രാജസ്ഥാനില്‍ കോണ്‍ഗ്രസും ഹരിയാനയില്‍ ബി.ജെ.പിയും വിജയിച്ചു
ന്യൂഡല്‍ഹി: നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടന്ന രാജസ്ഥാനില്‍ കോണ്‍ഗ്രസും ഹരിയാനയില്‍ ബി.ജെ.പിയും വിജയിച്ചു.
രാജസ്ഥാനിലെ രാംഗഡ് മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഷാഫിയാ സുബൈര്‍ 12,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ഇതോടെ 200 അംഗ രാജസ്ഥാന് നിയമസഭയില്‍ കോണ്‍ഗ്രസിന്റെ അംഗബലം 100 ആയി. സംസ്ഥാനത്ത് പുതിയതായി അധികാരമേറ്റ കോണ്‍ഗ്രസ് സര്‍ക്കാരിന് ഈ വിജയം അടുത്ത ലോക് സഭാ തെരഞ്ഞെടുപ്പിലേക്കുള്ള വിജയപ്രതീക്ഷ നല്‍കുന്നതാണ്. രാംഗഡില്‍ ശക്തമായ ത്രികോണ മത്സരമായിരുന്നു നടന്നത്. ബി.എസ്.പി, ബി.ജെ.പി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ തമ്മിലായിരുന്നു മത്സരം.
ബി.എസ്.പി സ്ഥാനാര്‍ഥിയായിരുന്നത് മുന്‍ കേന്ദ്രമന്ത്രി നട്വര് സിങിന്റെ മകന് ജഗത് സിങായിരുന്നു. ബി.ജെ.പി സ്ഥാനാര്‍ഥി സുഖ്വന്ത് സിങ്ങും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഷാഫിയാ സുബൈറും ആയിരുന്നു.
ഹരിയാനയില്‍ ഭരണകക്ഷിയായ ബി.ജെ.പിക്ക് ആശ്വസിക്കാന്‍ വകനല്കുന്നതാണ് ജീന്ദ് ഉപതെരഞ്ഞെടുപ്പ് ഫലം. ഉപതെരഞ്ഞെടുപ്പ് ബി.ജെ.പിക്കും കോണ്‍ഗ്രസിനും നിര്‍ണായകമായിരുന്നു.
ബി.ജെ.പിയുടെ ക്രിഷന്‍ മിദ്ദയാണ് ഇവിടെ വിജയിച്ചത്. 12,000 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് അദ്ദേഹവും ഈ മണ്ഡലത്തില്‍ വിജയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."