മായാവതിക്കെതിരേ നീക്കം: യു.പിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് റെയ്ഡ്
ലഖ്‌നൗ: ബി.എസ്.പി അധ്യക്ഷ മായാവതി മുഖ്യമന്ത്രിയായിരുന്ന 2007-12 കാലത്ത് നടന്ന സ്മാരകങ്ങളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് 1,400 കോടിയുടെ അഴിമതിയുണ്ടായെന്ന് ആരോപിച്ച് ഇന്നലെ ഉത്തര്‍പ്രദേശിലെ ആറു കേന്ദ്രങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് റെയ്ഡ് നടത്തി.
എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ ഭരണകാലത്തുണ്ടായ ഖന ന അഴിമതിയുമായി ബന്ധപ്പെട്ട് വിവിധ ഇടങ്ങളില്‍ ഒരാഴ്ച മുന്‍പ് സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ മായാവതിക്കെതിരേയും കേന്ദ്രത്തിന്റെ നീക്കമുണ്ടായത്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എസ്.പിയും ബി.എസ്.പിയും സഖ്യത്തോടെ മത്സരിക്കാനുള്ള തീരുമാനം ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായേക്കുമെന്ന് തിരിച്ചറിഞ്ഞാണ് പഴയ കേസുകള്‍ കുത്തിപ്പൊക്കി പ്രതിയോഗികളെ നേരിടുന്നതെന്ന ആരോപണം ഇതിനിടയില്‍ ശക്തമായിട്ടുണ്ട്. മായാവതിയുടെ കാലത്തെ അഴിമതിയുമായി ബന്ധപ്പെട്ട് നിരവധി ഉദ്യോഗസ്ഥരും എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന്റെ നിരീക്ഷണത്തിലാണ്.
അഖിലേഷ് യാദവുമായി ബന്ധപ്പെട്ട കേസില്‍ സി.ബി.ഐ 14 ഇടങ്ങളിലായിരുന്നു റെയ്ഡ് നടത്തിയത്. 2012-16 വര്‍ഷത്തില്‍ അഖിലേഷ് യാദവ് മുഖ്യമന്ത്രിയായിരിക്കെയാണ് ഹാമിര്‍പൂര്‍ ജില്ലയില്‍ അനധികൃത ഖനനം നടന്നതെന്നാണ് ആരോപണം. അതേസമയം കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് എതിരാളികള്‍ക്കെതിരായ നീക്കം ശക്തമാക്കിയത് ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണെന്ന് എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ് ആരോപിച്ചു. അഞ്ചുമാസം മുന്‍പ് അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം നടത്തുന്നതെന്നാണ് ബി.ജെ.പി പറയുന്നത്. എന്നാല്‍ കോടതിയുടെ ഉത്തരവില്‍ ആരാണ് കുറ്റവാളികളെന്ന് വ്യക്തമാക്കിയിട്ടില്ലെന്നിരിക്കെ മായാവതിയുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ റെയ്ഡ് നടത്തിയതിനു പിന്നില്‍ രാഷ്ട്രീയലക്ഷ്യം തന്നെയെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."