ഗുല്‍ബര്‍ഗ് കൂട്ടക്കുരുതിക്ക് നിസാരശിക്ഷ
രാഷ്ട്രം നടുങ്ങിയ 2002ലെ ഗുല്‍ബര്‍ഗ് കൂട്ടക്കുരുതിക്കേസിലെ പ്രതികള്‍ക്കുള്ള ശിക്ഷ പതിനാലുവര്‍ഷത്തിനുശേഷം അലഹബാദ് പ്രത്യേകകോടതി പുറപ്പെടുവിച്ചിരിക്കുകയാണ്. ആ അതികൂരതയ്ക്കുള്ള ശിക്ഷ വളരെ നിസാരമായെന്നാണു ശിക്ഷാവിധിയറിഞ്ഞു പ്രതികരിച്ച സാമൂഹ്യപ്രതിബദ്ധതയുള്ള പലരെയുംപോലെ ഞങ്ങള്‍ക്കും പറയാനുള്ളത്. മതാന്ധതയുടെ പേരിലുള്ള കണ്ണില്‍ച്ചോരയില്ലായ്മകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പരമാവധി ശിക്ഷ നല്‍കേണ്ടതുണ്ട്. അതിനാല്‍, മതേതരവിശ്വാസികളെ വേദനിപ്പിക്കുന്നതാണ് ഈ വിധി.
24 പ്രതികളില്‍ 11 പേര്‍ക്ക് ജീവപര്യന്തവും 12 പേര്‍ക്ക് ഏഴുവര്‍ഷം തടവും ഒരാള്‍ക്ക് പത്തുവര്‍ഷം തടവുമാണു കോടതി വിധിച്ചിരിക്കുന്നത്. 24 പേര്‍ക്കും വധശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി നിരാകരിച്ചു. 'അപൂര്‍വങ്ങളില്‍ അപൂര്‍വം' എന്ന വിഭാഗത്തില്‍പ്പെട്ടതല്ല ഈ കുറ്റകൃത്യമെന്നും നേരത്തെ ഗൂഢാലോചന നടന്നിട്ടില്ലെന്നും ആള്‍ക്കൂട്ടത്തിന്റെ പെട്ടെന്നുണ്ടായ പ്രകോപനത്തെത്തുടര്‍ന്നാണു കൂട്ടക്കൊല നടന്നതെന്നുമായിരുന്നു അന്വേഷണറിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് അംഗീകരിച്ചാണു കോടതി പ്രതികള്‍ക്കു നിസാരശിക്ഷ വിധിച്ചിരിക്കുന്നത്.
വിധി കേട്ടയുടനെ ഗുജറാത്ത് മുന്‍ ഡി.ജി.പി ആര്‍.ബി ശ്രീകുമാറും മുന്‍ ഐ.ജി സഞ്ജീവ് ഭട്ടും പ്രതികരിച്ചത് ശിക്ഷ തീരെകുറഞ്ഞുപോയെന്നാണ്. ഗുജറാത്ത് കലാപത്തിനുശേഷം ഇരള്‍ക്കൊപ്പംനിന്ന ആര്‍.ബി ശ്രീകുമാറും സഞ്ജീവ് ഭട്ടും മോദിസര്‍ക്കാരിന്റെ കണ്ണിലെ കരടായിരുന്നു. ഇരുവരെയും സര്‍ക്കാര്‍ പുകച്ചു പുറത്തുചാടിക്കുകയായിരുന്നു. ഗുജറാത്ത് കലാപക്കേസില്‍ കക്ഷിചേര്‍ന്നതു മുതല്‍ മനുഷ്യാവകാശപ്രവര്‍ത്തകയായ ടീസ്റ്റാ സെത്ല്‍വാദിനെ ഗുജറാത്ത് സര്‍ക്കാറും കേന്ദ്ര സര്‍ക്കാറും വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. അവരുടെ സന്നദ്ധസംഘടനയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുകയും ചെയ്തു.
