താലൂക്കാശുപത്രികള്‍ നവീകരിക്കാന്‍ ആയിരം കോടി; കൊല്ലത്തും കോഴിക്കോട്ടും കണ്ണൂരും പുതിയ റവന്യൂ സബ്ഡിവിഷനുകള്‍
തിരുവനന്തപുരം: കൊല്ലം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ പുതിയ റവന്യൂ സബ്ഡിവിഷനുകള്‍ രൂപീകരിക്കുമെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്. നിയമസഭയില്‍ ബജറ്റ് ചര്‍ച്ചയ്ക്കു മറുപടി പറയുകയായിരുന്നു മന്ത്രി.
താലൂക്കാശുപത്രികളുടെ നവീകരണത്തിനായി 1,000 കോടി രൂപ ബജറ്റില്‍ പുതുതായി വകയിരുത്തിയതായും മന്ത്രി പറഞ്ഞു. ഇതില്‍ താമരശ്ശേരി, കായംകുളം എന്നിവിടങ്ങളിലെ താലൂക്കാശുപത്രികള്‍ക്കായിരിക്കും മുന്‍ഗണന. 31 നദികളില്‍ തടയണകള്‍ നിര്‍മിക്കും. 80 ശതമാനം അംഗവൈകല്യമുള്ളവര്‍ക്ക് പ്രതിമാസം 1,300 രൂപ പെന്‍ഷന്‍ നല്‍കും. കര്‍ഷക പെന്‍ഷന്‍ 1,100 രൂപയാക്കും.
സ്‌കൂള്‍ പാചകത്തൊഴിലാളികളുടെ ദിവസക്കൂലി 50 രൂപയാക്കും. പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് ഏകീകൃത സോഫ്റ്റ്്‌വെയര്‍ ഉണ്ടാക്കാന്‍ അഞ്ചുകോടി രൂപ അനുവദിക്കും. നേരത്തെ അവതരിപ്പിച്ച ബജറ്റില്‍ ഇതിനൊക്കെയുള്ള തുക വകയിരുത്തുന്നതോടെ 244.93 കോടിയുടെ അധിക ചെലവ് വരും.
കിഫ്ബി വഴി പണം കണ്ടെത്തി പദ്ധതികള്‍ നടപ്പാക്കുന്നതു സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച വിമര്‍ശനങ്ങള്‍ അസ്ഥാനത്താണെന്ന് മന്ത്രി പറഞ്ഞു. കിഫ്ബി വഴി കടമെടുത്താല്‍ എളുപ്പത്തില്‍ പദ്ധതികള്‍ നടപ്പാക്കാനാവും. പെട്രോള്‍, ഡീസല്‍ സെസും മോട്ടോര്‍വാഹന നികുതിയുമാണ് ഇപ്പോള്‍ കിഫ്ബിയിലേക്ക് നീക്കിവയ്ക്കുന്നത്. 2031- 32 സാമ്പത്തിക വര്‍ഷമാകുമ്പോഴേക്ക് ഈ ഇനത്തില്‍ 94,850 കോടി രൂപ കിഫ്ബിയില്‍ എത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. പദ്ധതികള്‍ക്കായി എടുത്ത വായ്പ ഈ കാലയളവോടെ അടച്ചുതീര്‍ത്താലും ഈ തുകയില്‍ ബാക്കിയുണ്ടാകും. വരുമാനത്തിന്റെ ഈടിലാണ് കിഫ്ബി വായ്പയെടുക്കുന്നത്. വന്‍കിട ധനകാര്യ സ്ഥാപനങ്ങള്‍ക്കു പുറമെ സഹകരണ ബാങ്കുകളും കിഫ്ബിക്ക് വായ്പ തരും. ചിട്ടിയില്‍ ആളുകള്‍ ചേര്‍ന്നാല്‍ പണം വന്നും പോയുമിരിക്കുന്ന അവസ്ഥ വരും. ഈ ഇനത്തില്‍ തന്നെ വലിയൊരു തുക ഏതു സമയവും കിഫ്ബിയില്‍ നീക്കിയിരിപ്പുണ്ടാകും.
സമ്പദ്ഘടനയെ അതിവേഗം ആധുനീകരിക്കേണ്ടതുണ്ട്. അതോടൊപ്പം പുതിയ വളര്‍ച്ചാമേഖലകളിലേക്ക് അതിവേഗം മാറുകയും വേണം. ഇടതുപക്ഷത്തിന്റെ സാമ്പത്തിക നയത്തില്‍ സ്വകാര്യ മേഖലയ്ക്കും ഇടമുണ്ട്. റവന്യൂ കമ്മി കുറയ്ക്കാന്‍ വരുമാനം വര്‍ധിപ്പിക്കേണ്ടതുണ്ട്. അതിനൊരു മാര്‍ഗമാണ് ജി.എസ്.ടി. ആറു വര്‍ഷം കൊണ്ട് റവന്യൂ കമ്മി ഗണ്യമായി കുറയുമെന്നും ഐസക് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."