ഹയര്‍ സെക്കന്‍ഡറി പരീക്ഷാ താളപ്പിഴ: പ്രതിഷേധവുമായി അധ്യാപക സംഘടനകള്‍
കോഴിക്കോട്: ഹയര്‍ സെക്കന്‍ഡറി പരീക്ഷ തുടങ്ങിയ ദിവസം തന്നെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയ കേന്ദ്രത്തിലേക്ക് അയയ്ക്കാന്‍ കഴിയാതെപോയത് വിദ്യാഭ്യാസ വകുപ്പിന്റെ അനാസ്ഥ മൂലമാണെന്ന് അധ്യാപക സംഘടനകള്‍ ആരോപിച്ചു.
കഴിഞ്ഞ വര്‍ഷം ഉത്തരക്കടലാസ് അധ്യാപകന് മാറ്റിയെഴുതി വന്‍ ക്രമക്കേട് നടന്ന സാഹചര്യത്തില്‍ അതാത് ദിവസം തന്നെ പേപ്പറുകള്‍ മൂല്യനിര്‍ണയ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്ന കാര്യത്തില്‍ കൂടുതല്‍ ജാഗ്രത വേണമായിരുന്നു. എന്നാല്‍ പരീക്ഷയുമായി ബന്ധപ്പെട്ട ഐ എക്സാം സോഫ്റ്റ്വെയര് അയയ്ക്കേണ്ട കേന്ദ്രങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചില്ല. ഇതിനുള്ള സ്ലിപ്പും സോഫ്റ്റ്വെയറില് ലഭ്യമായില്ല. ഇത് വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്ന് വന്ന ഗുരുതര വീഴ്ചയാണെന്ന് കെ.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അബ്ദുല്ല വാവൂരും ജനറല്‍ സെക്രട്ടറി കരീം പടുകുണ്ടിലും പ്രസ്താവനയില്‍ പറഞ്ഞു.
എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ സമയബന്ധിതമായും കാര്യക്ഷമമായും നടത്തുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിന് അധികാരികള്‍ തയാറാവണമെന്ന് കെ.എച്ച്.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് കെ.ടി അബ്ദുല്ലത്തീഫ്, ജനറല്‍ സെക്രട്ടറി സി.ടി.പി ഉണ്ണിമൊയ്തീന്‍, ട്രഷറര്‍ ഡോ:എസ്. സന്തോഷ്കുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."