പശുസംരക്ഷണത്തിന് വേണ്ടി എല്ലാം ചെയ്യുന്നവര്‍ മനുഷ്യര്‍ക്കുവേണ്ടി എന്താണ് ചെയ്യുന്നത്?.: കേന്ദ്രസര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് കപില്‍ സിബല്‍
ന്യൂഡല്‍ഹി: ഡല്‍ഹി വംശഹത്യയില്‍ കേന്ദ്രസര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് കോണ്‍ഗ്രസ് എം.പി കപില്‍ സിബല്‍. ലോകത്ത് ഇന്ന് രണ്ടുതരം വൈറസാണുള്ളത്.കൊറോണ വൈറസും വര്‍ഗീയ വൈറസും. വര്‍ഗീയ വൈറസ് പരത്തുന്നത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാം എന്നാല്‍ ഡല്‍ഹി പൊലിസിന് ഇതുസംബന്ധിച്ച് ഒന്നുമറിയില്ലെന്ന് കപില്‍ സിബല്‍ പറഞ്ഞു.
പശുസംരക്ഷണത്തിന് വേണ്ടി എല്ലാം ചെയ്യുന്നുണ്ട് എന്നാല്‍ മനുഷ്യര്‍ക്ക് വേണ്ടി കേന്ദ്രസര്‍ക്കാര്‍ എന്താണ് ചെയ്യുന്നത്, മനുഷ്യരുടെ സംരക്ഷണത്തിന് വേണ്ടി പുതിയ ആര്‍ട്ടിക്കിള്‍ കൊണ്ടുവരണമോ എന്ന് അദ്ദേഹം ചോദിച്ചു. നിരവധി ബിജെപി നേതാക്കള്‍ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തി. അത് നിയമവിരുദ്ധമാണെന്നറിഞ്ഞിട്ടും അവര്‍ക്കെതിരെ ഒരു എഫ്.ഐ.ആര്‍ പോലും രജിസ്റ്റര്‍ ചെയ്തില്ല.
ഡോണള്‍ഡ് ട്രംപ് ഇന്ത്യയില്‍ എത്തിയപ്പോഴുള്ള ആഘോഷങ്ങള്‍ എപ്രകാരം ആസൂത്രണം ചെയ്ത് തീരുമാനിച്ചതാണോ, അതേപോലെ ആസൂത്രിതമാണ് വംശഹത്യയും എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'ഉമര്‍ അബ്ദുല്ല, മെഹ്ബൂബ മുഫ്തി തുടങ്ങിയവര്‍ എല്ലാം അറസ്റ്റിലാണ്. അവരുടെ പ്രസ്താവന പ്രശ്‌നങ്ങള്‍ക്ക് വഴി വയ്ക്കും എന്നതു കൊണ്ടാണ് അവരെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ വംശഹത്യക്ക് കാരണമായ പ്രസ്താവന നടത്തിയവര്‍ ഇപ്പോഴും സ്വതന്ത്രരാണ്. അവരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ഇരുന്ന കസേരയിലാണ് അമിത് ഷാ ഇപ്പോള്‍ ഇരിക്കുന്നതെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."