ഒത്തുതീര്‍പ്പുകളില്‍ ഒതുങ്ങുന്നതാകരുത് ജീവിതം: കെ.ഇ.എന്‍
ആലപ്പുഴ: ഒത്തുതീര്‍പ്പുകളില്‍ ഒതുങ്ങുന്നതാകരുത് ജീവിതമെന്ന് സാംസ്‌കാരിക പ്രവര്‍ത്തകനായ കെ.ഇ.എന്‍ പറഞ്ഞു. വിലക്കുകള്‍ക്കെതിരെ യുവ എഴുത്തുകാരുടെ സാംസ്‌കാരിക പ്രതിരോധം ഉയര്‍ത്തിവിട്ടുകൊണ്ട് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന 'എഴുത്തകം' പരിപാടിയില്‍ വായനയിലെ സംഘര്‍ഷങ്ങളെപ്പറ്റി സംസാരിക്കുകയായിരുന്നു അദ്ദേഹം. അദൃശ്യരെ ദൃശ്യരാക്കുകയെന്നതാണ് ജനാധിപത്യം. ജനാധിപത്യം കുറയുമ്പോള്‍ സംഘര്‍ഷം കൂടും. ജനാധിപത്യം കൂടുമ്പോള്‍ ചോദ്യങ്ങളുയരുമെന്നും അദ്ദേഹം പറഞ്ഞു.
ജീവിതം സമരവും സമരസപ്പെടലുമാണ്. സമരസപ്പെടല്‍ അധികാരികള്‍ക്കു മുന്നിലുള്ള സാഷ്ടാംഗ പ്രണാമമാകരുത്. പൊരുതി മരിക്കുക എന്നത് യഥാര്‍ഥത്തില്‍ പൊരുതി ജീവിക്കുക എന്നതാണ്. നിരാശരാകുന്നതുപോലും നല്ലതാണ്. കാരണം അത് പ്രത്യാശയ്ക്ക് കാരണമാകും. കറുത്ത നിറത്തെപ്പറ്റി പൊതുസമൂഹത്തിന് തെറ്റിദ്ധാരണകളേറെയാണെന്ന് കെ.ഇ.എന്‍ ചൂണ്ടിക്കാട്ടി. കറുത്ത ശരീരങ്ങള്‍ ഏതോ അപകടകാരികളാണെന്നാണ് കാഴ്ചപ്പാടുകള്‍. കറുപ്പില്‍ കള്ളനും കുറ്റവാളിയും ഭീകരനും ഉണ്ടെന്നതു സമൂഹത്തിന്റെ അപകര്‍ഷബോധത്തില്‍ നിന്നുണ്ടായ ചിന്തയാണ്. അധിനിവേശം കടന്നുവന്നതോടെയാണ് ഒരു കാലത്ത് നിറഞ്ഞുനിന്ന നിറമായിരുന്ന കറുപ്പ് അപകടമാണെന്ന അടയാളപ്പെടുത്തലിലേക്ക് മാറിയത്. കറുത്തവരാണ് ലോകം വെട്ടിപ്പിടിച്ചിരുന്നതെങ്കില്‍ നമ്മുടെ സൗന്ദര്യവര്‍ധക വ്യവസായങ്ങള്‍ തന്നെ രൂപംമാറുമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സിനിമ എഴുത്ത് തലക്കെട്ടുകള്‍ എല്ലാറ്റിലും പേരിന്റെ പേരില്‍ പ്രതികളാക്കപ്പെട്ടവരുണ്ട്. വായന പലരും കരുതുന്നതുപോലെ സാക്ഷരത ഇടയാക്കിയ ഒന്നല്ല. തുടര്‍ച്ചയായ സാംസ്‌കാരിക ഇടപടെലുകളാണ് നമ്മെ വായനയിലേക്ക് എത്തിച്ചത്. ലിപിയും അക്ഷരങ്ങളും രൂപപ്പെടുന്നതിനു മുന്‍പുതന്നെ വായനയുണ്ടായിരുന്നു.
സാക്ഷരതയ്ക്കു മുന്‍പുള്ള വായനയും സാക്ഷരതയ്ക്കു ശേഷമുള്ള വായനയും ഇലക്ട്രോണിക് വായനയുമടക്കം ചുരുങ്ങിയത് അഞ്ചു തരം വായനകളെങ്കിലുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റേതടക്കമുള്ള സ്വീകാര്യത അടിച്ചമര്‍ത്തപ്പെട്ടവരുടേതടക്കമുള്ള തിരിച്ചുവരവുകളാണ് സൂചിപ്പിക്കുന്നത്. സ്ത്രീ സ്വാതന്ത്ര്യത്തെപ്പറ്റി വനിതാ ദിനത്തില്‍ പറയുമ്പോള്‍ സ്ത്രീ വിമോചന ചരിത്രത്തിലെ ആദ്യ രക്തസാക്ഷിയായ ശകുന്തളാദേവിയെ സ്മരിക്കാതെ പറ്റില്ല. സിദ്ധാര്‍ഥ കുമാരന്‍ ഒരു രാത്രിയിറങ്ങി ബുദ്ധനായി തിരിച്ചെത്തി. എന്നാല്‍ യശോദയായിരുന്നു രാത്രിയിലിറങ്ങിയതെങ്കില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ പോലും കിട്ടുമായിരുന്നില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഭൂമിയിലെ സ്വര്‍ഗമെന്നായിരുന്നു കശ്മീരിനെ വിശേഷിപ്പിച്ചിരുന്നതെങ്കില്‍ ഇന്ന് കശ്മീര്‍ എന്നു പറയുന്നതുപോലും ദേശവിരുദ്ധമാകുന്ന സ്ഥിതിയാണ്. ഭീകരവാദികള്‍ കാശ്മീരില്‍ മാത്രമല്ല, എവിടെയുമുണ്ടാകും. ലഷ്‌കര്‍ഇ തോയിബയെയും ബിന്‍ ലാദനേയും നമുക്കെല്ലാം അറിയാം. അതേസമയം സംജോദ എക്‌സ്പ്രസില്‍ സ്‌ഫോടനം നടത്തിയ കേണല്‍ പുരോഹിതിനേയും അഭിനവ് ഭാരത് എന്ന സംഘടനയേയും ആര്‍ക്കുമറിയില്ലെന്നതാണ് വൈരുദ്ധ്യമെന്ന് കെ.ഇ.എന്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."