നെടുമ്പാശേരിയില്‍ 68 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി
നെടുമ്പാശേരി: ബഹ്‌റൈന്‍ - കോഴിക്കോട് - കൊച്ചി വിമാനത്തിലെത്തിച്ച അരക്കിലോ സ്വര്‍ണം വഴിയില്‍ നിന്ന് കയറിയ ആഭ്യന്തര യാത്രക്കാരിക്ക് കൈമാറി പുറത്തെത്തിക്കാനുള്ള ശ്രമം കസ്റ്റംസിന്റെ ഇടപെടലിനെത്തുടര്‍ന്ന് വിഫലമായി. ബഹ്‌റൈനില്‍ നിന്ന് കോഴിക്കോട് വഴി നെടുമ്പാശേരിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരന്‍ കടത്തിക്കൊണ്ടുവന്ന അര കിലോഗ്രാം സ്വര്‍ണം കോഴിക്കോട് നിന്ന് കയറിയ അഭ്യന്തര യാത്രക്കാരിക്ക് വിമാനത്തിനകത്ത് വച്ച് കൈമാറുകയായിരുന്നു.
മലപ്പുറം സ്വദേശിയാണ് സ്വര്‍ണം കൊണ്ടുവന്നത്. കൊച്ചിക്ക് പോകുന്ന ഇതേ വിമാനത്തില്‍ ഇയാളുടെ സഹോദരനും ഭാര്യയും കോഴിക്കോട് നിന്ന് അഭ്യന്തര യാത്രക്കാരായി കയറി. വിമാനത്തില്‍ വച്ച് സഹോദരന്‍ വഴി സ്വര്‍ണം യുവതിക്ക് കൈമാറുകയായിരുന്നു. യുവതി വിമാനത്തില്‍ വച്ച് തന്നെ സ്വര്‍ണം ദേഹത്ത് അണിഞ്ഞു. സംഭവം ശ്രദ്ധയില്‍പെട്ട സഹയാത്രികര്‍ വിവരം കസ്റ്റംസിന് കൈമാറുകയായിരുന്നു. ആഭ്യന്തര യാത്രക്കാര്‍ക്ക് കാര്യമായ സുരക്ഷാ പരിശോധന ഇല്ലാത്തതിനാല്‍ സ്വര്‍ണം സുഗമമായി പുറത്തെത്തിക്കാമെന്ന കണക്കുകൂട്ടലിലാണ് മുന്‍കൂട്ടി തയാറാക്കിയ പദ്ധതിയനുസരിച്ച് ദമ്പതികള്‍ കോഴിക്കോട് നിന്ന് വിമാനത്തില്‍ കയറിയത്. ഇന്നലെ രാവിലെ ഏഴരയോടെയായിരുന്നു സംഭവം.
ഇതുള്‍പ്പെടെ 68 ലക്ഷം രൂപ വില വരുന്ന ഒന്നര കിലോഗ്രാം സ്വര്‍ണമാണ് നെടുമ്പാശേരി
അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്നലെ പിടികൂടിയത്. രണ്ടാമത്തെ സംഭവത്തില്‍ കോഴിക്കോട് സ്വദേശിയായ യാത്രക്കാരനില്‍ നിന്ന് ഒരു കിലോ സ്വര്‍ണമാണ് പിടിച്ചെടുത്തത്. ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെ റിയാദില്‍ നിന്ന് ഗള്‍ഫ് എയര്‍ വിമാനത്തില്‍ എത്തിയ ഇയാള്‍ മൈക്രോവേവ് ഓവനില്‍ ഒളിപ്പിച്ചാണ് സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ കടത്താന്‍ ശ്രമിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."