ഒടുവില്‍ സൗത്ത് ബീച്ചിലെ ലോറി പാര്‍ക്കിങ്ങിന് 'പൊലിസ് പൂട്ട്'
കോഴിക്കോട്: സൗത്ത് ബീച്ചിലെ സീക്യൂന്‍ ഹോട്ടല്‍ മുതല്‍ വലിയങ്ങാടി ജങ്ഷനിലെ പഴയ കസ്റ്റംസ് ഗോഡൗണ്‍ വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും ലോറി പാര്‍ക്കിങ്ങിന് നിരോധനം. ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന ലോറികള്‍ ഇന്നലെ മാറ്റി. സിറ്റി പൊലിസ് കമ്മിഷണര്‍ കെ.സഞ്ജയ്കുമാര്‍ ഗുരുദിന്റെ നിര്‍ദേശ പ്രകാരം സിറ്റി ട്രാഫിക് പൊലിസും ടൗണ്‍ പൊലിസും ചേര്‍ന്നാണ് ലോറികള്‍ മാറ്റുന്നതിന് നടപടി സ്വീകരിച്ചത്. ലോറികള്‍ മാറ്റിയ ശേഷം ഇരുവശത്തും ഡിവൈഡറുകളും സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സൗത്ത് ബീച്ച് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഒപ്പു ശേഖരണം നടത്തി കമ്മിഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കമ്മിഷണര്‍ നേരിട്ടെത്തി സ്ഥിതി വിലയിരുത്തുകയും ഒരാഴ്ചക്കകം നടപടി സ്വീകരിക്കാന്‍ ട്രാഫിക് പൊലിസിന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ലോറികള്‍ മാറ്റാന്‍ നടപടിയെടുത്ത കമ്മിഷണറുടെ നടപടിയെ തെക്കേപുറം വോയ്സ്, സൗത്ത് ബീച്ച് സംരക്ഷണ സമിതി എന്നിവര്‍ സ്വാഗതം ചെയ്തു. ലോറി സ്റ്റാന്‍ഡിന് ആവശ്യമായ സ്ഥലം കണ്ടെത്താനുള്ള നടപടി സ്വീകരിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
ഇതു സംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ട് മേയര്‍, എം.എല്‍.എ, എം.പി, ജില്ലാ കലക്ടര്‍, സിറ്റി പൊലിസ് കമ്മിഷണര്‍ എന്നിവര്‍ക്ക് സൗത്ത് ബീച്ച് സംരക്ഷണ സമിതി ഇന്നലെ നിവേദനം നല്‍കിയിരുന്നു. അതേസമയം സ്വീക്യൂന് മുതല്‍ മുഹമ്മദലി കടപ്പുറം വരെ നിരോധനം സാധ്യമാക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ രംഗത്തു വന്നിട്ടുണ്ട്. വലിയങ്ങാടി ജങ്ഷന് മുതല്‍ മുഹമ്മദലി കടപ്പുറം വരെയാണ് ലോറികള്‍ കൂടുതലായി നിര്‍ത്തിയിടുന്നതെന്നും ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കണമെന്നും തെക്കേപുറം വോയ്സ് പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."