കാടിനെ തൊട്ടറിഞ്ഞു; കടുവയെ കേട്ടറിഞ്ഞു, പ്രകൃതി പഠനം അന്ധ വിദ്യാര്‍ഥികള്‍ക്ക് നവ്യാനുഭവമായി
ശ്രീകൃഷ്ണപുരം: കോട്ടപ്പുറം ഹെലന്‍ കെല്ലര്‍ അന്ധവിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ രണ്ട് ദിവസത്തെ പ്രകൃതി പഠനക്യാമ്പില്‍ പങ്കെടുക്കാനായി പറമ്പിക്കുളം കടുവാ സങ്കേതത്തില്‍ എത്തി. കാട്ടിലൂടെ നടക്കാനും ചങ്ങാടത്തില്‍ കയറാനും ഏഷ്യയിലെ ഏറ്റവും വലിയ തേക്ക്മരം തൊട്ടറിയാനുമൊക്ക ആദ്യദിനം തന്നെ സാധിച്ചതിന്റെ സന്തോഷത്തിലാണ് വിദ്യാര്‍ഥികള്‍. കാഴ്ചക്കുറവുള്ള കുട്ടികളില്‍ കാടുമായി ബന്ധപ്പെട്ട ആശയങ്ങളും ധാരണകളും വ്യക്തമായി എത്തിക്കാന്‍ നേരിട്ടുള്ള അനുഭവങ്ങള്‍ നല്‍കിയാലേ സാധ്യമാവുകയുള്ളുവെന്നും സാധാരണ കുട്ടികളെപോലെ ചിത്രങ്ങള്‍, വീഡിയോ എന്നിവയുടെ ഉപയോഗം കാഴ്ചയില്ലാത്ത കുട്ടികളില്‍ സാധ്യമല്ല എന്നും അധ്യാപകര്‍ പറഞ്ഞു.
നിത്യ ജീവിതത്തില്‍ ഒരുപാട്തവണ കേള്‍ക്കുന്ന പല വാക്കുകളുടെയും അര്‍ഥം അനുഭവത്തിലൂടെ ഉള്‍ക്കൊള്ളാനുള്ള അവസരമാണ് കുട്ടികള്‍ക്ക് വേണ്ടി ഒരുക്കിയത്. പറമ്പിക്കുളം ടൈഗര്‍ റിസര്‍വ്വ് ഡെപ്യൂട്ടി ഡയരക്ടര്‍ പി.വി.മധുസൂധനന്‍, വൈല്‍ഡ് ലൈഫ് അസിസ്റ്റന്റ് സവ്യ.എസ് എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികള്‍ക്ക് എല്ലാ സൗകര്യങ്ങളും സൗജന്യമായി ഒരുക്കിയത്. കലക്ടറുടെ നിര്‍ദ്ദേശപ്രകാരം ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലാണ് സൗജന്യ നിരക്കില്‍ വാഹനസൗകര്യം നല്‍കിയത്. സ്‌കൂളില്‍ നിന്നും ആകെ അറുപതുപേരുടെ സംഘമാണ് ക്യാംപില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ മൂന്നാം തവണയാണ് അന്ധവിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി പറമ്പിക്കുളത്ത് പ്രത്യേക ക്യാംപ് ഒരുക്കുന്നത്. വ്യാഴാഴ്ച ക്യാംപ് അവസാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."