്റ് 380 എന്നീ വിലകളുള്ളവയാണ് കൂടുതലായും വിറ്റുപോകുന്നതെന്ന് കച്ചവടക്കാര്‍ പറയുന്നു. പാക്കിസ്ഥാനില്‍ നിന്നാണ് ഉണക്ക കാരക്ക പ്രധാനമായും വരുന്നത്. പച്ചനിറമുള്ള കാരയ്ക്ക രാജസ്ഥാനിയാണ്. ഈത്തപ്പഴത്തിനു പുറമെ പഴവര്‍ഗങ്ങള്‍ക്കും വിപണിയില്‍ വില വര്‍ധിച്ചിട്ടുണ്ട്. ആപ്പിളിന് 130 മുതല്‍ 170 രൂപവരെ വിലയുണ്ട്. ഇതില്‍ അമേരിക്കന്‍ ആപ്പിളും ആസ്ത്രേലിയന്‍ ആപ്പിളുമൊക്കെയുണ്ട്.
മാതളത്തിന് 80 മുതല്‍ 100 രൂപവരെ വിലയും മുന്തിരിക്ക് 80 മുതല്‍ 100 രൂപവരെയും പേരക്കയ്ക്കും ഓറഞ്ചിനും നൂറുരൂപ വീതവുമാണ് വിപണിയിലെ വില. മഞ്ഞ തണ്ണിമത്തന് കിലോയ്ക്ക് 20രൂപയും പച്ചയ്ക്ക് 15രൂപയും വിലയുണ്ട്. സബര്ജെല്ലിക്ക് 60രൂപ വിലയുള്ളപ്പോള്‍ പൈനാപ്പിളിന് 30മുതല്‍ 40രൂപവരെയാണ് വിപണിയിലുള്ള വില. ഞാവല്പ്പഴത്തിന് 200 രൂപയുമുണ്ട്.
നോമ്പ്കാലത്തെ മറ്റു പ്രധാന പഴങ്ങളായ അത്തിപ്പഴത്തിന് കിലോയ്ക്ക് 900രൂപയാണ്. ആപ്രിക്കോട്ടിന്റെ വിലയാകട്ടെ 200 ഗ്രാമിന് 170 രൂപയുണ്ട്.
ഉണക്കമുന്തിരി വെളുത്തതിന് 280ഉം കറുത്തതിന് നാനൂറുരൂപയുമാണ് വിപണി വില. ബദാമിന് 800, പിസ്തക്ക 960, റെഡ് ഓറഞ്ച് 830, ഉണക്കമാങ്ങ 690 എന്നിങ്ങനെ പോകുന്നു വില. ഇതിനെല്ലാം പുറമെ ബേക്കറികളില്‍ ഉന്നക്കായ, ഇറച്ചിപ്പത്തിരി, കിളിക്കൂട്, ചിക്കന്‍ ലോലിപ്പോപ്പ്, സമൂസ തുടങ്ങിയവയും നോമ്പ്തുറവിഭവങ്ങള്ക്കായി ഒരുക്കിയിട്ടുണ്ട്.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."