അവധി കൊടുത്ത് നാട്ടിലെത്തിയപ്പോള്‍ തിരിച്ചുവിളിച്ചു: മടങ്ങിവരുമ്പോള്‍ കൊറോണയും കൊണ്ടുവരുമോയെന്ന ആശങ്കയില്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍, സുരക്ഷാ സംവിധാനമൊരുക്കാതെ കോളജുകള്‍
കോഴിക്കോട്: അവധി കൊടുത്തയുടനെ തിരിച്ചുവിളിച്ച മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ആശങ്കയില്‍. കൊറോണ ബാധിച്ച ജില്ലകളില്‍ നിന്നടക്കമുള്ള വിദ്യാര്‍ഥികള്‍ ഹോസ്റ്റലില്‍ തിരിച്ചെത്തുമ്പോഴുള്ള വൈറസ് ബാധ സാധ്യതയാണ് വിദ്യാര്‍ഥികളില്‍ ആശങ്കയുണ്ടാക്കുന്നത്.
സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പഠിക്കുന്ന ആരോഗ്യ വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കിയെങ്കിലും പിന്നാലെ പിന്‍വലിക്കുകയായിരുന്നു. ഇതിനകം വിദ്യാര്‍ഥികള്‍ നാട്ടിലെത്തുകയും ചെയ്തു. പലര്‍ക്കും പനി അടക്കമുള്ള ലക്ഷണങ്ങളുണ്ട്. എന്നാല്‍ ഇവരെല്ലാം തിരിച്ചെത്തണമെന്ന നിര്‍ബന്ധത്തിലാണ് കോളജ് അധികൃതര്‍. പക്ഷെ, ആവശ്യത്തിന് മുന്‍കരുതലോ സുരക്ഷാ ഉപകരണങ്ങളോ ഏര്‍പ്പാടാക്കിയിട്ടില്ല.
തിരിച്ചെത്തിയില്ലെങ്കില്‍ ഇന്റേണല്‍ പരീക്ഷയും പ്രാക്ടിക്കല്‍ പരീക്ഷയും പിന്നീട് എഴുതാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് കോളജ് അധികൃതരെന്ന് ഒരു വിദ്യാര്‍ഥി പറഞ്ഞു. ആരോഗ്യമന്ത്രിക്ക് അടക്കം ഇതുസംബന്ധിച്ച സന്ദേശം കൈമാറിയെങ്കിലും മറുപടിയൊന്നുമില്ലെന്നും വിദ്യാര്‍ഥി പരാതിപ്പെട്ടു.
മാര്‍ച്ച് 10 നാണ് സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചത്. അടിയന്തര പ്രധാന്യത്തോടെ അവധി നല്‍കിയപ്പോള്‍ വിദ്യാര്‍ഥികള്‍ ഉടനെ വീട്ടിലേക്ക് പോവുകയും ചെയ്തു. എന്നാല്‍ പിറ്റേന്ന് രാത്രിയോടെ ആരോഗ്യ വിദ്യാര്‍ഥികള്‍ക്ക് അവധിയില്ലെന്ന് പുതിയ സര്‍ക്കുലര്‍ ഇറക്കി. ഇതിനിടെ പത്തനംതിട്ട, കോട്ടയം, എറണാകുളം അടക്കമുള്ള ജില്ലകളിലെ വിദ്യാര്‍ഥികള്‍ ഇരുഭാഗത്തേക്കും സഞ്ചരിച്ചു.
വൈറസ് ബാധ സാധ്യതയുള്ള ജില്ലകളില്‍ നിന്ന് തിരിച്ചെത്തുന്ന വിദ്യാര്‍ഥികളെ നിരീക്ഷിക്കാനോ മറ്റു സുരക്ഷാ സംവിധാനമൊരുക്കാനോ കോളജ് അധികൃതര്‍ തയ്യാറായിട്ടുമില്ല. സുരക്ഷാ ഉപകരണങ്ങള്‍ സ്വയം സംഘടിപ്പിക്കണമെന്നാണ് അധികൃതര്‍ പറയുന്നതെന്ന് വിദ്യാര്‍ഥികള്‍ പരാതിപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."