തലയില്‍ ജീവിതഭാരം; ഉള്ളുനിറയെ കവിത, ഇത് ബിന്ദുവിന്റെ ജീവിതകാവ്യം
കല്‍പ്പറ്റ: തലയില്‍ ജീവിതഭാരം ചുമക്കുമ്പോഴും ബിന്ദുവിന്റെ ഉള്ളുനിറയെ കവിതകളാണ്. കൊയ്ത്തുപാട്ടിന്റെ ഈണവും തുടിയുടെ താളവും മണ്ണിന്റെ മണവുമുള്ള കവിതകള്‍. സ്‌കൂളില്‍ പോകാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ബിന്ദു എഴുതിയത് 500ലേറെ കവിതകളാണ്. വയനാടന്‍ മലനിരകളുടെ കൂട്ടുകാരി ബിന്ദുവിന്റെ ജീവിതകഥ പക്ഷെ കവിത പോലെ മനോഹരമല്ല.
വയനാട്ടിലെ മേപ്പാടി റാട്ടികൊല്ലി കോളനിയിലെ ചാത്തി-കല്ല്യാണി ദമ്പതികളുടെ മകള്‍ ബിന്ദു ജീവിത പ്രതിസന്ധികളെ തരണം ചെയ്താണ് ദുരിതങ്ങള്‍ക്കിടയിലും എഴുതുന്നത്. പണി തീരാത്ത വീടിനുള്ളില്‍ ബിന്ദുവിന് ലഭിച്ച സര്‍ട്ടിഫിക്കറ്റുകളും ട്രോഫികളും എണ്ണി തിട്ടപ്പെടുത്താനാകില്ല. പ്ലാസ്റ്റിക്ക് ഷീറ്റ് കൊണ്ട് മറച്ചുവച്ച നിലയിലുള്ള വാതിലുകളില്ലാത്ത വീടാണ് ബിന്ദുവിന്.
പരിസ്ഥിതിനാശം, ആദിവാസികളുടെ കഷ്ടപ്പാടുകള്‍, ഗോത്രാചാരം, താരാട്ട്, പ്രണയം, വിരഹം അങ്ങനെയെല്ലാമുണ്ട് ബിന്ദുവിന്റെ എഴുത്തില്‍. കുമ്പളനാട്ടി എന്ന പേരില്‍ ഗോത്ര കവിതകള്‍ പുസ്തകരൂപത്തിലാക്കി പുറത്തിറക്കിയിട്ടുണ്ട്. ആല്‍ബങ്ങളിലും ബിന്ദു തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. സാക്ഷരത ജില്ലാ കലോത്സവത്തില്‍ കലാതിലകവുമായിട്ടുണ്ട്. 2009ല്‍ രാഷ്ട്രപതി ഭവനില്‍ നടന്ന സാക്ഷരതാവിരുന്നിലും പങ്കെടുത്തു. 2012ല്‍ മഹാരാഷ്ട്രയില്‍ നെഹ്‌റു യുവകേന്ദ്രം നടത്തിയ സാക്ഷരതാ പരിപാടിയിലും പങ്കെടുത്തു. നിരവധി സംസ്ഥാന ദേശീയ പരിപാടികളില്‍ ബിന്ദു പങ്കെടുത്തിട്ടുണ്ട്. കഴിഞ്ഞ മാസം കോഴിക്കോട് നടന്ന സാഹിത്യോത്സവത്തില്‍ ബിന്ദു പരിപാടി അവതരിപ്പിച്ചിരുന്നു.
തന്റെ ഒപ്പമുള്ളവര്‍ രാവിലെ പുസ്തകങ്ങളുമായി പള്ളിക്കൂടത്തില്‍ പോകുമ്പോള്‍ ബിന്ദു എസ്റ്റേറ്റില്‍ പണിക്ക് പോകുമായിരുന്നു. പാഠപുസ്തകത്തിലെ അക്ഷരങ്ങള്‍ക്കപ്പുറം ജീവിതത്തില്‍ പഠിച്ചാലും തീരാത്ത അനുഭവങ്ങളായിരുന്നു ബിന്ദുവിന്റെ മുതല്‍കൂട്ട്.
കൂടെയുള്ള കൂട്ടുകാരുടെ കൂടെ സ്‌കൂളില്‍ പോകുന്നതിന് ബിന്ദുവിന്റെ കുഞ്ഞുമനസ് എപ്പോഴും തേങ്ങിയിരുന്നു. സ്‌കൂളിലെ പാഠങ്ങള്‍ക്കപ്പുറം ജീവിതത്തിന്റെ മധുരവും കയ്പ്പും ഒരുപോലെ ജീവിതത്തില്‍ അനുഭവിച്ചു. എല്ലാവരെയും പോലെ ബിന്ദുവിനുമുണ്ട് കുറച്ചു സ്വപ്‌നങ്ങള്‍. സമൂഹത്തില്‍ എന്നും അവഗണനകള്‍ മാത്രം ഏറ്റുവാങ്ങുന്ന ആദിവാസി ഗോത്രസമൂഹത്തെ ഉയര്‍ച്ചയിലേക്ക് കൊണ്ടുവരണമെന്നും, ലഹരിയുടെ സ്വാധീനം മൂലം തകര്‍ന്നുപോകുന്ന ആദിവാസി തലമുറയെ അതില്‍ നിന്നെല്ലാം മോചിപ്പിക്കണമെന്നും ബിന്ദുവിന്റെ സ്വപ്‌നമാണ്. ഭര്‍ത്താവ് ദാമോദരന്‍ ബിന്ദുവിന്റെ കലാജീവിതത്തിനു വളരെ വലിയ പിന്തുണയാണ് നല്‍കുന്നത്. ഇതു തന്നെയാണ് ബിന്ദുവിന്റെ ഏറ്റവും വലിയ മുതല്‍കൂട്ട്. മക്കളായ സുധീഷ് കുമാര്‍, സുകന്യ, രേവതി എന്നിവരുമടങ്ങുന്നതാണ് ബിന്ദുവിന്റെ കുടുംബം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."