ടെസ്റ്റ് റാങ്കിങ്: ഒന്നാം സ്ഥാനം പങ്കിട്ട് ജഡേജയും അശ്വിനും
ദുബൈ: ഐ.സി.സി ടെസ്റ്റ് റാങ്കിങില്‍ വന്‍ കുതിപ്പ് നടത്തി ഇന്ത്യന്‍ താരങ്ങള്‍. സ്പിന്നര്‍മാരായ രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയുമാണ് നേട്ടങ്ങള്‍ സ്വന്തമാക്കിയത്. ഇരുവരും ടെസ്റ്റ് റാങ്കിങില്‍ ഒന്നാം സ്ഥാനം പങ്കിടുകയാണ്.
ആസ്‌ത്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ 75 റണ്‍സിന്റെ ജയം സ്വന്തമാക്കിയിരുന്നു. ഇതാണ് ഇരുവര്‍ക്കും റാങ്കിങില്‍ ഗുണകരമായത്. മത്സരത്തില്‍ ജഡേജയുടെ മിന്നും പ്രകടനമാണ് ഒന്നാം റാങ്കിലേക്ക് കുതിക്കാന്‍ ഇടയാക്കിയത്.
ആദ്യ ഇന്നിങ്‌സില്‍ ആറു വിക്കറ്റെടുക്കാന്‍ താരത്തിനായിരുന്നു. കരിയറില്‍ ആദ്യമായിട്ടാണ് ജഡേജ ആദ്യ സ്ഥാനത്തെത്തുന്നത്. നേരത്തെ രണ്ടാം സ്ഥാനത്തായിരുന്നു താരം. നേരത്തെ ഈ പട്ടികയില്‍ രണ്ടു ബൗളര്‍മാര്‍ ആദ്യ രണ്ടു സ്ഥാനങ്ങള്‍ പങ്കിട്ടത് 2008ലാണ്. മത്സരത്തില്‍ മൊത്തം എട്ടു വിക്കറ്റുകളാണ് അശ്വിന്‍ സ്വന്തമാക്കിയത്. ബിഷന്‍ സിങ് ബേദിയുടെ 266 വിക്കറ്റുകളെന്ന നേട്ടവും താരം മറികടന്നിരുന്നു.
അതേസമയം ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ വിരാട് കോഹ്‌ലി തിരിച്ചടി നേരിട്ടു. ഒരു സ്ഥാനം പിന്നോട്ടിറങ്ങി മൂന്നാം സ്ഥാനത്താണ് കോഹ്‌ലി. രണ്ടാം സ്ഥാനം ഇംഗ്ലീഷ് ബാറ്റ്‌സമാന്‍ ജോ റൂട്ടിന് മുന്നില്‍ കോഹ്‌ലി അടിയറവ് വച്ചത്. ചേതേശ്വര്‍ പുജാര അഞ്ചു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
അജിന്‍ക്യ രഹാനെ രണ്ടു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 15ാം റാങ്കിലെത്തി. ലോകേഷ് രാഹുല്‍ 23 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 23ാം റാങ്കിലാണ്.
ആസ്‌ത്രേലിയന്‍ സ്പിന്നര്‍ നഥാന്‍ ലിയോണ്‍ 16ാം റാങ്കിലേക്കുയര്‍ന്നിട്ടുണ്ട്. സ്റ്റീവ് ഒക്കീഫ് 28ാം സ്ഥാനത്താണ്. ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരില്‍ സ്മിത്ത് ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഷാകിബ് അല്‍ ഹസന്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. അശ്വിനെ മറികടന്നാണ് നേട്ടം.ബംഗളൂരു ടെസ്റ്റിലെ ജയത്തോടെ ടെസ്റ്റ് റാങ്കിങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ ഇന്ത്യയെ സഹായിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."