ഈ ശിക്ഷപോലും ഏറ്റുവാങ്ങാന്‍ സംഘ്പരിവാറിനു മനസില്ലെന്നാണു ശിക്ഷാവിധി കഴിഞ്ഞയുടനെ കോടതി പരിസരത്തുണ്ടായ സംഘര്‍ഷം വ്യക്തമാക്കുന്നത്. പ്രതികളുടെ ബന്ധുക്കള്‍ മാധ്യമപ്രവര്‍ത്തകരെ കൈയേറ്റംചെയ്തു. 'ഞങ്ങളുടെ സര്‍ക്കാര്‍ ഭരിച്ചിട്ടും കേസില്‍നിന്ന് ഊരിപ്പോരാന്‍ കഴിയില്ലേ'യെന്നവര്‍ ആക്രോശിക്കുന്നുണ്ടായിരുന്നു.
ഫെബ്രുവരി 28നു ഗുല്‍ബര്‍ഗ് ഹൗസിങ് സൊസൈറ്റിയില്‍ നടന്ന കൂട്ടക്കൊലയില്‍ കോണ്‍ഗ്രസിന്റെ മുന്‍ എം.പി ഇഹ്‌സാന്‍ ജാഫ്രിയുള്‍പ്പെടെ 69 പേരാണു കൊല്ലപ്പെട്ടത്. കലാപം സംബന്ധിച്ചു ഗുജറാത്ത് സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തില്‍ തൃപ്തിപോരാഞ്ഞ് ജാഫ്രിയുടെ വിധവ സാകിയ ജാഫ്രി സുപ്രിംകോടതിയില്‍ നല്‍കിയ ഹരജിയെത്തുടര്‍ന്നാണു മുന്‍ സി.ബി.ഐ ഡയറക്ടര്‍ ആര്‍.കെ രാഘവന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണസംഘത്തെ നിയോഗിച്ചത്. ആര്‍.കെ രാഘവന്റെ അന്വേഷണം നിഷ്പക്ഷമാവില്ലെന്നു ആര്‍.ബി ശ്രീകുമാറുള്‍പ്പെടെ പലരും തുടക്കത്തില്‍ത്തന്നെ വിമര്‍ശനമുയര്‍ത്തിയിരുന്നു.
വന്‍കിടനേതാക്കളെയും പ്രമുഖരെയും ഒഴിവാക്കിയാണ് ആര്‍.കെ രാഘവന്‍ കോടതിയില്‍ അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ആയിരക്കണക്കിനാളുകള്‍ അക്രമാസക്തരായെത്തിയ സംഭവത്തില്‍ വെറും 66 പേരെയാണു പ്രതി ചേര്‍ത്തത്. ഇവരില്‍ ആറുപേര്‍ വിചാരണയ്ക്കിടയില്‍ മരിച്ചു. 34 പേരെ നേരത്തെതന്നെ വെറുതെ വിട്ടു. ശേഷിച്ച 24 പേര്‍ക്കാണു നിസാരമായ ശിക്ഷ നല്‍കിയിരിക്കുന്നത്. വെറും 24 പേര്‍ക്ക് എങ്ങിനെയാണ് അഞ്ഞൂറോളംപേരെ വകവരുത്താനാവുകയെന്നു കോടതി അത്ഭുതംപ്രകടിപ്പിക്കുംവിധത്തില്‍ അന്വേഷണം പ്രഹസനമായിരുന്നുവെന്നുവേണം മനസിലാക്കാന്‍.
ഗുല്‍ബര്‍ഗ് കൂട്ടക്കുരുതിയില്‍ ഭരണഗൂഢാലോചന ഉണ്ടായിരുന്നുവെന്നാരോപിച്ചു സാകിയ നല്‍കിയ ഹരജിയില്‍ വേറൊരു അന്വേഷണം നടന്നുവരുന്നുണ്ട്. സംഭവത്തെക്കുറിച്ച് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിക്കും മറ്റ് 62 പേര്‍ക്കും അറിവുണ്ടായിരുന്നുവെന്നാണു സാകിയ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നത്.
