വിവാദമായ ഹിന്ദു ക്രിക്കറ്റ് ടൂര്‍ണമെന്റ് ഉപേക്ഷിച്ചു
കുമ്പള (കാസര്‍കോട്): മഞ്ചേശ്വരം മജീര്‍പ്പള്ളയില്‍ ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള സാംസ്‌കാരിക സംഘടനയുടെ നേതൃത്വത്തില്‍ 29ന് ഹിന്ദു അണ്ടര്‍ ആം ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്താനുള്ള നീക്കം ഉപേക്ഷിച്ചു.
ഇതു സംബന്ധമായി ഇന്നലെ 'സുപ്രഭാതം' വാര്‍ത്ത നല്‍കിയിരുന്നു. പിന്നീട് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും ഇതേറ്റുപിടിച്ചു. സംഭവം ചര്‍ച്ചയായതോടെ ടൂര്‍ണമെന്റ് ഉപേക്ഷിക്കുന്നതായി സംഘാടകര്‍ അറിയിക്കുകയായിരുന്നു. വാര്‍ത്ത പുറത്തുവന്നതോടെ ഡി. വൈ. എഫ്.ഐയും മറ്റു ചില സംഘടനകളും സാമൂഹ്യപ്രവര്‍ത്തകരും പരാതിയുമായി രംഗത്തുവന്നിരുന്നു.
കഴിഞ്ഞ ദിവസമാണ് മഞ്ചേശ്വരത്തിനു സമീപം വോര്‍ക്കാടി മജീര്‍പ്പള്ളയില്‍ ഹിന്ദു ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്താനുള്ള സംഘ്പരിവാര്‍ നീക്കം പുറത്തായത്. ഹിന്ദുക്കള്‍ക്കു മാത്രം മത്സരിക്കാം എന്നു കാണിച്ചാണ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്ററുകള്‍ പ്രചരിച്ചിരുന്നത്.
മത്സര വിജയികള്‍ക്കുള്ള ട്രോഫികളും മറ്റും കാസര്‍കോട് നഗരത്തിലെ ഒരു കടയില്‍ തയാറാക്കുകയും ചെയ്തിരുന്നു. കേരള- കര്‍ണാടക അതിര്‍ത്തിപ്രദേശങ്ങളിലാണ് ഇത്തരത്തില്‍ മതത്തിന്റെ പേരില്‍ കായിക മത്സരങ്ങള്‍ നടത്തി വര്‍ഗീയത പ്രചരിപ്പിക്കുന്നത്. മുന്‍പ് ഉപ്പള ബേക്കുറിലും പൈവളിഗെ പഞ്ചായത്തിലെ ബായാര്‍ ബെരിപ്പദവിലും ആര്‍.എസ്.എസ് നിയന്ത്രണത്തില്‍ വിവിധ കായിക മത്സരങ്ങള്‍ക്കു തുനിഞ്ഞിരുന്നു. വിവാദം ഉടലെടുത്തതോടെ അതിനു പൊലിസ് അനുമതി നിഷേധിച്ചിരുന്നു.
കര്‍ണാടകയോട് ചേര്‍ന്ന് കിടക്കുന്ന മഞ്ചേശ്വരം താലൂക്കിലെ വോര്‍ക്കാടി, എണ്‍മകജെ, മഞ്ചേശ്വരം എന്നീ പഞ്ചായത്തുകളില്‍ പരസ്യമായും രഹസ്യമായും ആര്‍.എസ്.എസും ഇതര സംഘ്പരിവാര്‍ സംഘടനകളും ചേര്‍ന്ന് വര്‍ഗീയത ഇളക്കിവിടുന്ന കലാകായിക മത്സരങ്ങള്‍ നടത്താറുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."