കൊവിഡ്-19; ഇറ്റലിയില്‍ 24 മണിക്കൂറിനിടെ 133 മരണം
റോം: ഇറ്റലിയില്‍ കൊവിഡ്-19 ബാധിത മരണം ക്രമാതീതമായി ഉയര്‍ന്നു. ഇന്നലെ 24 മണിക്കൂറിനുള്ളില്‍ 133 മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ മരിച്ചവരുടെ എണ്ണം 366 ആയി. ഞായറാഴ്ച വരെ ഇറ്റലിയില്‍ 7,375 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു. ചൈന കഴിഞ്ഞാല്‍ ഇറ്റലിയിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍.
ഇറാനില്‍ ഇന്നലെയും 43 പുതിയ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 237 ആയി. 595 പേര്‍ക്ക് പുതുതായി വൈറസ് ബാധിക്കുകയും ചെയ്തു. വൈറസ് ബാധിതര്‍ 7,161 ആയി ഉയര്‍ന്നു.
അതേസമയം ചൈനയിലും ദക്ഷിണ കൊറിയയിലും ഇന്നലെ മരണനിരക്ക് കുറഞ്ഞു. ചൈനയില്‍ 22 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ചൈനയില്‍ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 3,119 ആയി.
40 പേര്‍ക്കാണ് ചൈനയില്‍ പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ലോകത്താകെ 102 രാജ്യങ്ങളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. രോഗബാധിതരുടെ എണ്ണം 1,06,000 കവിഞ്ഞു. ഏകദേശം 3,600ലധികം പേര്‍ ലോകമാകെ രോഗം ബാധിച്ച് മരിച്ചു.
ജര്‍മനിയിലും മരണം
ബെര്‍ലിന്‍: ജര്‍മനിയിലും കൊവിഡ് ബാധിച്ച് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. ലോകാരോഗ്യസംഘടനയുടെ കണക്ക് പ്രകാരം ജര്‍മനിയില്‍ 1,100 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചതായാണ് വിവരം. അതിനിടെ ഇറാനില്‍ വൈറസിനെ പ്രതിരോധിക്കാന്‍ ആല്‍ക്കഹോള്‍ കുടിച്ച 27 പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.
മെഥനോളിന്റെ അളവ് കൂടിയതിനാലാണ് മരണമെന്നാണ് റിപ്പോര്‍ട്ട്. ആല്‍ക്കഹോള്‍ കുടിച്ചാല്‍ വൈറസ് സുഖപ്പെടുമെന്ന പ്രചരണമാണ് അപകടത്തിനിടയാക്കിയത്. 218 പേരെ ഇത്തരത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്.
യാത്രക്കാര്‍ക്ക് വൈറസ് ബാധിച്ചെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് നൈല്‍ നദിയില്‍ ഒരു ആഢംബര കപ്പല്‍ ക്വാറന്റൈന്‍ ചെയ്തു.
ഇറാനില്‍ 70,000 തടവുകാരെ വിട്ടയച്ചു
തെഹ്‌റാന്‍: ഇറാനില്‍ സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായതോടെ ജയിലുകളില്‍ നിന്ന് 70,000 തടവുകാരെ വിട്ടയച്ചതായി ഇറാന്‍ ജുഡീഷ്യറി മേധാവി ഇബ്രാഹീം റയ്‌സി അറിയിച്ചു. ഇതു രാജ്യസുരക്ഷയ്ക്കു ഭീഷണിയാവില്ലെന്നും നടപടി തുടരുമെന്നും അദ്ദേഹം അറിയിച്ചു. അതിനിടെ ഇറാനിലുള്ള ഇന്ത്യക്കാരെ കൊണ്ടുവരാനായി വ്യോമസേനാ വിമാനം ഇന്നലെ രാത്രി എട്ടുമണിയോടെ പുറപ്പെട്ടു. 2000 ഇന്ത്യക്കാരാണ് ഇറാനിലുള്ളത്.
യു.എസില്‍ രണ്ടു സെനറ്റര്‍മാരും നിരീക്ഷണത്തില്‍
വാഷിങ്ടണ്‍: യു.എസ് കോണ്‍ഗ്രസിലെ രണ്ടു സെനറ്റര്‍മാരും നിരീക്ഷണത്തില്‍. ടെക്‌സാസില്‍ നിന്നുള്ള സെനറ്റര്‍ ടെഡ് ക്രസ്, അരിസോണ സെനറ്റര്‍ പോള്‍ ഗോസര്‍ എന്നിവരെയാണ് കൊവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് 14 ദിവസത്തെ നിരീക്ഷണത്തിലാക്കിയത്. വൈറസ് സ്ഥിരീകരിച്ചയാള്‍ പങ്കെടുത്ത പാര്‍ട്ടി യോഗത്തില്‍ ഇരുവരും പങ്കെടുത്തിരുന്നു. മറ്റ് നിരവധി സെനറ്റര്‍മാരും ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു എന്നാണ് വിവരം.
ഇതിനിടെ യു.എസില്‍ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 21 ആയി ഉയര്‍ന്നു. ഇതുവരെ 554 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചതായാണ് കണക്ക്. ബ്രിട്ടനില്‍ ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ മരണം മൂന്നായി. ഇതുവരെ 278 പേര്‍ക്കാണ് ബ്രിട്ടനില്‍ വൈറസ് ബാധിച്ചത്.
ഉത്തര കൊറിയ എംബസികള്‍ ഒഴിപ്പിക്കുന്നു
പോങ്ങ്യാങ്: കൊവിഡ് ഭീതിയെ തുടര്‍ന്ന് ഉത്തര കൊറിയയിലെ ഭൂരിഭാഗം വിദേശ എംബസികളും തിങ്കളാഴ്ച അടഞ്ഞുകിടന്നു. ഉദ്യോഗസ്ഥര്‍ അവരുടെ നാടുകളിലേക്ക് മടങ്ങിയതായും റിപ്പോര്‍ട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."