2002 ഫെബ്രുവരി 27നു സബര്‍മതി എക്‌സ്പ്രസ് തീവണ്ടിയിലുണ്ടായ തീപിടിത്തത്തില്‍ 59 കര്‍സേവകര്‍ കൊല്ലപ്പെട്ടിരുന്നു. അതിന് അടുത്തദിവസമാണ് ഗുല്‍ബര്‍ഗ പാര്‍പ്പിട സമുച്ഛയത്തില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ അതിക്രമിച്ചുകയറി കെട്ടിടങ്ങള്‍ക്കു തീവയ്ക്കുകയും താമസക്കാരെ വെട്ടിക്കൊല്ലുകയും ചെയ്തത്.
അക്രമികള്‍ കൂട്ടത്തോടെ വന്നപ്പോള്‍ താമസക്കാര്‍ രക്ഷയ്ക്കായി ഇഹ്‌സാന്‍ ജാഫ്രിയുടെ വീട്ടില്‍ അഭയംതേടി. അവരാണ് വധിക്കപ്പെട്ടത്. കൂട്ടത്തില്‍ ജാഫ്രിയും. സ്ത്രീകളും പിഞ്ചുകുഞ്ഞുങ്ങളുംവരെ മനുഷ്യാധമന്മാരുടെ കൊലക്കത്തിക്കിരയായി. നീണ്ട 12 മണിക്കൂറാണ് അക്രമികള്‍ ഇവിടെ സംഹാരനൃത്തമാടിയത്. അക്രമികള്‍ വരുന്നതറിഞ്ഞു പൊലിസുദ്യോഗസ്ഥരെയും മോദിയെത്തന്നെയും ഇഹ്‌സാന്‍ ജാഫ്രി വിളിച്ചുനോക്കിയെങ്കിലും ആരും രക്ഷയ്‌ക്കെത്തിയില്ല. സ്ഥലത്തുണ്ടായിരുന്ന പൊലിസുകാര്‍പോലും പിന്‍വാങ്ങുകയായിരുന്നു. ഭരണകൂട ഒത്താശയോടെയുള്ള കൂട്ടക്കുരുതിയാണു പിന്നീടു നടന്നത്. സഹായത്തിനായി കേണ മനുഷ്യരെ നിഷ്‌കരുണം വെട്ടിക്കൊന്നതില്‍ യാതൊരു ഗൂഢാലോചനയുമില്ലെന്ന കണ്ടെത്തല്‍ അവിശ്വസനീയമാണ്.
ന്യൂനപക്ഷവിഭാഗങ്ങളില്‍പ്പെട്ട ജനങ്ങള്‍ താമസിച്ച, പൂവിതള്‍ എന്നര്‍ത്ഥംവരുന്ന ഗുല്‍ബര്‍ഗ് ഇന്നൊരു പ്രേതാലയമാണ്. ഒരു കൂട്ടക്കുരുതിയുടെ ഓര്‍മപ്പെടുത്തല്‍പോലെ ഗുല്‍ബര്‍ഗ് കരിവാളിച്ചുനില്‍ക്കുന്നു. അലഹബാദ് പ്രത്യേക കോടതിവിധിക്കെതിരേ നിയമപോരാട്ടം അവസാനിപ്പിക്കാതെ വയോവൃദ്ധയായ സാകിയ ജാഫ്രിയും ടീസ്റ്റ സെത്ല്‍വാദും സുപ്രിംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാനിരിക്കുകയാണ്. ആകാശം ഇടിഞ്ഞുവീണാലും നീതി നടപ്പാവണമെന്നാണു ജുഡീഷ്യറിയുടെ ആപ്തവാക്യം. ആ നീതി പുലരുമെന്നുതന്നെ പ്രതീക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."