എന്നു തീരും ചീമേനിയുടെ ഗതാഗത പ്രശ്‌നങ്ങള്‍...?
ചീമേനി: ജില്ലയിലെ പ്രധാന മലയോര വ്യാപാര കേന്ദ്രങ്ങളിലൊന്നായ ചീമേനിയുടെ വികസനകുതിപ്പിന് വഴിയൊരുക്കുമെന്ന് കരുതിയ ബസ്സ്റ്റാന്‍ഡിനുള്ള നടപടികള്‍ എങ്ങുമെത്തിയില്ല. ബസ്സ്റ്റാന്‍ഡ് നിര്‍മിക്കാന്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ അധീനതയിലുള്ള 2.47 ഏക്കര്‍ ഭൂമി വിട്ടുകൊടുക്കാന്‍ റവന്യു, കൃഷി വകുപ്പ് മന്ത്രിമാരുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ഒരു വര്‍ഷം മുന്‍പ് ധാരണയായിരുന്നു.
റവന്യൂവകുപ്പില്‍നിന്ന് പാട്ടത്തിനെടുത്ത ഭൂമിയാണ് പ്ലാന്റേഷന്‍ കോര്‍പറേഷന്റെ അധീനതയിലുള്ളത്. ഇത് റവന്യൂവകുപ്പ് റദ്ദ് ചെയ്യും.
പിന്നീട് ഗ്രാമപഞ്ചായത്ത് അപേക്ഷ നല്‍കുന്ന മുറയ്ക്ക് റവന്യൂവകുപ്പ് പഞ്ചായത്തിന് പാട്ടത്തിന് നല്‍കാനായിരുന്നു തീരുമാനം. അനുദിനം വികസിച്ചു കൊണ്ടിരിക്കുന്ന ടൗണാണ് ചീമേനി. പയ്യന്നൂര്‍-ചീമേനി, കാഞ്ഞങ്ങാട്-ചീമേനി, ചീമേനി-പെരിങ്ങോം-പാടിച്ചാല്‍, ചീമേനി-കാക്കടവ്-പെരുമ്പട്ട, ചീമേനി-ചീറ്റാരിക്കാല്‍, ചീമേനി-പള്ളിപ്പാറ, ചീമേനി-പൊതാവൂര്‍ തുടങ്ങിയ റൂട്ടുകളിലായി അറുപതിലേറേ ബസ് സര്‍വിസ് ചീമേനിയിലേക്കുണ്ട്.
ടൗണില്‍ ആളെ ഇറക്കി പാതയോരങ്ങളിലും മറ്റും ബസുകള്‍ നിര്‍ത്തിയിടുകയാണ് പതിവ്. എന്‍ജിനീയറിങ് കോളജ്, അപ്ലൈഡ് സയന്‍സ് കോളജ്, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഐ.ടി.ഐ, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തുടങ്ങിയ വിദ്യാഭ്യാസസ്ഥാപനങ്ങളും കയ്യൂര്‍-ചീമേനി പഞ്ചായത്തിലുണ്ട്. ധനകാര്യ സ്ഥാപനങ്ങള്‍, പൊലിസ് സ്റ്റേഷന്‍, പഞ്ചായത്ത് കാര്യാലയം, വില്ലേജ് ഓഫിസ് തുടങ്ങിയ സ്ഥാപനങ്ങളെല്ലാം ചീമേനി ടൗണിനോട് ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്.
ചീമേനി ടൗണിനോടുചേര്‍ന്ന ഭൂമിയിലേറെയും പ്ലാന്റേഷന്‍ കോര്‍പറേഷന്റെ അധീനതയിലായതാണ് ബസ് സ്റ്റാന്‍ഡ് എന്ന നാട്ടുകാരുടെ ആവശ്യത്തിന് വിലങ്ങായത്. ഈ സാഹചര്യത്തിലാണ് എം. രാജഗോപാലന്‍ എം.എല്‍.എ മുന്‍കൈയെടുത്ത് മന്ത്രിതല ചര്‍ച്ചയ്ക്ക് അവസരമൊരുക്കിയത്. പക്ഷെ തുടര്‍നടപടികള്‍ എങ്ങുമെത്താതെ കിടക്കുകയാണ്.
ടൗണില്‍ അപകടക്കെണി
ചീമേനി: ടൗണില്‍ ഗതാഗതനിയന്ത്രണത്തിന് സംവിധാനങ്ങള്‍ ഇല്ലാത്തത് അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നു. നാല് റോഡുകള്‍ ചേരുന്നത് ടൗണിലാണ്.
ഓരോ വശത്തുനിന്നും തോന്നും പടി വാഹനങ്ങള്‍ കടന്നുപോകും. കഴിഞ്ഞ ദിവസം രാത്രി ഇവിടെയുണ്ടായ അപകടത്തില്‍ അഞ്ചുപേര്‍ക്ക് സാരമായി പരുക്കേറ്റിരുന്നു.
ഇന്നോവ കാറും ഓട്ടോയും കൂട്ടിയിടിച്ചായിരുന്നു അപകടം. ഇവിടെ അടിയന്തിരമായി ട്രാഫിക് സിഗ്നലുകള്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."