ഭരണസമിതി-സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ ഒരേസമയം; ജില്ലാ പഞ്ചായത്ത് യോഗത്തില്‍ പ്രതിപക്ഷ പ്രതിഷേധം
കാസര്‍കോട്: ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗം നടക്കുന്ന സമയത്ത് തന്നെ സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗങ്ങളും വിളിച്ചു ചേര്‍ത്തതില്‍ ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ പ്രതിപക്ഷ പ്രതിഷേധം. ഇന്നലെ ഭരണസമിതി യോഗം തുടങ്ങിയയുടനെ രണ്ട് സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗങ്ങള്‍ നടക്കുന്നതു കൊണ്ടാണ് ഭരണസമിതി യോഗം തുടങ്ങാന്‍ വൈകിയതെന്ന് പ്രസിഡന്റ് എ.ജി.സി ബഷീര്‍ അറിയിച്ചു. ഇതോടെയാണ് പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധവുമായി എഴുന്നേറ്റത്. ജില്ലാ പഞ്ചായത്ത് യോഗം നടക്കുന്ന സമയത്ത് തന്നെ സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗങ്ങള്‍ നടത്തുന്നതിനെ സി.പി.എം-ബി.ജെ.പി അംഗങ്ങള്‍ എതിര്‍ത്തു. ജില്ലാ പഞ്ചായത്ത് യോഗം നടക്കുന്ന സമയത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗങ്ങള്‍ വിളിക്കുന്നത് മോശം പ്രവണതയാണെന്നും അന്നന്നുനടക്കുന്ന ജില്ലാ പഞ്ചായത്ത് യോഗങ്ങളില്‍ വെക്കേണ്ട അജന്‍ഡകള്‍ ഉള്ളതിനാലാണ് ഇങ്ങനെ യോഗം ചേരുന്നതെന്നും ഇങ്ങനെ മുന്നോട്ടു പോകാന്‍ കഴിയില്ലെന്നും സി.പി.എമ്മിലെ ഇ. പത്മാവതി പറഞ്ഞു. ഒറ്റ അജന്‍ഡ മാത്രം ഉള്ളതിനാലും ഇന്നത്തെ ബോര്‍ഡില്‍ തന്നെ വെക്കേണ്ടതിനാലുമാണ് അടിയന്തിരമായി ധനകാര്യ, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ ചേര്‍ന്നതെന്നും ഇതില്‍ അപാകതയില്ലെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ മറുപടി നല്‍കിയെങ്കിലും പ്രതിപക്ഷ പ്രതിഷേധം തണുത്തില്ല.
ദൗര്‍ഭാഗ്യകരമായ സംഭവമാണ് ജില്ലാ പഞ്ചായത്തില്‍ നടക്കുന്നതെന്നും ജില്ലാ പഞ്ചായത്ത് യോഗവും സ്റ്റാന്‍ഡിങ് കമ്മിറ്റികളും ഒരേ സമയം ചേരുന്നത് തോന്ന്യാസമാണെന്നും ഇത് ജില്ലാ പഞ്ചായത്തിന് അവമതിപ്പ് ഉണ്ടാക്കുന്നതായും സി.പി.എമ്മിലെ ജോസ് പതാലില്‍ പറഞ്ഞു. ഭരണസമിതി യോഗങ്ങളെ പ്രസിഡന്റ് നിസാരമായി കാണുന്നുവെന്നായിരുന്നു ബി.ജെ.പിയിലെ അഡ്വ. കെ. ശ്രീകാന്തിന്റെ വാദം. സ്റ്റാന്റിങ് കമ്മിറ്റിയോഗങ്ങള്‍ അറിയിക്കുന്നത് മൊബൈല്‍ സന്ദേശമായി മാത്രമാണെന്നും ഫോണ്‍ വിളിച്ച് പറയുന്നില്ലെന്നും ശ്രീകാന്ത് പരാതിപ്പെട്ടു.
പട്ടികവര്‍ഗ കോളനികളിലെ കുടിവെള്ള പദ്ധതികള്‍ക്കായി 1.45 ലക്ഷം രൂപയുടെ പദ്ധതിയ്ക്ക് സര്‍ക്കാരിന്റെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. അതിന് ഈ ഭരണസമിതി യോഗത്തില്‍ അംഗീകാരം നല്‍കിയാല്‍ നടപടികള്‍ വേഗത്തിലാവും. അതിനാണ് ഇന്നുതന്നെ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗം ചേര്‍ന്നതെന്നും ഇതേ അവസ്ഥയാണ് ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റിയുടെതെന്നും പ്രസിഡന്റ് എ.ജി.സി ബഷീര്‍ പറഞ്ഞു. ഇനി മുതല്‍ കൂടുതല്‍ കൂടുതല്‍ അജന്‍ഡകള്‍ വെച്ചുള്ള സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗങ്ങള്‍ ഭരണസമിതിയോഗത്തിനു വളരെ നേരത്തെ നടത്തുമെന്നും ഒറ്റ അജന്‍ഡ മാത്രമുള്ളവ പ്രാധാന്യം നോക്കി ഭരണസമിതി യോഗത്തിന്റെ അന്ന് നടത്താമെന്നും പ്രസിഡന്റ് അറിയിച്ചതോടെയാണ് അരമണിക്കൂറോളം നീണ്ട വാദപ്രതിവാദങ്ങള്‍ക്ക് അവസാനമായത്. സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗങ്ങള്‍ കൃത്യമായി അംഗങ്ങളെ അറിയിക്കാന്‍ നടപടി സ്വീകരിക്കാമെന്നും പ്രസിഡന്റ് യോഗത്തെ അറിയിച്ചു. അഡ്വ. ശാന്തമ്മാ ഫിലിപ്പ്, പുഷ്പ അമേക്കള, എം. നാരായണന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."