മലമ്പുഴയിലെ 'യക്ഷി' ശില്‍പത്തിന് ശില്‍പിയുടെ കരവിരുതില്‍ പുനര്‍ജന്മം
മലമ്പുഴ: കേരളത്തിന്റെ വൃന്ദാവനവും ഉദ്യാനറാണിയുമായ മലമ്പുഴയിലെ ഉദ്യാനത്തിനകത്ത് ഒരു കാലഘട്ടം മുഴുവനും സന്ദര്‍ശകരുടെ മനം കവര്‍ന്ന യക്ഷിപ്രതിമയ്ക്ക് പുതുനൂറ്റാണ്ടില്‍ പുനര്‍ജന്മം നല്‍കുകയാണ്. ശില്‍പ്പത്തിന്റെ ശില്‍പിയായ കാനായി കുഞ്ഞിരാമനാണ് യക്ഷിപ്രതിമയില്‍ പുതിയ ഭാവം നല്‍കാനെത്തിയിരിക്കുന്നത്. അരനൂറ്റാണ്ടിലേറെ ഉദ്യാനത്തിലെത്തുന്നവര്‍ക്കുമാത്രമല്ല മലയാളികളുടേയും മറുനാട്ടുകാരുടെയും മനംകവര്‍ന്ന ഭക്ഷിയെന്ന മാദകശില്‍പത്തിന് കാലമേറെകഴിഞ്ഞെങ്കിലും ഭംഗം വന്നിട്ടില്ല. യക്ഷിനിര്‍മാണത്തെപ്പറ്റി കഥകളേറെയുണ്ടെങ്കിലും കാനായിയുടെ ശില്‍പത്തിനു മുമ്പില്‍ അതൊക്കെ കാണാമറയത്താണ്.
1950 കാലഘട്ടത്തില്‍ പാറക്കെട്ടുകളും കൊടുംകാടും മലയും പുഴയും മാത്രമായിരുന്ന പ്രദേശത്താണ് പിന്നീട് മലമ്പുഴ അണക്കെട്ട് നിര്‍മിച്ചത്. ബ്രിട്ടീഷുകാരുടെ കാലത്ത് വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്താലാണ് കരിങ്കല്ലുകളാല്‍ പ്രസിദ്ധമായ അണക്കെട്ട് നിര്‍മിക്കുന്നത്. അക്കാലത്ത് ജീവനക്കാരുടെ സുരക്ഷയ്ക്കും ഭയാനകമായ ചിന്തകള്‍ക്കും വിരാമമിടുന്നതിനായാണ് ഇന്നത്തെ ഉദ്ദ്യാനത്തിനകത്ത് കൂറ്റന്‍ യക്ഷിപ്രതിമ തീര്‍ത്തത്. യക്ഷികഥകളിലേയും മനുഷ്യ സങ്കല്‍പങ്ങളിലേയും യക്ഷിയ്ക്ക് വെളുത്ത നിറമാണെന്ന വിദേശികളുടേയും വിമര്‍ശകരുടെയും പരിവര്‍ത്തനങ്ങള്‍ക്ക് തന്റെ മനസ്സിലെ യക്ഷിരൂപം ഇത് ഇങ്ങനെയാണെന്ന് അക്കാലത്ത് കാനായി തുറന്നടിച്ചു.
എന്നാല്‍ കാലമേറെ കഴിഞ്ഞ ഉദ്ദ്യാനറാണിയ്ക്ക് അറുപതു വയസ്സു പിന്നിട്ടിട്ടും കാലത്തിന്റെ നെറുകയില്‍ പകരം വെയ്ക്കാനാവാത്ത ശില്‍പമായി മലമ്പുഴ ഉദ്യാനത്തിലെ യക്ഷി നിലക്കൊള്ളുകയാണ്. ഇടക്കാലത്ത് ഉദ്ദ്യാനത്തിനകത്ത് ഒരു യക്ഷി നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും എല്ലാം കരിമ്പനക്കാറ്റില്‍ പറന്നു. അരനൂറ്റാണ്ടു പഴക്കമുള്ള യക്ഷി ശില്‍പത്തിന്റെ സിമന്റ് മിശ്രിതം അടര്‍ന്ന് പോയഭാഗത്ത് പ്ലാസ്റ്ററിംഗ് നടത്തിയും മറ്റുമാണ് മുഖഛായ മിനുക്കുന്നത്. മുഖം മിനുക്കുന്ന പ്രവര്‍ത്തികള്‍ ഫെബ്രുവരി ആദ്യവാരത്തോടെ തീരുമെന്നാണ് കരുതുന്നത്.
ഉദ്യാനറാണിയില്‍ ഓരോ വര്‍ഷവും സന്ദര്‍ശകരുടെ മനം കവരുന്നതിനായും നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായും നിരവധി ദൃശ്യവിഷയങ്ങള്‍ ഒരുക്കുന്നുണ്ടെങ്കിലും മലമ്പുഴ ഉദ്യോനത്തെ യക്ഷിശില്‍പത്തോളം മറ്റൊന്നും വരില്ലെന്നത് പകല്‍പ്പോലെ സത്യമാണ്. ഉദ്യാനത്തിലേയ്ക്ക് പ്രവേശിക്കുന്നിടത്ത് പുറകിലേയ്ക്ക് കൈകള്‍കെട്ടി തലയുയര്‍ത്തി മാദകതിടമ്പോടെയെന്നമട്ടില്‍ നില്‍ക്കുന്ന യക്ഷിശില്‍പത്തെ പകരം വക്കാന്‍ മറ്റൊരു ശില്‍പത്തിനും കഴിയില്ലെന്നത് കാലം മായ്ക്കാത്ത സത്യമാണ്.
അതിനിനി മലമ്പുഴഉദ്യാനത്തിലൊരു യക്ഷിവന്നാലും മറ്റൊരു വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ എത്രതന്നെ യക്ഷിശില്‍പങ്ങള്‍ ഉടലെടുത്താലും മലമ്പുഴയക്ഷിയോളം വരില്ല. തിരുവനന്തപുരത്തെ കുമാരനാശാന്റെ പ്രതിമനിര്‍മ്മിക്കുന്നതിനിടെയാണ് ശില്‍പിയായ കാനായികുഞ്ഞിരാമന്‍ മലമ്പുഴയില്‍ എത്തിയിരിക്കുന്നത്. കാനായിക്കൊപ്പം ഭാര്യ നളിനിയും രണ്ടു സഹപ്രവര്‍ത്തകരും കൂടെയുണ്ട്. അറുപത്തിന്റെ നിറവിലും അഴകിന്റെ മനോഹാരിത വിടര്‍ത്തുന്ന ഉദ്യാനറാണിയിലെ യക്ഷിശില്‍പത്തിന് പത്തരമാറ്റിന്റെ തിളക്കമാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."