കാവുംപുര കോളനിയില്‍ ആദിവാസികള്‍ക്കായി പൊലിസിന്റെ 'പഠനവീട്'
മാനന്തവാടി: വള്ളിയൂര്‍ക്കാവ് കാവുംപുര പണിയ കോളനിയില്‍ ഗോത്രജനതയുടെ വിദ്യാഭ്യാസ-സാംസ്‌കാരിക ഉന്നമനം ലക്ഷ്യമിട്ട് ജില്ലാ പൊലിസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഒരുക്കിയ പഠന വീട് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ സഹകരണത്തോടെ ഗോത്ര ലൈബ്രറിയോട് കൂടിയാണ് പഠനവീട് ഒരുക്കിയത്. ജില്ലയിലെ എല്ലാ പൊലിസ് സ്റ്റേഷനുകളുടെയും നേതൃത്വത്തില്‍ പുസ്തകങ്ങള്‍ ശേഖരിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് പൊലിസുകാരുടെ നേതൃത്വത്തിലുള്ള ഗോത്രലൈബ്രറി തുടങ്ങിയത്. ആയിരത്തി അഞ്ഞൂറോളം പുതിയ പുസ്തകങ്ങള്‍ ഗ്രന്ഥാലയത്തിലുണ്ട്. കോളനിലെ സാംസ്‌കാരിക നിലയം പഠന വീടാക്കാന്‍ മാനന്തവാടി നഗരസഭ വിട്ടുനല്‍കിയതാണ്. വീകരണ പ്രവൃത്തികള്‍ പൊലിസുകാര്‍തന്നെ ഏറ്റെടുത്തു. പി.എസ്.സി ഉള്‍പ്പെടെയുള്ള മത്സര പരീക്ഷാ പരിശീനങ്ങള്‍, കൗണ്‍സിലിങ്, ബോധവല്‍ക്കരണ ക്ലാസുകള്‍ തുടങ്ങിയവയും പഠനവീട്ടിലൂടെ ആദിവാസികള്‍ക്ക് നല്‍കും. ഉദ്ഘാടന ചടങ്ങില്‍ ജില്ലാ പൊലിസ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എം ശശിധരന്‍ അധ്യക്ഷനായി. മാനന്തവാടി എ.എസ്.പി വൈഭവ് സക്‌സേന പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ.എം രാഘവന്‍, പൊലിസ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സണ്ണി ജോസഫ്, കല്‍പ്പറ്റ ഡി.വൈ.എസ്.പി പ്രിന്‍സ് അബ്രഹാം, കെ.പി.ഒ.എ ജില്ലാ സെക്രട്ടറി പി.സി സജീവ്, കൗണ്‍സിലര്‍ ശ്രീലത, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ആര്‍. അജയകുമാര്‍ സംസാരിച്ചു. പൊലിസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി പി.ജി സതീഷ് കുമാര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് സാദിര്‍ തലപ്പുഴ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."