സഊദിയില്‍ അഴിമതിവിരുദ്ധ സമിതി തിരിച്ചുപിടിച്ചത് 107 ബില്യണ്‍ ഡോളര്‍
#അബ്ദുസ്സലാം കൂടരഞ്ഞി
റിയാദ്: സഊദിയില്‍ കിരീടാവകാശിയുടെ നേതൃത്വത്തില്‍ നടന്ന അഴിമതിക്കെതിരെയുള്ള പോരാട്ടം പൂര്‍ണ വിജയം. അഴിമതിക്കേസില്‍ അറസ്റ്റിലായവരില്‍ നിന്നും രാജ്യത്തിന് നഷ്ടപ്പെട്ട 107 ബില്യണ്‍ ഡോളര്‍ (400 ബില്യണ്‍ റിയാല്‍) പൊതുഖജനാവിലേക്ക് തിരിച്ചുപിടിച്ചതായും അഴിമതി വിരുദ്ധ സമിതി രാജാവിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. പണമായി ഖജനാവിലേക്ക് എത്തിയ തുകക്ക് പുറമെ റിയല്‍ എസ്‌റ്റേറ്റ്, കമ്പനികള്‍, സെക്യൂരിറ്റി വസ്തുക്കള്‍ എന്നിവയുടെ മൂല്യം കണക്കാക്കിയാണ് തിരിച്ചെത്തിയവര്‍ തുക കണക്കാക്കിയത്. അഴിമതി വിരുദ്ധ സമിതിയുടെ പ്രവര്‍ത്തനം ഇതോടെ അവസാനിച്ചുവെന്നും സമിതിക്ക് കീഴില്‍ 381 പേരെയാണ് പിടികൂടിയതെന്നും ഇതില്‍ ചിലരെ സംശയത്തിന്റെ പേരില്‍ വിവിളിച്ചു വരുത്തിയതാണെന്നും സമിതി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
അഴിമതി നടത്തിയതായി കുറ്റസമ്മതം നടത്തിയ ശേഷം ഒത്തുതീര്‍പ്പിന് തയ്യാറായവര്‍ 87 പേരാണ്. എട്ടു പേര്‍ ഒത്തുതീര്‍പ്പിനു വിസമ്മതിച്ചതിനെ തുടര്‍ന്ന് നിയമ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് കൈമാറി. രാജ്യത്തിന്റെ നിയമവ്യവസ്ഥക്കനുസരിച്ചു ഇവരെ കൈകാര്യം ചെയ്യും. ക്രിമിനല്‍ കുറ്റം നിലവിലുള്ള 56 പേരുമായി ധാരണയിലെത്താന്‍ പബ്ലിക് പ്രോസിക്യൂഷന്‍ വിസമ്മതിച്ചു. ട്രഷറിയിലേക്ക് എത്തിച്ചത് 107 ബില്യണ്‍ ഡോളര്‍ (400 ബില്യണ്‍ റിയാല്‍) മൂല്യമുള്ള വസ്തുക്കളാണ്. റിപോര്‍ട്ടില്‍ വ്യക്തമാക്കി. അഴിമതിക്കും സ്വജന പക്ഷപാതത്തിനുമെതിരെ രാജ്യം പോരാട്ടം തുടരുമെന്നും ഇതിനായി നിയമം ശക്തമാക്കുമെന്നും പൊതുസ്വത്ത് സംരക്ഷിക്കുന്നതില്‍ എല്ലാ ബന്ധപ്പെട്ട വകുപ്പുകളും ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നും രാജാവ് വ്യക്തമാക്കിയതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോട്ട് ചെയ്തു.
2017 നവംബറില്‍ സഊദി കിരീടാവകാശിയുടെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ നടന്ന കൂട്ട അറസ്റ്റില്‍ സഊദി രാജകുമാരന്മാരും സഊദി കോടീശ്വരന്മാരും, ബിസിനസ് പ്രമുഖരുമടക്കമാണ് അറസ്റ്റ് ചെയ്തിരുന്നത്. സഊദി കിരീടാവകാശിയുടെ ഉത്തരവില്‍ നിരവധി പേരെ പിടികൂടിയത് ഏവരെയും ഞെട്ടിച്ചിരുന്നു. തലസ്ഥാന നഗരിയായ റിയാദിലെ പ്രശസ്ത ഹോട്ടലായ റിയാദ് റിത്സ് കാള്‍ട്ടന്‍ ഹോട്ടലിലേക്ക് വിളിച്ച് വരുത്തിയ ശേഷമാണ് അഴിമതിക്കേസില്‍ തടവിലാക്കിയതായി പ്രഖ്യാപിച്ചത്. ലോക കോടീശ്വര പട്ടികയിലെ പ്രമുഖനും അറബ് ലോകത്തെ കോടീശ്വരനും ബിസിനസ് പ്രമുഖനുമായ അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരന്‍, രാജകുടുംബത്തിലെ പ്രമുഖനും മുന്‍ രാജാവായിരുന്ന അന്തരിച്ച അബ്ദുല്ല രാജാവിന്റെ ഇഷ്ട പുത്രനും നാഷണല്‍ ഗാര്‍ഡിന്റെ മുന്‍ തലവന്‍ കൂടിയായിരുന്ന മിതൈബ് ബിന്‍ അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരനടക്കമുള്ളവരെയായിരുന്നു തടവിലാക്കിയിരുന്നത്. എന്നാല്‍, ഇരുവരുമടക്കം പലരും സഊദി ഭരണകൂടവുമായി ഒത്തുതീര്‍പ്പിലെത്തി തടവില്‍ നിന്നും നേരത്തെ തന്നെ പുറത്തിറങ്ങിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."