ഒരു ദിവസം മുന്‍പേ രാജിവച്ച് സിന്ധ്യ
അറിഞ്ഞയുടന്‍ പുറത്താക്കി കോണ്‍ഗ്രസ്‌ഭോപ്പാല്‍: ജ്യോതിരാദിത്യ സിന്ധ്യ ഇന്നലെയാണ് കോണ്‍ഗ്രസില്‍നിന്നു രാജി പ്രഖ്യാപിച്ചത്. എന്നാല്‍, പാര്‍ട്ടിയുടെ പ്രാഥമികാംഗത്വം രാജിവയ്ക്കുന്നതായി കാണിച്ച് അദ്ദേഹം പുറത്തുവിട്ട കത്തില്‍ മാര്‍ച്ച് ഒന്‍പത് എന്നായിരുന്നു തിയതി രേഖപ്പെടുത്തിയിരുന്നത്. അതായത്, ദിവസങ്ങള്‍ക്കു മുന്‍പുതന്നെ രാജി തീരുമാനിച്ച സിന്ധ്യ, ബി.ജെ.പി നേതൃത്വത്തിന്റെ ചില ഉറപ്പുകള്‍ക്കായി കാത്തിരിക്കുകയായിരുന്നെന്നു വ്യക്തമാണ്.
നേരത്തെയും മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരേ രംഗത്തെത്തിയിരുന്ന സിന്ധ്യ, ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍മീഡിയാ അക്കൗണ്ടുകളില്‍നിന്നു പാര്‍ട്ടിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ, അദ്ദേഹം പാര്‍ട്ടി വിടുന്നെന്ന സൂചനയുണ്ടായിരുന്നെങ്കിലും അതു നിഷേധിച്ച് അദ്ദേഹംതന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ സിന്ധ്യയുടെ വിമത നീക്കം മനസിലാക്കിയ ദിഗ് വിജയ് സിങ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ അനുരഞ്ജനത്തിനായി അദ്ദേഹത്തെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും വഴങ്ങിയിരുന്നില്ല. ഇവരുമായി സംസാരിക്കാന്‍ പോലും അദ്ദേഹം തയാറായില്ലെന്നാണ് സൂചന. ഇതോടെ, സിന്ധ്യയുമായി സംസാരിക്കാന്‍ ശ്രമിച്ചെന്നും എന്നാല്‍, അദ്ദേഹത്തിനു പന്നിപ്പനി ആയതിനാല്‍ ബന്ധപ്പെടാന്‍ സാധിച്ചില്ലെന്നും ദിഗ് വിജയ് സിങ് പറഞ്ഞിരുന്നു. പിന്നാലെയായിരുന്നു സിന്ധ്യ അമിത് ഷായോടൊപ്പം മോദിയെ കണ്ടതും പാര്‍ട്ടിയില്‍നിന്നുള്ള രാജി പ്രഖ്യാപിച്ചതും.
എന്നാല്‍, ഇതിനു പിന്നാലെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനു ജ്യോതിരാദിത്യ സിന്ധ്യയെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയതായി കോണ്‍ഗ്രസ് അറിയിച്ചു. ഇതിനു പിന്നാലെ സിന്ധ്യയുടെ കൂടുമാറ്റത്തിനെതിരേ പ്രസ്താവനയുമായി പ്രമുഖര്‍ രംഗത്തെത്തുകയും ചെയ്തു. അദ്ദേഹത്തിനു കുടുംബപ്പേര് മാത്രമാണുള്ളതെന്നും പ്രവര്‍ത്തനത്തില്‍ വട്ടപ്പൂജ്യമാണെന്നുമായിരുന്നു രാഷ്ട്രീയ നയതന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ അഭിപ്രായപ്പെട്ടത്.
വ്യക്തിപരമായ താല്‍പര്യങ്ങളല്ല, ആദര്‍ശമാണ് വലുതെന്നായിരുന്നു രാജസ്ഥാന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെലോട്ട് പ്രതികരിച്ചത്. സിന്ധ്യയെ അദ്ദേഹം രൂക്ഷഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു. ഇത് മറ്റൊരു ഗര്‍വാപ്പസിയാണെന്നായിരുന്നു ബി.ജെ.പി നേതാവ് യശോധരാ രാജെയുടെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."