എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് തുടക്കം
തിരുവനന്തപുരം: കൊവിഡ് ഭീതിക്കിടെ സംസ്ഥാനത്ത് എസ്.എസ്. എല്‍.എസി, ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ പരീക്ഷകള്‍ക്ക് തുടക്കമായി. പൊതുവിദ്യാഭ്യാസം, ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ വകുപ്പുകള്‍ ഏകീകരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് രൂപീകരിച്ചതിന് ശേഷമുള്ള ആദ്യ പൊതുപരീക്ഷയ്ക്കാണ് തുടക്കമായത്.
മൂന്ന് പരീക്ഷകളും ഒരേസമയം രാവിലെയാണ് നടക്കുന്നത്. പരീക്ഷാ കേന്ദ്രങ്ങളില്‍ അതിനനുസരിച്ച് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. കൊറോണ മുന്‍കരുതലിന്റെ പശ്ചാത്തലത്തില്‍ പത്തനംതിട്ടയില്‍ രണ്ടു വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ സെന്ററില്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയ റൂമിലാണ് പരീക്ഷയെഴുതിയത്. എല്ലാ വിഭാഗങ്ങളില്‍ നിന്നുമായി മൊത്തം 13.74 ലക്ഷം വിദ്യാര്‍ഥികളാണ് ഈ വര്‍ഷം പൊതുപരീക്ഷയെഴുതുന്നത്.
എസ്.എസ്.എല്‍.സിക്ക് ആദ്യദിനത്തില്‍ ഒന്നാംഭാഷ പാര്‍ട്ട് ഒന്ന് മലയാളമായിരുന്നു പരീക്ഷ. ചോദ്യങ്ങള്‍ പൊതുവേ എളുപ്പമായിരുന്നുവെന്നാണ് വിദ്യാര്‍ഥികളുടെ അഭിപ്രായം. എന്നാല്‍ അറബി ചോദ്യങ്ങള്‍ അല്പം കുഴക്കിയെന്ന് അധ്യാപകര്‍ പറയുന്നു. ഇന്ന് ഒന്നാംഭാഷ പാര്‍ട്ട് രണ്ടിന്റെ പരീക്ഷ നടക്കും.
സംസ്ഥാനത്താകെ 2,945 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെയും ഗള്‍ഫിലെയും ഒമ്പത് വീതം കേന്ദ്രങ്ങളിലുമായി 4,24,214 വിദ്യാര്ഥികളാണ്എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നത്. 2009 കേന്ദ്രങ്ങളിലായി 4,52,572 കുട്ടികളാണ് രണ്ടാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതുന്നത്. 4,38,825 പേരാണ് ഒന്നാംവര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷ എഴുതുന്നത്.
389 കേന്ദ്രങ്ങളിലായി 29,178 പേരാണ് രണ്ടാം വര്‍ഷ വി.എച്ച്.എസ്.ഇ പരീക്ഷ എഴുതുന്നത്. 27,203 പേരാണ് ഒന്നാം വര്‍ഷ വി.എച്ച്.എസ്.ഇ പരീക്ഷ എഴുതുന്നത്. എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ 26നും വി.എച്ച്.എസ്.ഇ പരീക്ഷ 27നും അവസാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."