എന്‍ജിനില്‍ കുടുങ്ങിയ യുവാവിന്റെ മൃതദേഹവുമായി ട്രെയിന്‍ ഓടിയത് 4 കിലോമീറ്റര്‍
കോട്ടയം: ട്രെയിന്‍ തട്ടി മരിച്ച യുവാവിന്റെ മൃതദേഹവുമായി വണ്ടി ഓടിയത് നാലു കിലോമീറ്ററോളം. എന്ജിന് മുന്‍ഭാഗത്ത് കുരുങ്ങിയ നിലയിലുള്ള മൃതദേഹം റെയില്‍വേ ജീവനക്കാര്‍ കാണുന്നത് അടുത്ത സ്റ്റേഷനിലെത്തുമ്പോള്‍ മാത്രം. ചിങ്ങവനത്തിനും ചങ്ങനാശേരിക്കുമിടെ കുറിച്ചി പാപ്പാഞ്ചിറ റെയില്‍വേ ക്രോസിന് സമീപത്താണ് സംഭവം.
ഇന്നലെ രാവിലെ ആറു മണിയോടെ കൊല്ലം-എറണാകുളം പാസഞ്ചര്‍ ക്രോസ് കടക്കുമ്പോള്‍ കുറിച്ചി മലങ്കുന്നം ചേരുകളം ലിജോ ജോസാണ് (29) ട്രെയിനിന് മുന്നിലേക്ക് ചാടിയത്. എന്നാല്‍ ട്രെയിന്‍ ഇടിച്ച് ഇയാള്‍ ട്രാക്കിലേക്ക് വീഴാതെ എന്‍ജിന്റെ മുന്‍ഭാഗത്ത് കുരുങ്ങിക്കിടക്കുകയായിരുന്നു, ഹുക്കിലേക്ക് കുരുങ്ങിയ ശരീരത്തിലേക്ക് കമ്പികള്‍ തുളച്ചു കയറി. കാല്പാദങ്ങള് ട്രാക്കില്‍ ഉരസിയതുമൂലം വേര്‍പെട്ട് പോയി.
ലോക്കോ പൈലറ്റുമാര്‍ അപകടം നടന്നത് അറിഞ്ഞിരുന്നില്ല. മൃതദേഹവുമായി ട്രെയിന്‍ അടുത്ത സ്റ്റേഷനായ ചിങ്ങവനം വരെ ഓടിയെത്തി. ഇവിടെയെത്തുമ്പോഴാണ് മൃതദേഹം കുരുങ്ങിക്കിടക്കുന്നതായി കാണുന്നത്. തുടര്‍ന്ന് റെയില്‍വേ അധികൃതര്‍ പൊലിസില്‍ വിവരമറിയിച്ചു. പൊലിസെത്തി മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."