പാലാ-കോഴാ റോഡ് : മരണം പതിയിരിക്കുന്ന ദുരന്തപാത
പാലാ: പാലാ -പൂഞ്ഞാര്‍ ഹൈവേയും എം.സി റോഡും തമ്മില്‍ ബന്ധിപ്പിക്കുന്ന ഏറ്റവും തിരക്കേറിയ പാതായായ പാലാ-കോഴാ റോഡില്‍ അപകടം പതിവാകുന്നു. രണ്ടു ഭാഗത്തേക്കുമുള്ള വാഹനഗതാഗതത്തിന് അനുയോജ്യമല്ലാത്ത റോഡാണ് ഇതെന്ന് നിരവധി ആക്ഷേപം മുന്‍പ് ഉയര്‍ന്നിരുന്നു. എന്നാല്‍ അപകടകരമായ റോഡിന്റെ വളവുകളും തിരിവുകളും വീതി കുറവും പരിഹരിക്കാന്‍ നാളിതുവരെ അധികൃതര്‍ക്ക് കഴിയാതെ പോയതിന്റെ ഫലമാണ് റോഡില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന അപകടങ്ങള്‍.
പാലാ, ഈരാറ്റുപേട്ട, മുണ്ടക്കയം, പത്തനംതിട്ട ഭാഗങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് എറണാകുളത്തേക്കും ആലപ്പുഴ ജില്ലയിലേക്കും എളുപ്പത്തില്‍ എത്തിച്ചേരുന്നതിനുള്ള പ്രധാന റോഡാണിത്. വളരെ ഇടുങ്ങിയ ഈ റോഡില്‍ അത്യാധുനിക ബി.എം.ബി.സി ടാറിങ് പൂര്‍ത്തിയായതുമുതല്‍ വാഹനങ്ങള്‍ ചീറിപ്പായുന്ന സ്ഥിതിയാണ്. വേണ്ടത്ര മുന്നറിയിപ്പുകളും വേഗനിയന്ത്രണ സംവിധാനങ്ങളും ഇല്ലാത്തതുമൂലം അപകടങ്ങളും മരണനിരക്കും ഏറുകയാണ്. എതിര്‍ദിശകളിലായി രണ്ടുവാഹനങ്ങള്‍ എത്തിയാല്‍ കാല്‍നടയാത്രപോലും ദുസഹാമായ അവസ്ഥയാണ്.
5.5 മീറ്റര്‍ മുതല്‍ 6 മീറ്റര്‍ വരെ മാത്രമേ റോഡിന് വീതിയയുള്ളൂ. എതിര്‍ദിശയില്‍ നിന്നും വരുന്ന വാഹനങ്ങളെ കാണാന്‍ കഴിയാത്ത ബ്ലാക്ക് സ്‌പോട്ടുകള്‍ നിറഞ്ഞ നിരവധി കയറ്റങ്ങളും ഇറക്കങ്ങളും വളവുകളും റോഡിലുണ്ട്. ചൊവ്വാഴ്ച വൈകിട്ട് ഇല്ലിക്കല്‍താഴെ ജങ്ഷന് സമീപമുണ്ടായ ബൈക്ക് അപകടത്തില്‍ മൂന്ന് വിദ്യാര്‍ഥികളാണ് മരിച്ചത്. ഈ ഭാഗം വളരെ ഇടങ്ങിയതും വളവും അപകടത്തിന് കാരണമായി. അപകടങ്ങളില്‍ ഉണ്ടാകുന്ന പ്രതികരണങ്ങളില്‍ കവിഞ്ഞ് റോഡിന് ഒരു രൂപമാറ്റവും ഉണ്ടാകുന്നില്ല. വാഹനങ്ങള്‍ അപകടങ്ങളില്‍പ്പെടാതെ പോകുന്നത് ഭാഗ്യം കൊണ്ട് മാത്രം.
തിരക്കേറിയ റോഡുകള്‍ അപകടരഹിതമാക്കുന്നതിന് നിരവധി പ്രഖ്യാപനങ്ങളും ഔദ്യോഗിക സമിതികളും എല്ലാം ഉണ്ടെങ്കിലും ഈ റോഡിലെ അപകട സാധ്യതകളെ സംബന്ധിച്ച് ഒരുവിധ പഠനങ്ങളും ഉണ്ടായിട്ടില്ല. അപകടം ഇല്ലാതാക്കുന്നതിന് ആവശ്യമായ സുരക്ഷാക്രമീകരണങ്ങളും ഇല്ല. തൊടുപുഴ-പാലാ-പൊന്‍കുന്നം റോഡിനേക്കാളും വാഹന സാന്ദ്രത കൂടിയ റോഡാണ് പാലാ -കോഴാ റോഡെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
വാഹനസാന്ദ്രതയ്ക്ക് അനുസൃതമായവിധം റോഡ് വികസിപ്പിക്കണമെന്നതില്‍ നാട്ടുകാര്‍ക്കും തര്‍ക്കമില്ല. റോഡിന് ഇരുവശവും പാര്‍ക്കിങ് സ്ഥലം പോലും ഇല്ലാതെ നിരവധി കെട്ടിടങ്ങളും സംരക്ഷണമതിലുകളുമാണ് ഉയരുന്നത്.
വിവിധ ആഘോഷങ്ങളും, മരണചടങ്ങകളും ഉണ്ടായാല്‍ റോഡിന്റെ ഇരുവശവും സ്വകാര്യ വാഹനങ്ങള്‍ കയ്യേറുന്നു. ഇങ്ങനെ ഗതാഗതതടസം ഉണ്ടാക്കുന്നത് ഈ റോഡില്‍ പതിവാണ്.
വാഹന അപകടങ്ങളും അതേത്തുടര്‍ന്ന് മരണങ്ങളും തുടര്‍ക്കഥയായ പാലാ-കോഴാ റോഡിന്റെ അപകടകരമായ സ്ഥിതിയെ സംബന്ധിച്ച് ശാസ്ത്രീയപഠനം നടത്തുകയും റോഡ് വികസനം സാധ്യമാക്കണമെന്നും പ്ലാനിംഗ് ബോര്‍ഡിന്റെ പൊതുമരാമത്തിനായുള്ള വര്‍ക്കിങ് ഗ്രൂപ്പ് അംഗം ഡിജോ കാപ്പന്‍, ളാലം ബ്ലോക്ക് പ്രസിഡന്റ് ജോര്‍ജ്ജ് നടയത്ത് എന്നിവര്‍ ആവശ്യപ്പെട്ടു.
റോഡ് സുരക്ഷാ അതോറിട്ടിയുടെ ഇടപെടല്‍ എത്രയും വേഗം ഉണ്ടാകണമെന്ന് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ നിര്‍വാഹക സമിതിയോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ചെയര്‍മാന്‍ ജെയ്‌സന്‍ മാന്തോട്ടം അധ്യക്ഷത വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."