മരുന്നുവില കുറയ്ക്കാത്ത മെഡിക്കല്‍ സ്റ്റോറുകള്‍ക്കെതിരേ നടപടി
തിരുവനന്തപുരം: അവശ്യമരുന്നുകളുടെ വില കുറയ്ക്കാത്ത മെഡിക്കല്‍ സ്റ്റോറുകള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് നിര്‍ദേശം നല്‍കി.
വില കുറയ്ക്കണമെന്ന ആവശ്യം കേന്ദ്രം അംഗീകരിച്ച സാഹചര്യത്തിലാണിത്. വിലക്കുറവ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഇതിനായി മെഡിക്കല്‍ സ്റ്റോറുകളില്‍ പരിശോധന നടത്തണം. ഇതിനോടൊപ്പം മരുന്നുക്ഷാമമുണ്ടാകാതെ ശ്രദ്ധിക്കുകയും വേണം. ചില കടയുടമകള്‍ എം.ആര്‍.പി വിലയാണ് ഇപ്പോഴും ഈടാക്കുന്നത്. മരുന്നുകമ്പനികള്‍ നിലവിലുള്ള സ്റ്റോക്ക് തിരിച്ചെടുത്ത് കുറഞ്ഞ വില പ്രിന്റ് ചെയ്ത പായ്ക്കറ്റ് പുറത്തിറക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ആശുപത്രികളിലും ലബോറട്ടറികളിലും പ്രവര്‍ത്തനസമയം എഴുതി പ്രദര്‍ശിപ്പിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെ 24 മണിക്കൂറും പ്രവര്‍ത്തിക്കേണ്ട ലാബില്‍ രോഗികള്‍ എത്തിയപ്പോള്‍ പരിശോധിക്കാന്‍ ആളുണ്ടായിരുന്നില്ലെന്ന പരാതി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പ് ഡയരക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കിയത്. വാഗ്ദാനം ചെയ്യുന്ന സേവനം കൃത്യമായി നല്‍കാന്‍ കഴിയണം. സംസ്ഥാനത്തെ മുഴുവന്‍ ആശുപത്രികളിലും ഇത് നടപ്പാക്കണം. എസ്.എ.ടി ആശുപത്രിയിലുണ്ടായ സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരേ നടപടിയെടുക്കണമെന്നും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."